കൊച്ചി: ഡോളർ കടത്തു കേസിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി അയ്യപ്പന് ഇന്ന് കസ്റ്റംസിന്റെ മുന്നിൽ ഹാജരാകില്ല. ഇന്ന് 11 മണിക്ക് കൊച്ചിയിലെ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് അയ്യപ്പനോട് ഫോണിൽ വിളിച്ച് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഔദ്യോഗികമായി നോട്ടീസ് നൽകിയ വിളിച്ചു വരുത്തുകയും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇന്ന് ഹാജരാകേണ്ടതില്ലെന്ന് അയ്യപ്പൻ തീരുമാനിച്ചത്.

സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയിലെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് കെ അയ്യപ്പനെതിരെ അന്വേഷണം നടത്തുന്നത്. കേസിൽ കോൺസുലറ്റിലെ ഡ്രൈവർമാരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. സ്വർണക്കടത്ത് കേസിൽ സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോട്ടോകോൾ ഓഫീസർ എം.എസ്. ഹരികൃഷ്ണന്റെ മൊഴിയും ഇന്ന് കസ്റ്റംസ് രേഖപ്പെടുത്തുന്നുണ്ട്. ഇദ്ദേഹം ചോദ്യം ചെയ്യലിനായി ഹാജരായിട്ടുണ്ട്. നയതന്ത്ര ചാനൽ വഴി ബാഗേജുകൾ എത്തിച്ച സംഭവത്തിലും സ്പീക്കർ അടക്കമുള്ളവരുടെ വിദേശ യാത്രകളിലും സംശയം ഉരുത്തിരിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അന്വേഷണം നീളുന്നത്.

ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കറെ ചോദ്യം ചെയ്യുമെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനും സരിത്തിനും തിരുവനന്തപുരത്തെ ഒരു ഫ്ളാറ്റിൽവെച്ച് ഡോളർ അടങ്ങിയ ബാഗ് സ്പീക്കർ വിദേശത്തേക്ക് അയക്കാൻ കൈമാറി എന്നതാണ് സ്പീക്കറിലേക്ക് അന്വേഷണം നീളാൻ ഇടയാക്കുന്നത്.

ഈ ബാഗ് കോൺസുലേറ്റ് ജനറൽ ഓഫീസിൽ നൽകാനായിരുന്നു സ്പീക്കർ നിർദ്ദേശിച്ചതെന്നും അതനുസരിച്ച് ബാഗ് കോൺസുലേറ്റ് ഓഫീസിൽ നൽകി എന്നുമായിരുന്നു ഇവർ കോടതിയിലും കസ്റ്റംസിലും നൽകിയ മൊഴി. ഇവരുടെ മൊഴിയുടെ ഭാഗമായി കോൺസുലേറ്റിലെ രണ്ട് ഡ്രൈവർമാരെ കസ്റ്റംസ് തിങ്കളാഴ്ച ചോദ്യം ചെയ്തിരുന്നു.