തിരുവനന്തപുരം: സ്വർണക്കടത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരേ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണം വീണ്ടും വഴിയൊരുക്കുന്നത് കേന്ദ്രവും കേരളവും തമ്മിലുള്ള നിയമയുദ്ധത്തിന്. പ്രധാനമായും ഇ.ഡി.യെ ലക്ഷ്യംവച്ചാണ് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതിനെ നിയമപരമായി നേരിടാനുള്ള ആലോചന അഡീഷണൽ സോളിസിറ്റർ ജനറൽ തലത്തിൽ തുടങ്ങി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) എതിരേയുള്ള ക്രൈംബ്രാഞ്ച് അന്വേഷണം ഒരുമാസത്തെ നിയമയുദ്ധത്തിനൊടുവിൽ ഏപ്രിൽ 16-ന് ഹൈക്കോടതി റദ്ദാക്കിയിരുന്നു.

ജുഡീഷ്യൽ അന്വേഷണത്തിന്റെ പരിഗണനാ വിഷയങ്ങൾ വ്യക്തമാക്കുന്ന വിജ്ഞാപനം രണ്ടര മാസത്തിനു ശേഷമാണ് ഇറക്കിയത്. മുഖ്യമന്ത്രി,മന്ത്രിമാർ,സ്പീക്കർ എന്നിവർക്കെതിരെയുള്ള അന്വേഷണത്തിലെ ഗൂഢാലോചനയാണു മുൻ ഹൈക്കോടതി ജഡ്ജിയും പൊലീസ് കംപ്ലെയ്ന്റ്‌സ് അഥോറിറ്റി ചെയർമാനുമായ വി.കെ.മോഹനൻ അന്വേഷിക്കുക. ആറുമാസത്തിനകം അന്വേഷണം പൂർത്തിയാക്കേണ്ടതുണ്ട്.

കേസിൽ മുഖ്യമന്ത്രിയെ വ്യാജമായി പ്രതിചേർക്കാനുള്ള ശ്രമമുണ്ടായി എന്ന, സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴിയും വനിതാ ജയിലിൽ വിചാരണത്തടവുകാരിയായി താമസിപ്പിച്ച സ്വപ്നയുടെ ശബ്ദ ശകലം ഓൺലൈൻ മാധ്യമത്തിൽ വന്നതും അന്വേഷണ വിഷയങ്ങളിലുണ്ട്.

ജുഡീഷ്യൽ അന്വേഷണത്തിന്റെ പരിഗണനവിഷയങ്ങളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ അന്വേഷണ ഏജൻസികൾ കേന്ദ്രത്തെ അറിയിച്ചുകഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരള ഹൈക്കോടതിയേയോ സുപ്രീംകോടതിയേയോ സമീപിക്കാനുള്ള നീക്കം.

കേരളത്തിന് തെറ്റായ നിയമോപദേശമാണ് ലഭിച്ചിരിക്കുന്നതെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. 'കമ്മിഷൻ ഓഫ് എൻക്വയറി ആക്ടിന്റെ' അടിസ്ഥാനത്തിൽ ഇത്തരമൊരു കമ്മിഷനെ നിയോഗിക്കാനാകുമോ എന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്.

മന്ത്രിസഭാംഗങ്ങളെയും സ്പീക്കറെയും പ്രതി ചേർക്കാൻ ശ്രമം ഉണ്ടായെന്നു വ്യക്തമാക്കി സ്വർണക്കടത്തു കേസിലെ പ്രതി സന്ദീപ് നായർ എറണാകുളം സെഷൻസ് ജഡ്ജിക്കു ജയിൽ സൂപ്രണ്ട് മുഖേന അയച്ച കത്തും അതു മാധ്യമങ്ങളിൽ പ്രചരിച്ചതും കത്തിലേക്കു നയിച്ച വസ്തുതകളും ജൂഡീഷ്യൽ അന്വേഷണത്തിൽ പരിശോധിക്കും.

ശബ്ദ ശകലത്തിലെയും കത്തിലെയും ഉള്ളടക്കവും അതിലേക്കു നയിച്ച സാഹചര്യങ്ങളും പരിശോധിക്കും. സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളെ ഏതെങ്കിലും കുറ്റകൃത്യങ്ങളിൽ പ്രതിയാക്കാൻ ഗൂഢാലോചന നടത്തിയിട്ടുണ്ടോയെന്നും അന്വേഷിക്കും. അത്തരം ഗൂഢാലോചന നടന്നതായി കമ്മിഷനു ബോധ്യപ്പെട്ടാൽ കുറ്റക്കാരെ കണ്ടെത്തണം. കമ്മിഷന് ഉചിതമെന്നു തോന്നുന്നതും ആകസ്മികമായി ഉദ്ഭവിക്കുന്നതുമായ വസ്തുതകളും പരിശോധിക്കാം.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണു കേന്ദ്ര ഏജൻസികൾക്കെതിരെ ജുഡീഷ്യൽ അന്വേഷണത്തിനു മന്ത്രിസഭ തീരുമാനിച്ചത്. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ വിജ്ഞാപനം ഇറക്കുന്നതിനു തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതി ലഭിച്ചില്ല. പെരുമാറ്റച്ചട്ടം പിൻവലിക്കുന്ന മുറയ്ക്കു വിജ്ഞാപനം ഇറക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചിരുന്നു.

തിരഞ്ഞെടുപ്പ് പൂർത്തിയായതോടെയാണ് സർക്കാർ വിജ്ഞാപനം പുറത്തിറക്കിയത്. സ്വർണക്കടത്ത് വിവാദത്തിൽ കേന്ദ്രവുമായുള്ള ഏറ്റുമുട്ടലിൽ ഒരു വിട്ടുവീഴ്ചയ്ക്കും സംസ്ഥാനസർക്കാർ തയ്യാറല്ലെന്നാണ് ഈ നടപടിയിലൂടെ സൂചിപ്പിക്കുന്നത്.