തിരുവനന്തപുരം: ഡിവൈഎഫ്ഐ അടൂർ മേഖലാ സെക്രട്ടറിയും പത്തനംതിട്ട ജില്ലയിലെ ഉന്നത സിപിഎം നേതാക്കളുടെ മനസാക്ഷി സൂക്ഷിപ്പുകാരനുമായിരുന്ന എംജെ ജോയലിന്റെ മരണം ചർച്ചയാകുമ്പോൾ ഏറ്റവുമധികം ഉയർന്നു കേൾക്കുന്ന പേരാണ് വ്യാജരേഖ ചമച്ച് ജോലിതട്ടിപ്പും വിസാതട്ടിപ്പും നടത്തിയതിന് മൂന്നു വർഷം മുമ്പ് കൊല്ലം പൊലീസ് അറസ്റ്റ് ചെയ്ത ജയസൂര്യ പ്രകാശിന്റേത്.

ജയസൂര്യയുടെ ഡ്രൈവറായിരുന്നു ജോയൽ. ഈ പോസ്റ്റിലേക്ക് ജോയലിനെ നിയമിച്ചത് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗവും അടൂരിലെ ഏരിയാ സെക്രട്ടറിയും ചേർന്നായിരുന്നു. എപ്പോഴും ജയസൂര്യയ്ക്ക് ഒപ്പമുണ്ടായിരുന്ന ജോയലിന് അവർ എന്തൊക്കെ ചെയ്യുന്നു, എവിയൈാക്കെ പോകുന്നു, ഏതൊക്കെ നേതാക്കളെ കാണുന്നു, തട്ടിപ്പിന്റെ വിഹിതത്തിൽ ആരൊക്കെ പങ്കു പറ്റുന്നു എന്നൊക്കെ വ്യക്തമായി അറിയാമായിരുന്നു.

വ്യാജരേഖ ചമച്ച് ജോലി തട്ടിപ്പ് നടത്തിയതിന് 2018 ഓഗസ്റ്റ് ഒടുവിൽ പന്തളത്ത് വച്ച് ജയസൂര്യ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലാകുമ്പോൾ ജോയലും ഉണ്ടായിരുന്നു. പന്തളം ടൗണിൽ വച്ച് അന്വേഷണ സംഘം കാറിന് കുറുക്കു വച്ചാണ് ജയസൂര്യയെയും കൂട്ടാളി പ്രശാന്ത് പ്ലാത്തോട്ടത്തെയും പിടികൂടിയത്. ജോയലിനെ ഇറക്കി വിട്ട അന്വേഷണ സംഘം കാറും പ്രതികളെയും കസ്റ്റഡിയിൽ എടുത്തു. ജോയലിന് ഈ വിഷയത്തിൽ പങ്കില്ലെന്ന് മനസിലാക്കിയാണ് വെറുതേ വിട്ടത്.

ജയസൂര്യയ്ക്ക് വിശാലമായ ബന്ധങ്ങളാണുണ്ടായിരുന്നത്. കെഡിടിസിയിൽ ജോലി വാഗ്ദാനം ചെയ്ത് അവരുടെ ലെറ്റർ പാഡ് വ്യാജമായി തയാറാക്കിയാണ് പണം തട്ടിയത്. വിസാ തട്ടിപ്പ് നടത്താൻ മുംബൈ കേന്ദ്രീകരിച്ചുള്ള സംഘത്തിന്റെ സഹായവും ഉണ്ടായിരുന്നു. വർഷങ്ങൾക്ക് മുമ്പ് നാടുവിട്ട് മുംബൈയിൽ തമ്പടിച്ച കൊടുമൺ സ്വദേശിയാണ് സംഘത്തലവൻ എന്നായിരുന്നു അന്ന് അന്വേഷണ സംഘത്തിന് കിട്ടിയ സൂചന.

അടൂർ കടമ്പനാട് പഞ്ചായത്ത് രണ്ടാം വാർഡ് മുൻ അംഗം സതിയുടെ മകളാണ് ജയസൂര്യ പ്രകാശ്. നെല്ലിമുകൾ സ്വദേശിയും സിപിഎം തുവയൂർ ലോക്കൽ കമ്മറ്റിയംഗവുമായിരുന്നു കൂട്ടാളി പ്രശാന്ത് പ്ലാന്തോട്ടം. 20 പേരിൽ നിന്നാണ് രണ്ടംഗ സംഘം തട്ടിപ്പ് നടത്തിയത്. 16 പേരിൽ നിന്ന് രണ്ടു പേരും ചേർന്നും നാലുപേരിൽ നിന്ന് ജയസൂര്യ ഒറ്റയ്ക്കുമാണ് പണം വാങ്ങിയത്. 10 കോടിയോളം രൂപയുടെ തട്ടിപ്പാണ് നടന്നത്. കെടിഡിസിയിൽ ഡ്രൈവർ ജോലി വാഗ്ദാനം ചെയ്ത് നാലുപേരിൽ നിന്നായി രണ്ടു ലക്ഷം രൂപ വീതം കൈപ്പറ്റിയിരുന്നു. ജോലി കിട്ടാൻ വൈകിയപ്പോൾ ഇവർ നേരിട്ട് അന്നത്തെ ചെയർമാൻ എം വിജയകുമാറിനെ സമീപിച്ചു.

തങ്ങൾ നേരിട്ട് നിയമനമില്ലെന്നും പിഎസ് സി വഴി മാത്രമേ ആളെ എടുക്കൂ എന്നും അറിയിപ്പു കിട്ടിയതോടെ ഇവർ പണം തിരികെ ചോദിച്ചു. നൽകാതെ വന്നപ്പോഴാണ് പരാതി നൽകിയത്. കെടിഡിസി ചെയർമാനും മുൻ സ്പീക്കറുമായ എം വിജയകുമാറിന്റെ ലെറ്റർ പാഡ്, ഔദ്യോഗിക സീൽ, ഒപ്പ് എന്നിവ വ്യാജമായി നിർമ്മിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ അരുൾ ബി കൃഷ്ണയ്ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈബർ സെല്ലും സ്‌പെഷൽ ബ്രാഞ്ചും ചേർന്നാണ് അന്വേഷണം തുടങ്ങിയത്. ആദ്യം പിടിയിലായത് പ്രശാന്ത് പ്ലാന്തോട്ടമാണ്.

അടൂരിൽ നിന്നും പ്രശാന്തിനെ അറസ്റ്റ് ചെയ്തു. ഇയാളുടെ പുത്തൻകാറും അതിൽ നിന്ന് വ്യാജരേഖകളും കണ്ടെടുത്തു. പിന്നെ ജയസൂര്യയ്ക്ക് വേണ്ടിയുള്ള അന്വേഷണമായി. സൈബർ സെല്ലിന്റെ പരിശോധനയിൽ ജയസൂര്യ ചെങ്ങന്നൂരിൽ നിന്ന് പന്തളത്തേക്ക് വരുന്നതായി സൂചന കിട്ടി. ഇതനുസരിച്ച് പന്തളം ടൗണിൽ വച്ച് വാഹനം തടഞ്ഞ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരുടെ കാറിൽ നിന്നാണ് വിജയകുമാറിന്റെ വ്യാജലെറ്റർ പാഡും സീലുകളും ഒപ്പിടാൻ ഉപയോഗിക്കുന്ന് പ്രത്യേക തരം പേനകളും കണ്ടെടുത്തത്. നിരവധി പ്രോമിസറി നോട്ടുകളും വാഹനത്തിലുണ്ടായിരുന്നു. ഇതോടെ സിപിഎം ഉണർന്നു. മേലുദ്യോഗസ്ഥന്റെ നിർദ്ദേശത്തേക്കാളുപരി സിപിഎം നേതാക്കളാണ് ഈ സമയം പൊലീസിനെ നിയന്ത്രിച്ചിരുന്നത്.

അന്ന് സിപിഎമ്മിന്റെ പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ രണ്ടുപേരും ഒരു ഏരിയാ സെക്രട്ടറിയും ഈ സമയം മുഴുവൻ നെട്ടോട്ടമോടുകയായിരുന്നു. ജയസൂര്യയുടെ കാൾ ലിസ്റ്റ് പരിശോധിച്ചാൽ സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറി അടക്കമുള്ളവരുമായി ബന്ധപ്പെട്ടതിന്റെ തെളിവുകൾ കിട്ടും. എന്നാൽ, ഇത് ഒഴിവാക്കി കുറ്റം മുഴുവൻ ഇവരെക്കൊണ്ട് സമ്മതിപ്പിച്ച് കൂടുതൽ അന്വേഷണത്തിലേക്ക് പോകാതിരിക്കാനുള്ള നീക്കമാണ് നടത്തിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലായിട്ടാണ് തട്ടിപ്പ് അധികവും നടന്നത്. ജയസൂര്യ എസ്എഫ്‌ഐ സംസ്ഥാന കമ്മറ്റിയംഗം, ഡിവൈഎഫ്‌ഐ പത്തനംതിട്ട ജില്ലാ കമ്മറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ തിരുവനന്തപുരം മലയൻകീഴിൽ താമസിക്കുന്ന ജയസൂര്യ അവിടെ സിപിഎം ബ്രാഞ്ച് കമ്മറ്റിയംഗമാണെന്നും പറയപ്പെടുന്നു. നിലവിൽ സാമൂഹിക മാധ്യമങ്ങളിൽ സിപിഎം സൈബർ സഖാവും സ്ത്രീകളുടെ അവകാശത്തിന്റെ മുന്നണിപ്പോരാളിയുമാണ്.

തട്ടിപ്പു നടത്തി കിട്ടിയ പണം കൊണ്ട് സ്വന്തം നാടായ കടമ്പനാട്ട് 21 സെന്റ് വസ്തു ജയസൂര്യ വാങ്ങിയിരുന്നു. ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണ എന്ന മട്ടിൽ ഇതിൽ നിന്ന് മൂന്നു സെന്റ് പാർട്ടിക്ക് വിട്ടു കൊടുത്തു. സിപിഎമ്മിന്റെ പാലിയേറ്റീവ് കെയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ അടൂരിൽ നടന്ന വോളിബോൾ ടൂർണമെന്റിന്റെ സമാപന ചടങ്ങിൽ ഏറ്റവും മികച്ച പൊതുപ്രവർത്തക എന്ന പേരിൽ ജയസൂര്യയെ ആദരിക്കുകയും ചെയ്തിരുന്നു. പാലിയേറ്റീവ് കെയർ സെന്ററിന്റെ മറവിലും ഇവർ തട്ടിപ്പിന് ശ്രമിച്ചിരുന്നു. കായംകുളത്ത് ഒരു വ്യവസായിയിൽ നിന്ന് വൻതുക കൈപ്പറ്റാനുള്ള ശ്രമവും പൊളിഞ്ഞിരുന്നു.

സമൂഹത്തിൽ നിലയും വിലയുമുള്ളവർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും പ്രതികൾ തട്ടിപ്പിന് ഉപയോഗിച്ചു. ആർഎസ്എസ് നേതാവ് ജെ. നന്ദകുമാറിന്റെയും എഴുത്തുകാരി കെആർ മീരയുടെയും അടക്കമുള്ള ചിത്രങ്ങൾ തട്ടിപ്പിനായി ഇവർ പലരെയും കാണിച്ചു. തങ്ങളുമായി ഇവർക്കുള്ള ബന്ധവും കാണിച്ചു കൊടുത്തു.