ന്യൂഡൽഹി: പ്രണയത്തിലായിരിക്കെ, പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേർപ്പെടുകയും പിന്നീട് തെറ്റുമ്പോൾ അത് ബലാത്സംഗമാക്കി ചിത്രീകരിച്ച് കേസ് കൊടുക്കുകയും ചെയ്യുന്ന കാമുകിമാർ സൂക്ഷിക്കുക. അത്തരം പരാതികൾ അംഗീകരിച്ചുകൊടുക്കേണ്ടതില്ലെന്ന് സുപ്രീംകോടതിയുടെ സുപ്രധാന വിധി. വിവാഹവാഗ്ദാനം നൽകി ബലാത്സംഗം ചെയ്തുവെന്ന തരത്തിലുള്ള പരാതികളേറുന്ന ഇക്കാലത്ത് ഈ വിധി ഒട്ടേറെ മുൻകാമുകന്മാർക്ക് ആശ്വാസം പകരുന്നതാണ്.

ഒരുമിച്ചുതാമസിക്കുകയും പരസ്പര സമ്മതത്തോടെ ബന്ധപ്പെടുകയും ചെയ്തശേഷം വിവാഹം ചെയ്തില്ലെന്ന കാരണത്താൽ പീഡനപരാതി നൽകുകയും ചെയ്യുന്ന സംഭവങ്ങൾ വർധിച്ചുവരുന്നതുകൊണ്ടാണ് കോടതി ഇത്തരമൊരു നിർദ്ദേശം നൽകിയത്. ഇത്തരം പരാതികളിൽ ബലാത്സംഗം ആരോപിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ എ.കെ. സിക്രി, എസ്. അബ്ദുൽനസീർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.

ഒരുമിച്ച് താമസിക്കുകയും ലൈംഗികബന്ധത്തിലേർപ്പെടുകയും പിന്നീട് പിരികയും ചെയ്യുന്ന സംഭവങ്ങളിൽ പുരുഷൻ വിവാഹവാഗ്ദാനം നൽകി വഞ്ചിച്ച് ബലാത്സംഗം ചെയ്തുവെന്ന പരാതി നിലനിൽക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരുമിച്ച് താമസിച്ച കാലയളവിൽ അവർ സ്‌നേഹത്തിന്റെ പേരിലാണ് ജീവിക്കുന്നത്. പിന്നീട് മറ്റു പലകാരണങ്ങൾകൊണ്ടും വിവാഹത്തിലെത്താതെ ബന്ധം പിരിയാം. ഇത്തരം കേസുകളിൽ വഞ്ചനാക്കുറ്റം മാത്രമേ കണക്കാക്കാനാവൂ എന്നും കോടതി നിരീക്ഷിച്ചു.

ബലാത്സംഗവും പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധവും തമ്മിൽ വ്യക്തമായ വ്യത്യാസമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരം പരാതികളിൽ, ഇവർ യഥാർഥത്തിൽ വിവാഹിതരാകാൻ തീരുമാനിച്ചിരുന്നതാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. തെറ്റായ ഉദ്ദേശ്യത്തോടെ ഇരയെ വശത്താക്കുകയും ആഗ്രഹം സാധിക്കുകയും ചെയ്യുന്ന സംഭവങ്ങളിൽ മാത്രമേ വിശ്വാസ വഞ്ചനയും ക്രിമിനൽക്കുറ്റവും ആരോപിക്കാനാവൂ എന്നും കോടതി ചൂണ്ടിക്കാട്ടി. അതുപോലെതന്നെ വിശ്വാസവഞ്ചനയും വാഗ്ദാനലംഘനവും തമ്മിലും വ്യത്യാസമുണ്ടെന്നും കോടതി പറഞ്ഞു.

മഹാരാഷ്ട്രയിലെ ഒരു സർക്കാർ ഡോക്ടർക്കെതിരേ മുൻകാമുകി കൊടുത്ത ബലാത്സംഗ പരാതി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ ഈ നിരീക്ഷണങ്ങൾ. ഭർത്താവ് മരിച്ച യുവതി, ഡോക്ടറുമായി പ്രണയത്തിലാവുകയും കുറേനാൾ ഒരുമിച്ച് ജീവിക്കുകയും ചെയ്തു. ഒരുമിച്ച് ജീവിച്ച കാലയളവിൽ അവർ ഇരുവരും ജീവിതം ആസ്വദിക്കുകയായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. കാമുകൻ വേറൊരു വിവാഹം ചെയ്തുവെന്നറിഞ്ഞപ്പോഴാണ് യുവതി ബലാത്സംഗം ചെയ്തുവെന്ന് പരാതി നൽകിയത്. ഡോക്ടറും യുവതിയുമായുള്ള ബന്ധം സ്വാഭാവികമായിരുന്നുവെന്നും അതിൽ ബലാൽക്കാരമായി യാതൊന്നും നടന്നിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഡോക്ടറുമൊത്ത് ജീവിച്ച കാലയളവിൽ ചെയ്ത കാര്യങ്ങളെല്ലാം യുവതിയുടെ ഉത്തമബോധ്യത്തിലുള്ളതാണ്. ഏതെങ്കിലും തരത്തിലുള്ള സമ്മർദമോ തെറ്റിദ്ധാരണയോ ഇക്കാര്യത്തിൽ സംഭവിച്ചിട്ടുണ്ടെന്ന് കരുതാനാവില്ല. വിവാഹം ചെയ്തില്ല എന്ന ഒറ്റക്കാരണത്താൽ, മുമ്പ് ഉത്തമബോധ്യത്തിൽ ചെയ്ത കാര്യങ്ങളെ മറ്റൊരു രീതിയിൽ ആരോപിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. യുവതിയുടെ പരാതി സുപ്രീംകോടതി തള്ളുകയും ചെയ്തു.