ലണ്ടൻ : അഫ്ഗാൻ വീണ്ടും വാർത്തകളിൽ നിറയുകയാണല്ലോ . സ്ത്രീ വിരുദ്ധതയാണ് അഫ്ഗാൻ നിയന്ത്രണം ഏറ്റെടുത്ത താലിബാന്റെ മുഖമുദ്രയെന്ന് ലോകം പണ്ടേ തിരിച്ചറിഞ്ഞതാണ് . ചിരിക്കാൻ പാടില്ലാത്ത , വിദ്യാഭ്യാസം അർഹിക്കാത്ത , ജോലിക്കു പോകാൻ കഴിയാത്ത എന്തിനു സ്വന്തം വീടിന്റെ പൂമുഖത്തു പോലും പ്രത്യക്ഷപ്പെടാൻ അവൾ പാടില്ല .

സ്വന്തം വീട്ടിലും പർദ്ദ അണിഞ്ഞേ നടക്കാനാകൂ . എങ്ങനെ നിയന്ത്രണങ്ങളും വിലക്കുകളും സ്ത്രീക്കും പെൺകുട്ടികൾക്കും നൽകി അവരെ ലൈംഗിക അടിമകൾ എന്ന നിലയിൽ മാത്രം പരിഗണിക്കുന്ന അപരിഷ്‌കൃത സമൂഹത്തിന്റെ ആൺ രൂപമാണ് താലിബാനിസം . വെറും അമ്പതു വർഷം മുൻപ് പോലും അഫ്ഗാനിലെ പെൺകുട്ടികൾക്ക് സർവ സ്വാതന്ത്ര്യവും ഉണ്ടായിരുന്നു എന്ന വസ്തുതകൾക്ക് മുൻപിലാണ് കണ്ണടച്ച് തുറക്കുന്ന വേഗതയിൽ ഒരു നാടൊന്നാകെ ഇരുണ്ട നാളുകളിലേക്ക് എടുത്തെറിയപ്പെട്ടത്.

എന്നാൽ ഇന്നത്തെ അഫ്ഗാൻ പണ്ടും , ആയിരം വര്ഷം മുൻപ് സ്ത്രീകളെ ഭയപ്പെട്ടിരുന്നു എന്നും ചില വസ്തുതകൾ മുന്നിൽ വച്ച് സാമൂഹ്യ വിമർശനത്തിന്റെ കുന്തമുന ആയി യുകെ മലയാളികൾക്കിടയിൽ എത്തുന്ന സൗത്ത് എൻഡിലെ മലയാളി വനിത ജോസ്ന സെബാസ്റ്റ്യൻ നിരീക്ഷിക്കുന്നു . അവരുടെ വാക്കുകളിലൂടെ :

സത്യത്തിൽ എല്ലാമെനിക്കൊരു ആശ്ചര്യമാവുകയാണ് . സത്യത്തിൽ നമ്മൾക്കെന്തറിയാം ഇന്ത്യയെ കുറിച്ച്. ഞാൻ ഒരു സത്യക്രിസ്ത്യാനി ആണ്. നല്ല ക്രിസ്ത്യൻ കുടുംബത്തിൽ ചെറുപ്പം മുതലേ പള്ളിമണി കേട്ട് ഉണർന്നുവന്ന കന്യാസ്ത്രീകളുടെ പരിചരണയിൽ വളർന്ന പാരമ്പര്യമുള്ള ഒരാൾ .

സത്യം പറയാല്ലോ ഞാനും ഓർത്തിട്ടുണ്ട് നമ്മളുടെ നാട്ടിൽ മാത്രമെന്തിനാണ് ഇത്രമാത്രം ദേവികൾ പല ഭാവത്തിൽ പലരൂപത്തിൽ . അറിഞ്ഞു കഴിഞ്ഞപ്പോളാണ് നമ്മുടെ പാരമ്പര്യത്തിന്റെ മഹിമ അറിഞ്ഞത്. ഒരു കാലത്ത് ഗൃഹത്തിലുടനീളം സ്ത്രീ ആരാധന വ്യാപകമായിരുന്നുവെങ്കിലും നിർഭാഗ്യവശാൽ, മതത്തോടുള്ള അധിനിവേശം മൂത്തപ്പോൾ ആളുകൾ ആരാധന എന്ന രൂപത്തിൽനിന്നും സ്ത്രീയെ മാറ്റിനിർത്തി. പുരുഷൻ മാത്രമാണ് വിജയിക്കാനുള്ള ഏക മാർഗംമെന്നും എന്തിനേറെ ആരാധന രൂപങ്ങൾ പോലും പുരുഷനായിരിക്കണമെന്നും പ്രത്യക്ഷമായും പരോക്ഷമായും സ്ത്രീകളെ വിശ്വസിപ്പിച്ചു.

കൂടാതെ അബ്രാഹാമിക് മതപരമായ രീതി അനുസരിച്ചു ദൈവവും അവന്റെ മകനും അല്ലങ്കിൽ ദൈവവും അവന്റെ ദൂതന്മാരുമാണ് . ഒരിക്കലും അവരിൽ ഒരു പെണ്ണില്ല കാരണം അവൾ വിശ്വാസയോഗ്യയല്ല എന്ന ചിന്താഗതി കൂടുതലായി കാണപ്പെട്ടതു തന്നെ കാരണം . ഇന്ത്യ, യൂറോപ്പ്, അറേബ്യ, ആഫ്രിക്കയുടെ വലിയ ഭാഗങ്ങൾ എന്നിവ ദേവീ ആരാധനയിൽ ഏർപ്പെട്ടിരുന്നുവെങ്കിലും ഇന്ന് ഇത്രമാത്രം സ്ത്രീ ആരാധനയുള്ള ഒരേയൊരു സംസ്‌കാരം ഇന്ത്യയാണ്. എന്തുകൊണ്ടായിരിക്കും ഇന്ത്യ ഇത്രയധികം സ്ത്രീത്വത്തിനു പ്രാധാന്യം നൽകിയത് ? ആലോച്ചിച്ചിട്ടുണ്ടോ ?

കുരിശുയുദ്ധ കാലതാണ് വിച്ഛ് ഹണ്ട് എന്നൊരു പദം നിലവിൽ വന്നത് . അപ്പോൾ ആരായിരുന്നിരിക്കാം വിച്ച് ( മന്ത്രവാദിനി ). ഒരു സ്ത്രീ കുട്ടികളെ പ്രസവിക്കുകയോ വീട്ടുജോലികൾ ചെയ്യുകയോ എന്നതിലുപരിയായി എന്തെങ്കിലും കൂടുതൽ ചെയ്താൽ അവളെ ആ സമൂഹം മന്ത്രവാദിയായ് മുദ്രകുത്തി പച്ചയോടെ കത്തിച്ചു കളഞ്ഞിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു .

ഇത് കൂടുതലായി നടന്നിരുന്നത് ചില മതങ്ങൾ എപ്പോളാണോ അവരുടെ മതത്തെ അതിവേഗത്തിൽ പ്രചരിപ്പിക്കാൻ ഇടയായത് ആ കാലഘട്ടത്തിലാണ് . ആ കാലഘട്ടത്തിൽ ഏകദേശമൊരു നൂറ്റമ്പതോ ഇരുനൂറോ വർഷങ്ങൾക്കുള്ളിൽ ഏകദേശമൊരു ആറ് ദശലക്ഷത്തിലധികം സ്ത്രീകളെ മന്ത്രവാദികളെന്ന മുദ്രകുത്തി ജീവനോടെ ചുട്ടുകളഞ്ഞതായി കണക്കാക്കപ്പെടുന്നു. അതെ അതങ്ങനെയായിരുന്നു പെണ്ണ് ഒതുക്കപ്പെടേണ്ടവളാണ് എന്ന് വിളിച്ചു പറഞ്ഞിരുന്നു.

കൂടാതെ ആ കാലഘട്ടങ്ങളിൽ ലോകമെമ്പാടുമുള്ള നിരവധി ദേവീ ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെട്ടതായി നമുക്കറിയാം. കാരണം സ്ത്രീത്വത്തിൽ നിന്ന് ദൈവത്തെ ആരാധിക്കുന്നത് വളരെ അപകടകരമാണ് എന്ന് വിശ്വസിച്ചിരുന്ന ഒരു തലമുറ വ്യാപകമായിരുന്നു എന്നത് സങ്കടകരമാണ്. ഡിവൈൻ ഫെമിനിനെ പിഴുതെറിയുന്നതിന്റെ കാതൽ തന്നെ അവളെ നശിപ്പിക്കുക എന്നതാണ് . ഇന്നും ഈ രീതി നിർഭാഗ്യവശാൽ അവിടെയും ഇവിടെയും ഉണ്ട് എന്നതിനു തെളിവുകൾ നമുക്ക് ചുറ്റും പലരൂപത്തിൽ കാണുന്നുവെന്നത് ഇന്നും അത് അന്യം നിന്നുപോയ ഒരു കലാരൂപമല്ല എന്നത് തന്നാണ് .

വേറൊരു ഉദാഹരണമെടുത്താൽ വളരെ പ്രശസ്തമായ ഒരു ക്ഷേത്രമാണ് സോമനാഥ ക്ഷേത്രം . അത് 17 പ്രാവശ്യം അഫ്ഗാനിസ്താനാൽ നശിപ്പിക്കപ്പെട്ടു . നശിപ്പിക്കപ്പെട്ടു എന്ന് ചുമ്മാ പറഞ്ഞു തീർക്കാവുന്ന കാര്യമല്ല . 1500 കിലോമീറ്ററുകളോളം ദൂരം വന്ന് 17 പ്രാവശ്യം വന്ന് ക്ഷേത്രം നശിപ്പിക്കാൻ ശ്രമിക്കുക അത്ര ചെറിയൊരു ടാസ്‌ക് അല്ല . ആദ്യത്തെ തവണ നമുക്ക് മനസ്സിലാക്കാൻ കഴിയും. അതിലുണ്ടായിരുന്ന മൂല്യമേറിയ പലതുമെടുത്തു കൊള്ളയടിച്ചു, കത്തിച്ചു നശിപ്പിച്ചു കടന്ന് പോയി. ശരി പക്ഷെ എന്തുകൊണ്ട് രണ്ടാം തവണ?

കുറച്ചു കൂടി സമ്പത്ത് ഉണ്ടായേക്കാം. പക്ഷെ 17 തവണ വന്ന് നശിപ്പിച്ചു. അപ്പോൾ അതിനു കാരണം വെൽത് മാത്രമായിരിക്കില്ല പിന്നെന്തായിരിക്കും കാരണം? കാരണം വേറൊന്നുമല്ല ഇസ്ലാമിന് മുമ്പുള്ള അറേബ്യയെക്കുറിച്ച് സംസാരിക്കുന്ന മൂന്ന് ദേവതകളായിരുന്നു കാര്യം. ആ ദേവതകളെ ചില ഭക്തർ അത് അവിടെ നിന്ന് കൊണ്ടുവന്നു സോമനാഥ ക്ഷേത്രത്തിൽ ശിവന്റെ ഭാര്യയായി സ്ഥാപിച്ചു. അതിനാൽ അവർ ആ ദേവതയെ നശിപ്പിക്കാൻ ആഗ്രഹിച്ചു,. അതിനാൽ അവളെ നശിപ്പിക്കാൻ അവർ ഒരു കുതിരപ്പുറത്ത് 17 തവണ 1400 അല്ലെങ്കിൽ 1500 കിലോമീറ്റർവരെ യാത്ര ചെയ്തു വന്നു .

ഈ ലോകത്തിലെ ഒരു സ്ത്രീയെ അവൾ പെറ്റുകൂട്ടുന്നതിലും വീട്ടുജോലി ചെയ്യുന്നതിലും കൂടുതലായി ചിന്തിക്കുന്നവളെ നശിപ്പിക്കുന്നത് എത്ര പ്രധാനമാണ് എന്ന് വിശ്വസിച്ചിരുന്ന ഒരു തലമുറയുടെ കടന്ന് വന്നവരാണ് നമ്മൾ . സ്ത്രീലിംഗത്തെ അടിച്ചൊതുക്കുന്നതിലൂടെ ചിലർ സൃഷിടിച്ച മതപരമായ സ്വർഗ്ഗവും ആശയങ്ങളും നിയമങ്ങളുമെല്ലാം തകരുമെന്നതിന്റെ മെക്കാനിക്‌സിലേക്ക് പോകുന്നതിനെ തടയിടാമെന്ന് ചിലർ ചിന്തിച്ചിരുന്നു .

അതുകൊണ്ട് സ്ത്രീ ആരാധനയിലൂടെ ഏതെങ്കിലും ഒരു രൂപം ആരാധിക്കുക എന്നതല്ല ഉദ്ദേശിക്കുന്നത് . സ്ത്രീയെ ബഹുമാനിക്കുന്നുവെന്നു വിളിച്ചോദുകയാണ് . കാരണം സ്ത്രീത്വം എപ്പോളും അനുകമ്പയുടെയും സ്‌നേഹത്തിന്റെയും ആവശ്യകതയെ ചൂണ്ടിക്കാണിക്കുമ്പോൾ പുരുഷ്വത്വം എപ്പോളും പിടിച്ചടക്കൽ അധിനിവേശം എന്നിവക്ക് ഊന്നൽ നൽകുന്നു

സ്ത്രീയെ ഊന്നി കാണിക്കുന്നതിലൂടെ കീഴടക്കുകയല്ല മാർഗ്ഗം ആലിംഗനം ചെയ്യുക എന്നതാണ് മാർഗമെന്ന് ഇന്ത്യൻ സംസ്‌കാരത്തിലൂടെ നമ്മൾ വിളിച്ചോതുകയാണ് . ഭൂമിയെ അമ്മയായി കാണുന്ന സംസ്‌കാരങ്ങൾ ഒരിക്കലും ചുറ്റുമുള്ള പരിസ്ഥിതിക്ക് അല്ലങ്കിൽ അയൽ രാജ്യങ്ങൾക്ക് വലിയ നാശമുണ്ടാക്കിയിട്ടില്ല; കീഴടക്കൽ മാത്രം ജീവിത മാർഗ്ഗമായി കണ്ടപ്പോൾ മാത്രമാണ് നാശം സംഭവിച്ചത് ഇന്നും നമ്മളുടെ കൺമുമ്പിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത് .

കാരണം സ്ത്രീയുള്ളിടത്തു കീഴടക്കൽ സ്വഭാവം ഉപേക്ഷിച്ചു പുരുഷനും അവളോടൊപ്പം സെറ്റിൽ ചെയ്യുന്നു . സ്ത്രീയും തുല്യമായി സന്തുലിതമാണെന്നും അവർ ഒരുമിച്ചു ജീവിച്ചു ജീവിക്കണ്ടേ ആവശ്യകതയെയും പറഞ്ഞറിയിക്കുന്നവയാണ് അർധനാരീശ്വര സങ്കല്പം.

പക്ഷെ ഈ കഥയൊന്നും ഒരു പഠന പുസ്തക താളിലും ഇല്ലാത്തതിനാൽ നമ്മളുടെ സാംസ്‌കാരികതയുടെ വില അറിയാതെ ഇന്ന് എന്റെ ഇന്ത്യയും സ്ത്രീയെ ചവിട്ടിയരച്ചു രസിക്കുന്നുവെന്നത് വേദനാജനകം .