കോഴിക്കോട്: വിവാഹപ്രായം ഉയർത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ കെകെ ശൈലജ ടീച്ചർ. യുവതികളുടെ വിവാഹപ്രായം 18-ൽ തന്നെ നിലനിർത്തുന്നതാണ് ഉചിതമെന്ന് ശൈലജ ടീച്ചർ പറഞ്ഞു. പ്രായപൂർത്തിയാകുന്നതോടെ ഒരു വ്യക്തി സ്വന്തം കാര്യത്തിൽ തീരുമാനമെടുക്കാൻ പ്രാപ്തരാകും. ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വിവാഹപ്രായം ഉയർത്തുകയല്ല വേണ്ടത്. സ്ത്രീകളുടെ ആരോഗ്യകാര്യത്തിൽ രാജ്യം ഇപ്പോഴും പിന്നിലാണെന്നും കെക ശൈലജ ടീച്ചർ പറഞ്ഞു.

അതേസമയം വനിതകളുടെ വിവാഹപ്രായം ഉയർത്താനുള്ള ബിൽ നാളെ പാർലമെന്റിൽ കൊണ്ടുവരുമെന്നാണ് അറിയുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയർത്താനുള്ള കരട് ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്. ഇതിനു പിന്നാലെ വിവിധ രാഷ്ട്രീയകക്ഷികളും വനിതാസംഘടനകളും ആക്ടിവിസ്റ്റുകളും ബില്ലിനെതിരെ രംഗത്ത് എത്തി. വിചാരിച്ച സ്വീകാര്യത ബില്ലിന് കിട്ടാത്ത സാഹചര്യത്തിലാണ് ബിൽ അവതരണം നീട്ടിവയ്ക്കാൻ ബിജെപി ആലോചിക്കുന്നത്.

നാളെ പാർലമെന്റിൽ ബിൽ അവതരിപ്പിച്ച് വിഷയം സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടാനായിരുന്നു നേരത്തെ ബിജെപിയുടെ തീരുമാനം. എന്നാൽ ഇന്ന് ബിൽ അവതരിപ്പിക്കുന്നില്ലെങ്കിൽ സമ്മേളനം വെട്ടിച്ചുരുക്കി പാർലമെന്റ് ഇന്നോ നാളെയോ അനിശ്ചിതകാലത്തേക്ക് പിരിയാനാണ് സാധ്യതയെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.