കൊൽക്കത്ത: സ്‌കൂൾ നിയമന കുംഭകോണവുമായി ബന്ധപ്പെട്ടു ബംഗാൾ മന്ത്രി പാർഥ ചാറ്റർജിയുടെ ഒപ്പം അറസ്റ്റിലായ നടി അർപ്പിത മുഖർജിയെ തൃണമൂൽ കോൺഗ്രസ് തള്ളിപ്പറഞ്ഞു. അർപ്പിത മുഖർജി ഏതെങ്കിലും തരത്തിൽ പാർട്ടിയുമായി ബന്ധമുള്ള വ്യക്തിയല്ലെന്നു വക്താവ് കുനാൽ ഘോഷ് അറിയിച്ചു. അതേസമയം സ്വന്തം മന്ത്രിയെയും ഈ വിഷയത്തിൽ സംരക്ഷിക്കില്ലെന്ന നിലപാടിലാണ് മമത ബാനർജി. ഇത്രയും വലിയ ക്രമക്കേടു നടത്തിയ മന്ത്രിയോട് കട്ടക്കലിപ്പിലാണ് മമത.

തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി കൂടിയായ മന്ത്രി പാർഥ ചാറ്റർജിയുടെ കാര്യത്തിലും അകലം പാലിക്കുന്ന സമീപനമാണു പാർട്ടി സ്വീകരിച്ചത്. ഏതെങ്കിലും നേതാവ് തെറ്റു ചെയ്തുവെന്നു ബോധ്യപ്പെട്ടാൽ രാഷ്ട്രീയമായി ഇടപെടില്ലെന്നും പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, മന്ത്രിക്ക് എതിരായ കേസ് സമയബന്ധിതമായി തീർക്കണമെന്ന് ഇഡിയോട് തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടു.

സിബിഐ അന്വേഷിക്കുന്ന ശാരദ ചിട്ടി ഫണ്ട് കേസ് 2014 മുതലും നാരദ ടേപ്പ് കേസ് 2016 മുതലും ഇഴയുകയാണെന്നും പാർട്ടി ചൂണ്ടിക്കാട്ടി. അർപ്പിത മുഖർജിയെ ഒരു ദിവസത്തേക്കു കോടതി റിമാൻഡ് ചെയ്തു. 21 കോടി രൂപയും ലക്ഷങ്ങളുടെ ആഭരണവും സൗത്തുകൊൽക്കത്തയിലെ ആഡംബര ഫ്‌ളാറ്റിൽ നിന്ന് പിടിച്ചെടുത്തതിനു പിന്നാലെയാണ് അർപ്പിതയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തത്.

നോട്ടെണ്ണി തളർന്ന് ഇഡി ഉദ്യോഗസ്ഥർ

പശ്ചിമബംഗാൾ മന്ത്രി പാർഥ ചാറ്റർജിയുടെ സുഹൃത്തും നടിയുമായ അർപ്പിത മുഖർജിയുടെ ഫ്‌ളാറ്റിൽനിന്ന് കണ്ടെടുത്ത പണം എണ്ണിത്തീർക്കാൻ ഉദ്യോഗസ്ഥർ നന്നേ പാടുപെട്ടു. 21.2 കോടി രൂപയും 54 ലക്ഷം രൂപയുടെ വിദേശ കറൻസിയുമാണ് ഫ്‌ളാറ്റിൽനിന്ന് കണ്ടെടുത്തത്. ഇതുകൂടാതെ 79 ലക്ഷം രൂപ മൂല്യമുള്ള സ്വർണാഭരണങ്ങളും ഇഡിയുടെ പ്രാഥമിക പരിശോധനയിൽ കണ്ടെടുത്തു. അർപ്പിതയുടെ ഉടമസ്ഥതയിൽ എട്ട് ഫ്‌ളാറ്റുകളുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

അതേസമയം വെള്ളിയാഴ്ച രാത്രി മുതൽ ബാങ്ക് ഉദ്യോഗസ്ഥരെ ഏർപ്പെടുത്തിയാണ് പണം എണ്ണത്തിട്ടപ്പെടുത്തിയത്. ഈ ജോലി പൂർത്താക്കാനാകാതെ വന്നതോടെ ഇന്നലെ ഉച്ചയ്ക്ക് കൂടുതൽ നോട്ടെണ്ണൽ യന്ത്രങ്ങൾ എത്തിച്ചു. ശനിയാഴ്ച രാത്രി വൈകിയും നോട്ടെണ്ണൽ തുടർന്നു. ഞായറാഴ്ച് പുലർച്ചെയോടയൊണ് വോട്ടെണ്ണൽ അവസാനിച്ചത്. പിടിച്ചെടുത്ത തുക ഉയരുമെന്നും ഇഡി ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. പിടിച്ചെടുത്ത പണം കൊണ്ടുപോകുന്നതിനായി റിസർവ് ബാങ്ക് പ്രത്യേക ട്രക്കും 20 ഇരുമ്പുപെട്ടികളും അർപ്പിതയുടെ വീട്ടിലേക്ക് എത്തിച്ചിരുന്നു.

അർപ്പിതയുടെ ഫ്‌ളാറ്റുകളിൽ റെയ്ഡ് ഇന്നലെയും തുടർന്നു. എട്ട് ഫ്‌ളാറ്റുകൾ ഇവരുടെ ഉടമസ്ഥതയിലുണ്ട്. പശ്ചിമ ബംഗാൾ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തിയ അദ്ധ്യാപക നിയമനത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് 27 മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമാണ് പാർത്ഥ ചാറ്റർജിയെ അറസ്റ്റ് ചെയ്തത്. അർപിതയേയും ഇ ഡി അറസ്റ്റ് ചെയ്തിട്ടുണ്ട്. അഴിമതിയുമായി ബന്ധപ്പെട്ട പണമാണിതെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. പാർത്ഥ ചാറ്റർജിയുടെ സ്റ്റാഫംഗങ്ങളുടെയും ബന്ധുക്കളുടെയും വീടുകളിലും ഇ ഡി റെയ്ഡ് നടത്തിയിരുന്നു.


ഇന്ന് രാവിലെയാണ് മന്ത്രിയെ അറസ്റ്റ് ചെയ്തത്. അർപിത മുഖർജിയുടെ വീട്ടിൽ വെള്ളിയാഴ്‌ച്ച നടത്തിയ റെയ്ഡിൽ 21 കോടി രൂപയ്ക്ക് പുറമേ, 50 ലക്ഷം രൂപയുടെ സ്വർണ-വജ്രാഭാരണങ്ങളും ഏകദേശം പത്തോളം വസ്തുക്കളുടെ രേഖകളും പിടിച്ചെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ വിദ്യാഭ്യാസ മന്ത്രി പരേഷ് സി അധികാരി, പശ്ചിമ ബംഗാൾ ബോർഡ് ഓഫ് പ്രൈമറി എജ്യുക്കേഷൻ മുൻ പ്രസിഡന്റ് മണിക് ഭട്ടാചാര്യ, എന്നിവരുടേതുൾപ്പെടെ പതിനൊന്നോളം കേന്ദ്രങ്ങളിലാണ് ഇഡി ഇന്നലെ പരിശോധന നടത്തിയത്. അർപിത മുഖർജിയുടെ വീട്ടിൽ നിന്നും പണവും സ്വർണാഭരണങ്ങളും കൂടാതെ 20 ൽ കൂടുതൽ മൊബൈൽ ഫോണുകൾ കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. ഈ ഫോണുകൾ എന്തിന് ഉപയോഗിച്ചതാണെന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചു വരികയാണെന്ന് ഇഡി അറിയിച്ചു.

സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയായിരിക്കെ പാർത്ഥ ചാറ്റർജിയുടെ ഒഎസ്ഡി പികെ ബന്ദോപാധ്യായ, അദ്ദേഹത്തിന്റെ അന്നത്തെ പേഴ്സണൽ സെക്രട്ടറി സുകാന്ത ആച്ചാർജി, ജോലി വാഗ്ദാനം നൽകി പണം കൈപ്പറ്റിയ ചന്ദൻ മൊണ്ടൽ എന്ന രഞ്ജൻ എന്നിവരും റെയ്ഡ് ചെയ്യപ്പെട്ടവരിൽ ഉൾപ്പെടുന്നു.

അർപ്പിതയെ കൊണ്ടുപോയ ഇഡി വാഹനവ്യൂഹത്തിലേക്ക് അജ്ഞാതവാഹനം ഇടിച്ചുകയറ്റാൻ ശ്രമം

അതിനിടെ അറസ്റ്റിലായ അർപ്പിത മുഖർജിയെയും കൊണ്ടുപോയ ഇഡിയുടെ വാഹനവ്യൂഹത്തിലേക്ക് കടന്ന് കയറാൻ ശ്രമിച്ച് അജ്ഞാത സംഘം. കൊൽക്കത്തയിലെ ബാങ്ക്ഷാൽ കോടതിയിൽ നിന്ന് സിജിഒ കോംപ്ലക്‌സിലേക്ക് കൊണ്ട് പോകുന്നതിനിടെയാണ് സംഭവം. അർപ്പിതയെ സുരക്ഷിതമായി സിജിഒ കോംപ്ലക്സിൽ എത്തിച്ചു. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടില്ല. തിങ്കളാഴ്ച കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം പ്രകാരം അർപ്പിതയെ കോടതിയിൽ ഹാജരാക്കും.സാൾട്ട്‌ലേക്ക് പ്രദേശത്ത് വച്ചായിരുന്നു അപ്രതീക്ഷിത സംഭവം. ഇതിനിടെ വാഹനവ്യൂഹത്തിലുണ്ടായിരുന്ന ഒരു കാർ അപകടത്തിൽപെടുകയും ചെയ്തു.