തിരുവനന്തപുരം: യുവാക്കളെ സിപിഎം സ്വർണ്ണക്കടത്തിന് ഉപയോഗിക്കുന്നെന്ന് എംഎൽഎ രമ.കൃത്യമായ പരിശീലനം നൽകി പാർട്ടി തീരുമാനിക്കുന്ന ആളുകളെയാണ് റെഡ് വളണ്ടിയർമാർ ആക്കുന്നത്. സ്വർണ്ണക്കടത്തിൽ ഉൾപ്പെട്ട അർജുനെ റെഡ് വളണ്ടിയർ ക്യാപ്റ്റൻ ആക്കിയത് എങ്ങനെയാണ്. ഇത്തരത്തിലുള്ള ആളുകൾ നേതൃസ്ഥാനത്തേക്ക് എത്തുന്നതിന് സിപിഎം ഉത്തരം പറയണം. ചെറുപ്പക്കാർ ക്രിമിനൽ സംഘത്തിന്റെ ഭാഗമാകുന്നു. ഇത് നിസാരമായി കാണാനാവില്ലെന്നും രമ പറഞ്ഞു.

അതേസമയം സ്വർണ്ണക്കടത്ത് കേസിൽ അർജുൻ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. അർജുനെതിരെ ശക്തമായ തെളിവുകളുണ്ടെന്നാണ് അറസ്റ്റ് വിവരം പുറത്തു വിട്ട് കൊണ്ട് കസ്റ്റംസ് വൃത്തങ്ങൾ അറിയിക്കുന്നത്. രാവിലെ പതിനൊന്ന് മണിയോടെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരായ അർജുൻ രാത്രി എട്ട് മണി വരെ ചോദ്യം ചെയ്ത ശേഷമാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്.

സ്വർണ്ണക്കടത്തിലെ കാരിയറായ ഷെഫീഖിന്റെ മൊഴിയാണ് അർജുനെ കുടുക്കുന്നതിൽ കസ്റ്റംസിന് നിർണായകമായത് എന്നാണ് സൂചന. കടത്ത് സ്വ4ണ്ണ0 അ4ജുനെ ഏൽപിക്കാനായിരുന്നു നിർദ്ദേശം കിട്ടിയതെന്ന് ഇയാൾ കസ്റ്റംസിന് മൊഴി നൽകിയിരുന്നു. അർജുനുമായി ഷെഫീഖ് നടത്തിയ ചാറ്റുകളും കോളുകളും പ്രധാന തെളിവുകളായി. നാളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്ന അർജുനെ കസ്റ്റംസ് വിശദമായി ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വാങ്ങും. മുഹമ്മദ് ഷെഫീഖിനെ കൊച്ചിയിലെത്തിച്ച് അർജുനൊപ്പം ഇരുത്തി ചോദ്യം ചെയ്യാനും കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്.