തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിയെ തുടർന്ന് കോൺഗ്രസിലുള്ളിൽ ഉടലെടുത്ത ഭിന്നതകളും തർക്കങ്ങളും പോസ്റ്റർ രൂപത്തിൽ പ്രത്യക്ഷപ്പെടവേ കൃത്യമായ താക്കീതുമായി കെ സി വേണുഗോപാൽ. കേരളത്തിലെ കോൺഗ്രസിനുള്ളിലുള്ള ഗ്രൂപ്പ് രാഷ്ട്രീയത്തിനെതിരെ ആഞ്ഞടിച്ചാണ് കെ സി വേണുഗോപാൽ രംഗത്തുവന്നത്.

ഗ്രൂപ്പ് രാഷ്ട്രീയം കേരളത്തിൽ അതിരു വിടുകയാണെന്നും പാർട്ടിയെ തന്നെ തകർക്കുന്ന അവസ്ഥയിലേക്ക് അത് മാറുന്നുവെന്നും വേണുഗോപാൽ ആരോപിച്ചു. എല്ലാകാലത്തും കോൺഗ്രസിൽ ഗ്രൂപ്പ് ഉണ്ട്. ഇന്ന് അത് പാർട്ടിയെ തന്നെ തകർക്കുന്ന അവസ്ഥയിലേക്ക് കേരളത്തിൽ മാറുന്നു. പാർട്ടിയേക്കാൾ വലുത് ഗ്രൂപ്പാണെന്നത് മാറണം. തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ പരാജയം തെളിയിക്കുന്നത് അതാണെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു. ജനറൽ സെക്രട്ടറി താരിഖ് അൻവറിന്റെ റിപ്പോർട് ലഭിച്ച ശേഷം കേരളത്തിലെ കോൺഗ്രസിനുള്ളിലെ രാഷ്ട്രീയ പ്രശ്‌നങ്ങളിൽ ഹൈക്കമാന്റ് ഇടപെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കോൺഗ്രസിലുണ്ടായ പൊട്ടിത്തെറികൾക്ക് ശേഷം നേതൃമാറ്റമെന്ന ആവശ്യ മടക്കം ഉയർന്നു വന്ന സാഹചര്യത്തിലാണ് വേണുഗോപാലിന്റെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാനുള്ള ശ്രമങ്ങളുടെ ഭാഗമാണോ കെസിയുടെ നീക്കമെന്ന സംശയവും ഉയർന്നിട്ടുണ്ട്.

സ്ഥാനാർത്ഥികളെ നോക്കാതെ ഗ്രൂപ്പ് അനുസരിച്ച് സീറ്റ് വിതരണം നടന്നതാണ് പരാജയത്തിന് കാരണമെന്ന് നേരത്തെയും പല മുതിർന്ന നേതാക്കളും വിമർശനമുന്നയിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ട്രയൽ എന്ന് വിലയിരുത്തപ്പെട്ട തദ്ദേശെരഞ്ഞെടുപ്പിലേറ്റ പരാജയം ഹൈക്കമാന്റടക്കം പരിശോധിക്കുന്നുണ്ട്.

അതിനിടെ ഹൈക്കമാൻഡ് നിർദ്ദേശാനുസരണം എത്തിയ കേരളത്തിന്റെ ചുമതലയുള്ള താരിഖ് അൻവർ ഇന്ന് യുഡിഎഫ് ഘടകകക്ഷികളെ കണ്ടിട്ടുണ്ട്. കോൺഗ്രസിലെ ഗ്രൂപ്പ് വീതംവയ്പപ്പും വഴക്കും അടിയന്തരമായി അവസാനിപ്പിക്കണമെന്നാണ് പിജെ ജോസഫ് ഇക്കാര്യത്തിൽ താരിഖ് അൻവർ മുമ്പാകെ വ്യക്തമാക്കിയത്. ഗ്രൂപ്പ് പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ കേന്ദ്രം ഇടപെടണം. എല്ലാവരും ഒരുമിച്ച് മുന്നോട്ട് പോകണമെന്ന ആവശ്യവും പിജെ ജോസഫ് ഉന്നയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയെ തുടർന്ന് പരിഹാര നിർദ്ദേശങ്ങൾ ചർച്ച ചെയ്യാൻ എത്തിയ ഹൈക്കമാന്റ് പ്രതിനിധികൾക്ക് മുന്നിലാണ് പിജെ ജോസഫ് അഭിപ്രായം അറിയിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സീറ്റ് വിഭജനം ഉടൻ വേഗം പൂർത്തിയാക്കണം. പാലാ സീറ്റ് മാണി സി കാപ്പന് നൽകാൻ തയ്യാറാണെന്നും എൻസിപിയെ മുന്നണിയിലെത്തിക്കാനുള്ള ശ്രമം അടിയന്തരമായി നടത്തണമെന്നും പിജെ ജോസഫ് ആവശ്യപ്പെട്ടു.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കെ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒരുമിച്ച് നയിക്കട്ടെ എന്ന് അഭിപ്രായവുമായി ആർഎസ്‌പിയും രംഗത്തുവന്നു. തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയെ തുടർന്ന് പരിഹാര നിർദ്ദേശങ്ങൾ ചർച്ച ചെയ്യാൻ എത്തിയ ഹൈക്കമാന്റ് പ്രതിനിധികൾക്ക് മുന്നിലാണ് എൻകെ പ്രേമചന്ദ്രൻ അടക്കമുള്ള ആർഎസ്‌പി നേതാക്കൾ അഭിപ്രായം അറിയിച്ചത്.

ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഒരുമിച്ച് നയിക്കുന്ന മുന്നണി തെരഞ്ഞെടുപ്പിനെ നേരിടണം. മുഖ്യമന്ത്രി ആരാവണമെന്നൊക്കെ പിന്നീട് തീരുമാനിക്കാമെന്നും ആർഎസ്‌പി നിലപാടെടുത്തു.