തിരുവനന്തപുരം: കോൺഗ്രസ് വിട്ട് താൻ കേരള കോൺഗ്രസിലേക്ക് പോകുന്നെന്ന വാർത്തയ്‌ക്കെതിരെ ജോസഫ് വാഴയ്ക്കൻ രംഗത്ത്. കേരള കോൺഗ്രസിലേക്ക് പോകുന്നുവെന്ന് ഒരു മാധ്യമത്തിൽ വാർത്ത വന്നതിനു പിന്നാലെയാണ് ഫേസ്‌ബുക്ക് കുറിപ്പിലൂടെ വാഴയ്ക്കന്റെ പ്രതികരണം.

'അഞ്ചു പതിറ്റാണ്ടോളമായി ഞാൻ പ്രവർത്തിക്കുന്നത് കോൺഗ്രസ് എന്ന പ്രസ്ഥാനത്തിൽ ആണ്. നാളിത് വരെ ഒറ്റ കൊടിയേ ഞാൻ പിടിച്ചിട്ടുള്ളൂ. സ്വപ്നത്തിൽ പോലും മറ്റൊരു ചിന്ത ഇന്നുവരെ എന്റെ മനസ്സിൽ കടന്ന് വന്നിട്ടില്ല. ഇങ്ങനെ ഒരു വിശദീകരണം എന്നെ അറിയാവുന്നവരുടെ മുന്നിൽ ആവിശ്യമില്ലെങ്കിലും സാമൂഹ്യ മാധ്യമങ്ങൾ വഴി ലോകം മുഴുവൻ കള്ളം പ്രചരിപ്പിക്കുമ്പോൾ ചിലരെങ്കിലും തെറ്റിദ്ധരിക്കപ്പെടുമോ എന്ന ആശങ്കയിൽ മാത്രമാണിത്. കടൽ ഒരിക്കലും കായലിൽ ചേരാറില്ല കായൽ കടലിൽ ആണ് പതിക്കുന്നത്. ജോസ്ഫ് വാഴയ്ക്കൻ പറയുന്നു.

ജോസഫ് വാഴയ്ക്കന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

'അഞ്ചു പതിറ്റാണ്ടോളമായി ഞാൻ പ്രവർത്തിക്കുന്നത് കോൺഗ്രസ് എന്ന പ്രസ്ഥാനത്തിൽ ആണ്. നാളിത് വരെ ഒറ്റ കൊടിയേ ഞാൻ പിടിച്ചിട്ടുള്ളൂ. ഒരു പ്രത്യയശാസ്ത്രം മാത്രമേ എന്നെ നയിച്ചിട്ടുള്ളൂ. സ്വപ്നത്തിൽ പോലും മറ്റൊരു ചിന്ത ഇന്നുവരെ എന്റെ മനസ്സിൽ കടന്ന് വന്നിട്ടില്ല ഇനി അങ്ങോട്ടും അത് തന്നെ ആയിരിക്കും. ഇങ്ങനെ ഒരു വിശദീകരണം എന്നെ അറിയാവുന്നവരുടെ മുന്നിൽ ആവിശ്യമില്ലെങ്കിലും സാമൂഹ്യ മാധ്യമങ്ങൾ വഴി ലോകം മുഴുവൻ കള്ളം പ്രചരിപ്പിക്കുമ്പോൾ ചിലരെങ്കിലും തെറ്റിദ്ധരിക്കപ്പെടുമോ എന്ന ആശങ്കയിൽ മാത്രമാണിത്. ഈ വാർത്ത സൃഷ്ടിച്ചവരുടെയും പ്രചരിപ്പിക്കുന്നവരുടെയും അറിവിലേക്കായിട്ട് ഒരു കാര്യം ഞാൻ വിനയപൂർവ്വം അറിയിക്കട്ടെ കടൽ ഒരിക്കലും കായലിൽ ചേരാറില്ല കായൽ കടലിൽ ആണ് പതിക്കുന്നത്. ഈ കാലഘട്ടത്തിന് അനുയോജ്യമായ വാർത്ത ജോസഫ് വാഴക്കൻ കേരള കോൺഗ്രസിൽ ചേരുന്നു എന്നതിനേക്കാൾ ജോസ് കെ. മാണി സ്വന്തം പാർട്ടിയിൽ നിന്നും പുറത്താകുന്നു എന്ന വാർത്ത ആയിരിക്കും കൂടുതൽ ഉചിതം'- കുറിപ്പിൽ വാഴയ്ക്കൻ പറയുന്നു.