കോഴിക്കോട്: ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിച്ച ശേഷം കലാപക്കൊടി ഉയർത്തിയ ഉമ്മൻ ചാണ്ടിക്കെതിരെ വിമർശനവുമായി കെ മുരളീധരൻ എംപി. കോൺഗ്രസിൽ ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞെന്ന് കെ മുരളീധരൻ പറഞ്ഞു. ആർക്കും എന്തും വിളിച്ചുപറയാൻ ഉള്ള സാഹചര്യം ഇനി ഉണ്ടാകില്ല. സ്ഥാനമാനങ്ങൾ മെറിറ്റ് അടിസ്ഥാനത്തിൽ മാത്രമാകുമെന്നും മുരളീധരൻ പറഞ്ഞു. ഉമ്മൻ ചാണ്ടി നൽകിയ പേരുകൾ അടങ്ങിയ ഡയറി ഉയർത്തിക്കാട്ടിയ നടപടിയേയും കെ മുരളീധരൻ അനുകൂലിച്ചു. അത് അദ്ദേഹത്തിന്റെ ശൈലി എന്നായിരുന്നു കെ മുരളീധരന്റെ നിലപാട്. പ്രായമായവരെ മൂലക്ക് ഇരുത്തില്ലെന്നും അവരുടെ അഭിപ്രായം കേട്ട് തീരുമാനമെടുക്കുമെന്നും കെ മുരളീധരൻ കോഴിക്കോട് പറഞ്ഞു.

നേരത്തെ രണ്ടുവട്ടം ചർച്ച നടത്തിയെന്ന കെപിസിസി അധ്യക്ഷൻ കെ. സുധാകരന്റെ പ്രസ്താവനക്കെതിരെ ഉമ്മൻ ചാണ്ടി രംഗത്തുവന്നിരുന്നു. രണ്ടാംവട്ട ചർച്ച എവിടെ നടന്നുവെന്ന് സുധാകരൻ വ്യക്തമാക്കണമെന്നാണ് ഉമ്മൻ ചാണ്ടിയുടെ ആവശ്യം. കൂടാതെ, ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഡി.സി.സി പ്രസിഡന്റുമാരായി നിർദ്ദേശിച്ചവരുടെ പേരുകൾ എഴുതിയ ഡയറി സുധാകരൻ മാധ്യമപ്രവർത്തകർക്ക് നേരെ ഉയർത്തി കാട്ടിയതിലും ഉമ്മൻ ചാണ്ടിക്ക് അമർഷമുണ്ട്. എന്നാൽ, പരസ്യ പ്രതികരണത്തിന് ഇല്ലെന്ന നിലപാടാണ് ഉമ്മൻ ചാണ്ടി സ്വീകരിച്ചിട്ടുള്ളത്.

അതേസമയം, ഉമ്മൻ ചാണ്ടിയെ പിന്തുണക്കുന്ന മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ വിഷയത്തിൽ കൂടുതൽ വിശദീകരണവുമായി രംഗത്തെത്തി. ഡി.സി.സി പുനഃസംഘടന സംബന്ധിച്ച കോൺഗ്രസ് ഹൈക്കമാൻഡ് എടുത്ത തീരുമാനം പരസ്യ പ്രതികരണമില്ലാതെ തീർക്കാൻ സാധിക്കുമായിരുന്നുവെന്ന് തിരുവഞ്ചൂർ പറഞ്ഞു. പാർട്ടിയിൽ തർക്കങ്ങൾ സ്വാഭാവികമാണ്. ഈ തർക്കങ്ങൾ വലിയ പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടു പോകാതെ സംസാരിച്ച് പരിഹരിക്കാമായിരുന്നു. മുതിർന്ന നേതാക്കളുടെ അഭിപ്രായങ്ങൾ മാനിച്ചെന്നാണ് മാധ്യമങ്ങളിലൂടെ അറിയാൻ കഴിഞ്ഞതെന്നും തിരുവഞ്ചൂർ ചൂണ്ടിക്കാട്ടി.

ഡി.സി.സി അധ്യക്ഷരെ തീരുമാനിക്കുന്നതിൽ വേണ്ടത്ര ചർച്ച നടന്നില്ലെന്നാണ് ഉമ്മൻ ചാണ്ടി ഇന്നലെ പറഞ്ഞത്. ചർച്ച നടത്താമെന്ന് ആദ്യം പറഞ്ഞിരുന്നു. പിന്നീട് ഒന്നും നടന്നില്ല. കൂടിയാലോചന നടത്താതെ നടത്തിയെന്ന് സംസ്ഥാന നേതൃത്വം നിലപാടെടുത്തു. അനാവശ്യമായി തന്റെ പേര് വലിച്ചിഴച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു. വേണ്ട പോലെ ചർച്ച നടത്തിയെങ്കിൽ ഹൈകമാൻഡ് ഇടപെടൽ ഒഴിവാക്കാമായിരുന്നുവെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു. സ്ഥാനം കിട്ടുമ്പോൾ മാത്രം ഗ്രൂപ്പില്ലെന്ന് പറയുന്നതിനോട് യോജിക്കുന്നില്ല. എല്ലാവർക്കും ഗ്രൂപ്പുണ്ട്. ഏതെങ്കിലും ഒരു കാലത്ത് ഗ്രൂപ്പുകാരായും മാനേജർമാരായും പ്രവർത്തിച്ചവരാണ് പലരുമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ, തങ്ങളുമായി വേണ്ടത്ര ചർച്ച നടത്തിയില്ലെന്ന ഉമ്മൻ ചാണ്ടിയുടെയും ചെന്നിത്തലയുടെയും ആരോപണം കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തള്ളിയിരുന്നു. വിട്ടുവീഴ്ചക്കില്ലെന്ന സൂചന നൽകിയ സുധാകരനും സതീശനും കടുത്ത ഭാഷയിൽ തന്നെ മറുപടി നൽകി. ഇരുവരുമായും രണ്ട് തവണ ചർച്ച നടത്തിയെന്ന് സുധാകരൻ പറഞ്ഞു. ഗ്രൂപ്പിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് കലാകാലങ്ങളിൽ പുനഃസംഘടന നടന്നത്. രണ്ട് ഗ്രൂപ്പുകളിലെ നേതാക്കൾ മാത്രമാണ് ചർച്ച നടത്തിയിരുന്നത്. മറ്റുള്ളവരോട് ചർച്ച നടത്തിയിരുന്നില്ലെന്നും സുധാകരൻ ആരോപിച്ചു.

കിട്ടിയ പേരുകൾ വീതംെവച്ചുകൊടുക്കണമെന്നാണ് അവർ ആഗ്രഹിക്കുന്നതെന്നും അതിന് ഞങ്ങൾ ഈ സ്ഥാനത്ത് ഇരിക്കണോയെന്നും വി.ഡി. സതീശൻ ചോദിച്ചു. പുതിയ നേതൃത്വം ചുമതലയേൽപിച്ചാൽ അവരാണ് തീരുമാനമെടുക്കേണ്ടത്. ഇത്രയും വിശദമായി ചർച്ച മുമ്പ് നടന്നിട്ടില്ല. എല്ലാവരെയും തൃപ്തിപ്പെടുത്താനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതിനിടെ തിരുവനന്തപുരം ഡിസിസി അധ്യക്ഷനായി നിയമിതനായ പാലോട് രവിക്കെതിരെ നെടുമങ്ങാട് യു ഡി എഫ് സ്ഥാനാർത്ഥിയും കെ പി സി സി സെക്രട്ടറിയുമായിരുന്ന പി എസ് പ്രശാന്ത് വീണ്ടും രംഗത്തെത്തി. നെടുമങ്ങാട് തന്നെ തോൽപ്പിക്കാൻ പാലോട് രവി ശ്രമിച്ചുവെന്നും റിയൽ എസ്റ്റേറ്റ്, ക്വാറി മാഫിയകളെ കൂട്ടുപിടിച്ചായിരുന്നു പാലോട് രവിയുടെ പ്രവർത്തനമെന്നും വ്യക്തമാക്കി പ്രശാന്ത് രാഹുൽ ഗാന്ധിക്ക് കത്തയച്ചു. പരാജയപ്പെടുത്തിയത്. പാലോട് രവിയെ ഡിസിസി പ്രസിഡന്റാക്കിയ തീരുമാനം പുനഃപരിശോധിക്കണമെന്നും കത്തിൽ പ്രശാന്ത് ആവശ്യപ്പെടുന്നുണ്ട്. പാർട്ടി വിടുന്നതിനെക്കുറിച്ചുള്ള ആലോചനയിലാണെന്ന് പ്രശാന്ത് പറഞ്ഞു. പാലോട് രവിക്കെതിരെ പരസ്യ പ്രസ്താവന നടത്തിയതിന് പ്രശാന്തിനെ പാർട്ടിയിൽ നിന്ന് സസ്‌പെണ്ട് ചെയ്തിരുന്നു