ന്യൂഡൽഹി: പാലാ നിയമസഭാ സീറ്റ് ഉറപ്പിച്ചതോടെ ജോസ് കെ മാണി രാജ്യസഭ അംഗത്വം രാജിവെച്ചു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് അദ്ദേഹം രാജിക്കത്ത് സമർപ്പിച്ചു. യുഡിഎഫിന്റെ ഭാഗമായിരുന്നപ്പോൾ ലഭിച്ച എംപി സ്ഥാനം ജോസ്.കെ മാണി രാജിവെക്കാത്തതിനെതിരെ കോൺഗ്രസ് വലിയ വിമർശനം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജോസ് കെ മാണി രാജിവെച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിൽ മത്സരിക്കുന്നതിന് മുന്നോടിയെന്ന നിലയിൽ കൂടിയാണ് ജോസിന്റെ രാജിയെന്നാണ് പുറത്തുവരുന്ന സൂചനകൾ. ജോസ് കെ.മാണി രാജിവച്ച ഒഴിവിൽ വരുന്ന രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് തന്നെ ലഭിക്കുമെന്നും സൂചനകളുണ്ട്. ഗുജറാത്തിലെ രാജ്യസഭാ ഉപതിരഞ്ഞെടുപ്പുകൾക്ക് ഒപ്പം തിരഞ്ഞെടുപ്പ് വരുമെന്നാണ് ഇടതു മുന്നണിയുടെ കണക്കു കൂട്ടൽ.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും ഹൈക്കോടതിയിൽ നിന്നും അനുകൂല നടപടികൾ ഉണ്ടായതോടെയാണ് രാജ്യസഭാ എംപി സ്ഥാനം ജോസ് കെ മാണി രാജിവെക്കുന്നത്. കേരള കോൺഗ്രസിന് തന്നെ തിരികെ ലഭിക്കുന്ന രാജ്യസഭാ സീറ്റിൽ ആര് മത്സരിക്കണമെന്ന കാര്യം പീന്നീട് തീരുമാനിക്കും. മുതിർന്ന നേതാക്കളായ സ്റ്റിഫൻ ജോർജ്, പികെ സജീവ്, പിടി ജോസ് എന്നിവരുടെ പേരുകൾക്കാണ് മുൻഗണന.

അതേസമയം പാലാ സീറ്റിനെ ചൊല്ലി എൻസിപി മുന്നണി വിടുന്നെങ്കിൽ തടയേണ്ടെന്ന് സിപിഎമ്മിന്റെ തീരുമാനം. എൽഡിഎഫിലിരിക്കെ, യുഡിഎഫുമായി എൻസിപി പിൻവാതിൽ ചർച്ചകൾ നടത്തിയതാണ് സിപിഎമ്മിനെ ചൊടിപ്പിക്കുന്നത്. സിപിഐ നിലപാടും ശരദ്പവാർ നടത്തുന്ന നീക്കങ്ങളുമാകും എൻസിപി എൽഡിഎഫ് ബന്ധത്തിൽ ഇനി നിർണായകമാവുക.എൻസിപി മുന്നണി വിട്ടാൽ പാലാ സീറ്റ് ജോസ് വിഭാഗത്തിന് ലഭിക്കും.

കുട്ടനാടും എലത്തൂരും സിപിഎം ഏറ്റെടുക്കുകയും ചെയ്യും. എകെ ശശീന്ദ്രൻ ഇടതുമുന്നണിക്കൊപ്പമാണെങ്കിലും എലത്തൂർ നൽകുന്ന കാര്യത്തിൽ ഉറപ്പില്ല. സിപിഎം ശക്തികേന്ദ്രത്തിൽ പ്രാദേശിക ഘടകങ്ങളുടെ വികാരവും സംസ്ഥാനനേതൃത്വം മുഖവിലക്കെടുക്കുന്നുണ്ട്. സിറ്റിങ് സീറ്റുകൾ ഉറപ്പിക്കാൻ ശരദ്പവാർ നേരിട്ട് സിപിഎം നേതൃത്വവുമായി ചർച്ച നടത്താനും സാദ്ധ്യതയുണ്ട്.ആദ്യം മയത്തിൽ കാര്യങ്ങൾ പറഞ്ഞ് തുടങ്ങിയ എൻസിപി മുംബയിൽ നടന്ന ചർച്ചകൾക്ക് ശേഷം പ്രതികരണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്.

തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച വിജയത്തിൽ ജോസ് വിഭാഗത്ത പ്രകീർത്തിച്ച സിപിഎം, പാലാ സീറ്റ് എന്ന അടിസ്ഥാന ആവശ്യത്തിൽ ജോസിനെ പിണക്കില്ല എന്ന സൂചനയും നൽകി. പാലാ സീറ്റിലെ തർക്കത്തിനിടയിൽ എൻസിപി യുഡിഎഫുമായി അനൗപചാരികമായ ചർച്ച നടത്തിയതാണ് സിപിഎം - എൻസിപി ബന്ധത്തിലെ പ്രധാന വിള്ളൽ. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം സംബന്ധിച്ച ടിപി പീതാംബരന്റെ വിവാദ പ്രസ്താവനയും അതിനുള്ള സിപിഎം മറുപടിയും കൂടി വന്നതോടെ ഇരുപാർട്ടികളും തമ്മിലുള്ള അകൽച്ച വർദ്ധിച്ചിരിക്കുകയാണ്.

അതേസമയം മുന്നണിമാറ്റം കൊണ്ട് ഗുണമുണ്ടായില്ലെന്ന് കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് അകത്തുണ്ട്. അതേസമയം 15 സീറ്റുകളെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണിക്ക് ഇടതു മുന്നണി നൽകുമെന്നാണ് വിലയിരുത്തൽ. നിയമസഭാ തിരഞ്ഞടുപ്പിൽ പിറവം, പെരുമ്പാവൂർ മണ്ഡലങ്ങൾ മുന്നിൽക്കണ്ടാണ് ജോസ് വിഭാഗം നീങ്ങുന്നത്.