ന്യൂഡൽഹി: രാജ്യത്തെ വൻകിട ഭക്ഷ്യോൽപന്ന ഭീമനായ നെസ്‌ലെയോട് ചോദ്യ ശരവുമായി സുപ്രീം കോടതി. കമ്പനിയുടെ പ്രധാന ഉൽപനങ്ങളിലൊന്നായ മാഗി ന്യുഡിൽസിൽ ഈയത്തിന്റെ അംശം കണ്ടെത്തിയതിന് പിന്നാലെ 'ലെഡ് അടങ്ങിയ മാഗി ജനങ്ങൾ എന്തിന് കഴിക്കണമെന്നാണ് ' കോടതി നെസ്‌ലെയോട് ചോദ്യം ചെയ്തത്. എന്നാൽ കമ്പനിക്ക് വേണ്ടി കോടതിയിൽ ഹാജരാജ അഭിഷേക് മനു സിങ് വി ന്യുഡിൽസിൽ അനുവദനീയമായ അളവിലേ ഈയം അടങ്ങിയിട്ടുള്ളൂവെന്നാണ് റിപ്പോർട്ട് നിരത്തി വാദിച്ചത്.

എന്നാൽ ഈ വാദത്തോട് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ചോദിച്ച ചോദ്യം രാജ്യത്തെ ഓരോ അമ്മമാരുടേയും ഉള്ളിൽ നിന്നും വരുന്നതായി മാറുകയായിരുന്നു. വാദത്തിന് പിന്നാലെ കേസ് സുപ്രീം കോടതി വീണ്ടും ദേശീയ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്റെ തീർപ്പിനു വിട്ടു. അധാർമികവ്യാപാരം, വഴിതെറ്റിക്കുന്ന പരസ്യങ്ങൾ, ലേബലിലെ തെറ്റായ വിവരങ്ങൾ എന്നിവയുടെ പേരിൽ കേന്ദ്ര സർക്കാരാണു നെസ്ലെയ്ക്കെതിരേ കമ്മിഷനെ സമീപിച്ചത്.

2015 ഡിസംബർ 16-ന് കമ്പനിയ്‌ക്കെതിരെയുള്ള കമ്മിഷൻ നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. തുടർന്ന്, മാഗി സാമ്പിൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മൈസുരുവിലെ സെൻട്രൽ ഫുഡ് ടെക്നോളജീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനുനിർദ്ദേശം നൽകി. ആ റിപ്പോർട്ടാണ് ഇന്നലെ ജസ്റ്റിസുമാരായചന്ദ്രചൂഡും ഹേമന്ദ് ഗുപ്തയും ഉൾപ്പെട്ട ബെഞ്ച് പരിഗണിച്ചത്. ലാബ് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും മാഗിയിൽ അനുവദനീയമായ അളവിലേ ഈയം അടങ്ങിയിട്ടുള്ളൂവെന്നു കണ്ടെത്തിയതായും അഭിഷേക് സിങ്വി വാദിച്ചപ്പോളായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡിന്റെ മറുചോദ്യം.

എല്ലാ ഉത്പന്നങ്ങളിലും പരിമിതമായ അളവിൽ ഈയം അടങ്ങിയിട്ടുണ്ടെന്നു സിങ്വി ചൂണ്ടിക്കാട്ടി. എന്നാൽ, ഉപഭോക്തൃ കമ്മിഷന്റെ മുന്നിലുള്ള കേസിൽ കോടതി തീർപ്പുകൽപ്പിക്കുന്നതു ശരിയല്ലെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മിഷൻതന്നെ തീരുമാനമെടുക്കട്ടെയെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കേസ് ഉപഭോക്തൃ കമ്മിഷനുതന്നെ കൈമാറണമെന്നും നടപടികൾക്കുള്ള സ്റ്റേ പിൻവലിക്കണമെന്നുമായിരുന്നു കേന്ദ്രസർക്കാരിനു വേണ്ടി ഹാജരായ  അഡീഷണൽ സോളിസിറ്റർ ജനറൽ വിക്രംജിത് ബാനർജിയുടെ ആവശ്യം. ലാബ് പരിശോധനയിൽ മോണോസോഡിയം ഗ്ലൂട്ടാമേറ്റി(എം.എസ്.ജി)ന്റെ സാന്നിധ്യം കണ്ടെത്താനായില്ലെന്നും അതിനാൽ കേസിനു പ്രസക്തിയില്ലെന്നും സിങ്വി വാദിച്ചു.

എന്നാൽ, ഈ വാദം തള്ളിയ കോടതി, കേസ് കമ്മിഷനുതന്നെ വിട്ടു. 2015-ൽ മാഗി നൂഡിൽസ് നിരോധിച്ച ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ ഉത്തരവ് ബോംബെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. അതിനെതിരായ അപ്പീൽ മറ്റൊരവസരത്തിൽ പരിഗണിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. 2015-ൽ കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയമാണു നെസ്ലെയ്ക്കെതിരേ ദേശീയ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷനെ സമീപിച്ചത്. കേന്ദ്രസർക്കാരിനും സംസ്ഥാനസർക്കാരുകൾക്കും ഉപഭോക്തൃ കമ്മിഷനെ സമീപിക്കാമെന്ന നിയമമുപയോഗിച്ച് നൽകപ്പെട്ട ആദ്യപരാതികൂടിയായിരുന്നു അത്.

പൊതുജനാരോഗ്യത്തിന്റെപേരിൽ 640 കോടി രൂപയാണു കേന്ദ്രസർക്കാർ നെസ്ലെയിൽനിന്നു നഷ്ടപരിഹാരം ആവശ്യപ്പെടുന്നത്. ഈയത്തിന്റെ അംശമടങ്ങിയ മാഗി നൂഡിൽസ് 'രുചികരവും ആരോഗ്യദായകവു'മാണെന്ന പരസ്യവാചകം ഉപഭോക്താക്കളെ വഴിതെറ്റിക്കുന്നതാണെന്നു സർക്കാർ വാദിക്കുന്നു. ഈയത്തിന്റെ അംശമുണ്ടെന്ന കണ്ടെത്തലിനേത്തുടർന്ന് മാഗി ഉത്പന്നങ്ങൾ നെസ്ലെ വിപണിയിൽനിന്നു പിൻവലിച്ചിരുന്നു.പിന്നീട്, ബോംബെ ഹൈക്കോടതി നിരോധനം റദ്ദാക്കിയതിനേത്തുടർന്നാണു മാഗി വീണ്ടും വിപണിയിലിറക്കിയത്.