ന്യൂഡൽഹി: സ്ഫോടനക്കേസിലെ പ്രതികൾക്ക് വധശിക്ഷ വിധിച്ച ജഡ്ജിക്ക് വധഭീഷണി. 2008-ലെ ജയ്പുർ സ്‌ഫോടന പരമ്പരക്കേസിൽ നാല് പ്രതികൾക്ക് വധശിക്ഷ വിധിച്ച ജഡ്ജി അജയ് കുമാർ ശർമയാണ് ഇപ്പോൾ ഭീഷണി നേരിടുന്നത്. തന്റെയും കുടുംബത്തിന്റെയും സുരക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം രാജസ്ഥാൻ ഡി.ജി.പിക്ക് കത്തയച്ചു. ഐ.എസ്‌.ഐ. ബന്ധമുള്ള ഭീകരവാദികൾക്കാണ് താൻ വധശിക്ഷ നൽകിയതെന്നും ഭീകര സംഘടനകളുടെ സ്ലീപ്പർ സെല്ലുകൾ എല്ലായിടത്തും പ്രവർത്തിക്കുന്നുണ്ട് എന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടുന്നു.

സ്‌ഫോടന പരമ്പരയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഭീകരവാദികൾ തനിക്കെതിരെ പകവീട്ടുമെന്ന ഇന്റലിജൻസ് റിപ്പോർട്ടുകളുണ്ടെന്ന് ഡി.ജി.പിക്കയച്ച കത്തിൽ വിരമിച്ച ജഡ്ജി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ, തന്റെ സുരക്ഷ വെട്ടിക്കുറച്ചതായി ഉദ്യോഗസ്ഥരിൽനിന്ന് അറിയാൻ കഴിഞ്ഞു.

ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ സുരക്ഷ വർധിപ്പിക്കണം. മക്‌ബൂൽ ഭട്ടെന്ന ഭീകരവാദിക്ക് 1984-ൽ വധശിക്ഷ വിധിച്ച ജഡ്ജി നീൽകണ്ഠ് ഗഞ്ചുവിനെ ഭീകരവാദികൾ 1989-ൽ വധിച്ച സംഭവം അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഐ.എസ്‌.ഐ. ബന്ധമുള്ള ഭീകരവാദികൾക്കാണ് താൻ വധശിക്ഷ നൽകിയത്. ഭീകര സംഘടനകളുടെ സ്ലീപ്പർ സെല്ലുകൾ എല്ലായിടത്തും പ്രവർത്തിക്കുന്നുണ്ട്. സ്‌ഫോടന പരമ്പരക്കേസിലെ പ്രതികൾക്ക് വധശിക്ഷ നൽകിയെന്നതിന്റെ പേരിലാണ് താൻ ഭീഷണി നേരിടുന്നതെന്നും അദ്ദേഹം കത്തിൽ പറയുന്നു.

2008 മെയ് 13-നാണ് ജയ്പൂരിൽ സ്‌ഫോടനങ്ങൾ നടന്നത്. 80 പേർ മരിക്കുകയും 250 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കേസിലെ പ്രതികളായ സർവാർ ആസ്മി, മുഹമ്മദ് സെയ്ഫ്, സെയ്ഫുർ റഹ്മാൻ, സൽമാൻ എന്നിവർക്കാണ് പ്രത്യേക കോടതി വധശിക്ഷ വിധിച്ചത്. ഇന്ത്യൻ മുജാഹിദീൻ ഭീകര സംഘടനയിൽപ്പെട്ടവർ ആയിരുന്നു ഇവരെല്ലാം. ഷഹബാസ് ഹുസൈൻ എന്ന പ്രതിയെ വെറുതേവിട്ടിരുന്നു.

ഭീകര പ്രവർത്തന സംഘടനായ ഇന്ത്യൻ മുജാഹിദ്ദീന്റെ സഹസ്ഥാപകൻ യാസിൻ ഭട്കലാണ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ. ജയ്പുരിലും വിദോനസഞ്ചാര കേന്ദ്രങ്ങളിലുമായി ഒൻപത് ബോംബ് ആക്രമണങ്ങൾ അരങ്ങേറിയിരുന്നു. 2018 ഫെബ്രുവരിയിൽ ഇന്ത്യൻ മുജാഹിദീൻ ഭീകരനായ ആരിസ് ഖാൻ എന്ന ജുനൈദിനെ ഡൽഹി സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്തിരുന്നു. ഡൽഹി, ജയ്പുർ, അഹമ്മദാബാദ്, യുപി കോടതി എന്നിവിടങ്ങളിലെ സ്‌ഫോടനത്തിനു പിന്നിലെ സൂത്രധാരൻ ഇയാളാണെന്ന് അന്വേഷണസംഘം കണ്ടെത്തി. ജയ്പൂരിൽ സ്‌ഫോടനം നടത്തുന്നതിന് സ്‌ഫോടന വസ്തുക്കൾ ശേഖരിക്കുന്നതിനായി ആരിസ് ഖാൻ ഉഡുപ്പിയിൽ പോയി. ഉഡുപ്പിയിലെ ഹോട്ടലിൽ വെച്ച് റിയാസ് ഭട്ക്കൽ, യാസിൻ ഭട്ക്കൽ എന്നിവർ ഇവരുമായി കൂടിക്കാഴ്ച നടത്തുകയും സ്‌ഫോടകവസ്തുക്കൾ കൈമാറുകയും ചെയ്തുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.