തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ്, തദ്ദേശ തിരഞ്ഞെടുപ്പുകളെ കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന സർവ്വകക്ഷിയോഗത്തിൽ കേരളാ കോൺഗ്രസിനെ പ്രതിനിധീകരിച്ചു പങ്കെടുത്തത് ജോസ് കെ മാണി. പി ജെ ജോസഫിനെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല. ഇതോടെ ജോസ് കെ മാണി നേതൃത്വം നൽകുന്ന വിഭാഗം കേരളാ കോൺഗ്രസ് ഔദ്യോഗിക വിഭാഗമായി അംഗീകരിക്കപ്പെട്ടതിന്റെ തെളിവായി വിലയിരുത്തപ്പെടുന്നു.

അതേസമയം കേരളാ കോൺഗ്രസ് എമ്മിനെ പ്രതിനിധീകരിച്ച് ജോസ് കെ. മാണിയെ ക്ഷണിച്ചത് നിയമാനുസൃതമായാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി. കേരള കോൺഗ്രസിൽ ചില തർക്കങ്ങൾ നിലവിലുണ്ട്. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടിയുടെ ചിഹ്നവും പേരും ജോസ് കെ മാണിക്ക് നൽകി വിധി പറഞ്ഞിട്ടുണ്ട്. അത് പ്രകാരമായിരുന്നു നടപടിയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. സർവ കക്ഷിയോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ജോസ് കെ മാണി നേതൃത്വം നൽകുന്ന പാർട്ടിയാണ് കേരള കോൺഗ്രസ് എം ഇപ്പോഴെന്നും മുഖ്യമന്ത്രി ചുണ്ടിക്കാട്ടി. കേരള കോൺഗ്രസ് എം ആരെന്ന് തീരുമാനക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണ്. അതിൽ അവർ തീരുമാനം വ്യക്തമാക്കിക്കഴിഞ്ഞു. ഇപ്പോൾ ജോസിന് അനുകൂലമാണ് തീരുമാനം. ഇതിന് മുൻപ് പിജെ ജോസഫിനെയാണ് വിളിച്ചതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം, കുട്ടനാട്, ചവറ ഉപതെരെഞ്ഞെടുപ്പുകൾ ഉപേക്ഷിക്കണമെന്ന പൊതുനിലപാടിനോട് യോജിക്കുന്നു എന്നായിരുന്നു സർവ്വകക്ഷി യോഗത്തിൽ കേരളാ കോൺഗ്രസ്സ് (എം) പാർട്ടിയെ പ്രതിനിധീകരിച്ച ജോസ് കെ.മാണി എംപി അഭിപ്രായപ്പെട്ടത്. തദ്ദേശസ്വയംഭരണ തെരെഞ്ഞെടുപ്പ് അനന്തമായി നീട്ടരുതെന്നും കോവിഡിന്റെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് തീയതികൾ പുനക്രമീകരിക്കണമെന്നും ജോസ് കെ മാണി നിലപാട് എടുത്തിരുന്നു.

അതേ സമയം ജോസ് കെ മാണി സർവകക്ഷി യോഗത്തിൽ പങ്കെടുത്തത് കോടതിയലക്ഷ്യമെന്ന് പിജെ ജോസഫ് പ്രതികരിച്ചു. കോടതി വിധി അനുസരിച്ച് ജോസ് കെ മാണിക്ക് ചെയർമാൻ എന്ന നിലയിൽ പ്രവർത്തിക്കാനാവില്ലെന്നും ജോസിന്റെ നടപടികളെക്കുറിച്ചും നിയമവിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ചും കോടതിയെ അറിയിക്കുമെന്നും ജോസഫ് പ്രതികരിച്ചു. സർവകക്ഷി യോഗത്തിൽ ജോസിനെ വിളിച്ചത് രാഷ്ട്രീയ നേട്ടമല്ലെന്നും രാഷ്ടീയ പരാജയമെന്ന് ഉടൻ വ്യക്തമാകുമെന്നും പിജെ ജോസഫ് കൂട്ടിച്ചേർത്തു.

അച്ചടക്ക നടപടിയുടെ പേരിൽ നിലവിൽ യുഡിഎഫിന് പുറത്താണ് ജോസ് കെ മാണി വിഭാഗം. ജോസ് വിഭാഗം എൽഡിഎഫിനോട് ചേർന്ന് നിന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. യുഡിഎഫ് വിട്ട ജോസ് കെ മാണി വിഭാഗം തങ്ങൾക്കൊപ്പം എത്തിയാൽ ഇടതുപക്ഷത്തിന് കൂടുതൽ ഗുണകരമാകുമെന്ന് സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വി എൻ വാസവൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. ജോസഫ് വിഭാഗത്തേക്കാൾ ജോസ് കെ മാണി പക്ഷത്തിന് ജില്ലയിൽ സ്വാധീനമുണ്ടെന്നും സിപിഎം കണക്കാക്കുന്നു. തദ്ദേശ ഭരണ തെരഞ്ഞടുപ്പ് അടുത്തതോടെ എൽഡിഎഫിന് അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ജോസ് കെ മാണി കൂടി എത്തിയാൽ അത് കൂടുതൽ ഗുണം ചെയ്യും. ജോസ് കെ മാണി വിഭാഗത്തിന് കോട്ടയം ജില്ലയിൽ കാര്യമായ ശക്തിയുണ്ടെന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ.

ജോസ് കെ മാണി വിഭാഗത്തിന് കേരളത്തിലെ പല നിയമസഭാ മണ്ഡലങ്ങളിലും നിർണായക ശക്തിയാകാൻ കഴിയുമെന്നും സിപിഎം കണക്കുകൂട്ടുന്നു. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായാൽ ഉടൻ തന്നെ സീറ്റു ചർച്ചകൾ തുടങ്ങാൻ എൽഡിഎഫ് തയ്യാറെടുത്തിട്ടുണ്ട്. അതേ സമയം ജോസ് വിഭാഗം ഇല്ലാതായത് യുഡിഎഫിനെ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് കോട്ടയത്തെ കോൺഗ്രസ് നേതൃത്വം പറയുന്നത്. കെ എം മാണി വികാരം പറഞ്ഞ് അണികളെ തങ്ങൾക്കൊപ്പം നിർത്താനാണ് ഇരു മുന്നണികളുടെയും ശ്രമിക്കുന്നത്. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിനുള്ള പ്രാഥമിക സീറ്റു ചർച്ചകൾ യുഡിഎഫിൽ തുടങ്ങിയിട്ടുണ്ട്.