കോഴിക്കോട്: വിജിലൻസ് റെയ്ഡിൽ വീട്ടിൽ നിന്നും കണ്ടെടുത്ത പണത്തിന് വിശദീകരണവുമായി കെ എം ഷാജി എംഎൽഎ. അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസ് ചോദ്യം ചെയ്യലിന് ശേഷമാണ് ഷാജി മാധ്യമങ്ങൾക്ക് മുന്നിലെത്തി വിശദീകരണം നൽകിയത്. പുറത്തുവരുന്ന വാർത്തകൾ അസത്യമാണെന്നും വീട്ടിൽ സൂക്ഷിച്ച പണത്തിന് കൃത്യമായ രേഖകളുണ്ടെന്നും ഷാജി ആവർത്തിച്ചു. റെയ്ഡ് കഴിഞ്ഞ ശേഷം വ്യാപകമായ പ്രചാരണങ്ങൾ ഉണ്ടായി. എന്റെ ബന്ധുവിന്റേതാണ് ഈ പൈസ എന്ന് ഞാൻ പറഞ്ഞു എന്നാണ് ചില മാധ്യമങ്ങളിൽ വന്നത്. ഞാൻ എവിടേയും അങ്ങനെ പറഞ്ഞിട്ടില്ല. ഇതിന്റെ സോഴ്സ് എന്താണെന്ന് വിജിലൻസിന്റെ മുൻപിലാണ് ഞാൻ ഇന്ന് ആദ്യമായി പറയുന്നത്.

അവർ ഔദ്യോഗികമായി ചോദിച്ചു. ഞാൻ ഔദ്യോഗികമായി പറഞ്ഞു. തെരഞ്ഞെടുപ്പിന് വേണ്ടി കളക്റ്റ് ചെയ്തിട്ടുള്ള പൈസയാണ്. പൈസയുടെ എല്ലാ രേഖകളും എത്തിച്ചുകൊടുക്കാമെന്ന് പറഞ്ഞിട്ടുണ്ട്. അല്ലാതെ വരുന്ന വാർത്തകളൊക്കെ ആരോ പടച്ചുവിട്ടതാണ്. വ്യാജ വാർത്തകളാണ്. പണം പിടിച്ചത് ബാത്ത്റൂമിലെ ക്ലോസറ്റിൽ നിന്നാണെന്നൊക്കെ ചിലർ പറഞ്ഞു. സ്ഥിരമായി ബാത്ത്റൂമിൽ കിടന്ന് ഉറങ്ങുന്നവർക്ക് ക്ലോസറ്റ് കട്ടിലായി തോന്നുന്നത് എന്റെ കുഴപ്പമല്ല. നമ്മുടെ നാട്ടിൽ കഞ്ചാവടിച്ചുവരുന്നവർ എവിടെയാണ് കിടന്നുറാങ്ങാറെന്ന് എനിക്ക് അറിയില്ല. എന്റെ വീട്ടിലെ ക്യാമ്പ് ഹൗസിനകത്ത് ഒരു ബെഡ്റൂമേ ഉള്ളൂ. ആ ബെഡ് റൂമിനകത്ത് ഒരു കട്ടിലേ ഉള്ളൂ. ആ കട്ടിലിന് താഴെയായിരുന്നത് പണമുണ്ടായിരുന്നത്. അതും തറയിലായിരുന്നു വെച്ചിരുന്നത്.- ഷാജി പറഞ്ഞു.

പിന്നെ വിദേശകറൻസിയെ കുറിച്ചു പറഞ്ഞു. വിദേശ കറൻസിയൊക്കെ കുഴപ്പമല്ല എന്ന് തോന്നിയതുകൊണ്ട് വിജിലൻസ് ആ നിമിഷം തന്നെ ഞങ്ങളെ ഏൽപ്പിച്ചു. കറൻസിയെന്നൊക്കെ പറഞ്ഞ് ആളെപ്പേടിപ്പിക്കാമെന്നല്ലാതെ മറ്റൊന്നുമില്ല. ലോകത്തെ 20 ഓളം രാജ്യങ്ങളിലെ കറൻസികൾ മക്കൾ കളക്റ്റ് ചെയ്ത് വെച്ചതാണ്. അത് അങ്ങനെ തന്നെയാണ് അവർ എഴുതിയത്. പുറത്തുവന്ന വാർത്തകൾ വേറെ തരത്തിലാണ്.

പൈസ മാറ്റിവെച്ചുകൂടായിരുന്നോ എന്ന് ചിലർ ചോദിച്ചു. ആ ചോദ്യത്തിന്റെ ലക്ഷ്യം എനിക്ക് മനസിലായി. പൈസ മാറ്റിവെക്കാത്തതിന് കാരണം കൃത്യമായ രേഖകൾ ഉണ്ടായിരുന്നതുകൊണ്ടും ജനങ്ങളുടെ കയ്യിൽ നിന്നും പിരിച്ചെടുത്തതിന്റെ കണക്കുകൾ എന്റെ കയ്യിൽ ഉണ്ടായിരുന്നതുകൊണ്ടും ആണ്.

ഇപ്പോഴും പത്രക്കാരുടെ മുൻപിൽ യാതൊരു ചാഞ്ചല്യവും ഇല്ലാതെ എനിക്ക് നിൽക്കാൻ കഴിയുന്നത് അതിന് രേഖകൾ ഉള്ളതുകൊണ്ടാണ്. വിജിലൻസ് വിളിച്ചു. അവർ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. കൊടുക്കാവുന്ന രേഖകൾ ഞാൻ കൊടുത്തിട്ടുണ്ട്. മറ്റുള്ളത് അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ കൊടുക്കാമെന്ന് പറഞ്ഞിട്ടുണ്ട്. വിജിലൻസ് വളരെ മര്യാദയോടെയാണ് ചോദ്യം ചെയ്യൽ നടത്തിയത്. ലഭ്യമായ എല്ലാ വിവരങ്ങളും അവർക്ക് കൈമാറിയിട്ടുണ്ട്, ഷാജി പറഞ്ഞു.

രാവിലെ പത്ത് മണിയോടെയാണ് തൊണ്ടയാടുള്ള വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഓഫീസിൽ ഷാജി ഹാജരായത്. ഹാജരാവാൻ ഷാജിക്ക് കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നു. എംഎ‍ൽഎ.യുടെ അഴീക്കോട്ടെ വീട്ടിൽനിന്ന് 47,35,500 രൂപ പിടിച്ചെടുത്തത് സംബന്ധിച്ച റിപ്പോർട്ട് കോഴിക്കോട് വിജിലൻസ് പ്രത്യേക കോടതിയിൽ അന്വേഷണസംഘം സമർപ്പിച്ചിരുന്നു. തുടർന്നാണ് ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ടത്.

ഷാജി 1.47 കോടിയുടെ അനധികൃത സ്വത്തുസമ്പാദിച്ചതായി വിജിലൻസ് കോടതി കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെയാണ് കോഴിക്കോട് മാലൂർക്കുന്നിലെയും കണ്ണൂർ അഴീക്കോട്ടെയും വീടുകളിൽ വിജിലൻസ് റെയ്ഡ് നടത്തിയത്. പിടിച്ചെടുത്ത പണത്തിന് രേഖകൾ ഉണ്ടെന്നാണ് ഷാജി അവകാശപ്പെടുന്നത്. 2011 മുതൽ 2020 വരെയുള്ള ഇടപാടുകളും വിദേശയാത്രകളും വിജിലൻസ് പരിശോധിക്കുന്നുണ്ട്.