തിരുവനന്തപുരം: ശബിമല വിഷയത്തിൽ സിപിഎമ്മിനെയും സർക്കാറിനെയും വിമർശിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ശബരിമല വിഷയത്തിൽ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ച് സംസ്ഥാന സർക്കാരിന് വ്യക്തതയില്ലെന്ന് അദ്ദേഹം ആരോചിച്ചു. വിശ്വാസികൾക്കൊപ്പമാണോ എന്ന് ചോദിച്ചാൽ അതേ എന്ന് പറയുന്ന സർക്കാർ നവോത്ഥാനത്തിനൊപ്പമാണോ എന്ന് ചോദിച്ചാലും അതേ എന്നുതന്നെ മറുപടി പറയും. ഇത്തരത്തിൽ മുയലിനോടൊപ്പം ഓടുകയും വേട്ടപ്പട്ടിയോടൊപ്പം വേട്ടയാടുകയും ചെയ്യുന്ന സമീപനമാണ് ശബരിമല വിഷയത്തിൽ സർക്കാരിനുള്ളതെന്ന് മുരളീധരൻ ആക്ഷേപിച്ചു.

ഈ വ്യക്തതയില്ലായ്മ സർക്കാരിന് നെഗറ്റീവ് ഇംപാക്ട് ഉണ്ടാക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാതൃഭൂമി ന്യൂസിന്റെ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മാണി സി കാപ്പന്റെ യുഡിഎഫ് പ്രവേശനവിഷയത്തിലും കെ മുരളീധരൻ പ്രതികരിച്ചു. മാണി സി കാപ്പന്റെ യുഡിഎഫ് പ്രവേശനം യുഡിഎഫിന് വൻതോതിൽ പ്രയോജനം ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല. സീറ്റ് വിഭജന കാര്യത്തിൽ വിശദമായ ചർച്ചകൾക്കുശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആർഎംപിയെ സഹകരിപ്പിക്കണമെന്ന വികാരം വടകരയിൽ ഇപ്പോൾ ശക്തമാണ്.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞടുപ്പിൽ ഇടതുതരംഗം ആഞ്ഞ് വീശിയപ്പോഴും വടകരയിലെ മൂന്ന് പഞ്ചായത്തുകളിൽ ഭരണം നേടാൻ ആർഎംപിക്കായി. യുഡിഎഫിന് ആർഎംപിയെക്കൊണ്ട് പ്രയോജനമുണ്ടായെന്നും നിലവിൽ യുഡിഎഫുമായി സഹകരിക്കുമെന്ന നിലപാട് ആർഎംപി കൈക്കൊണ്ടിട്ടില്ലെന്നും മുരളീധരൻ വിശദീകരിച്ചു. ഇക്കാര്യത്തിൽ വരുംദിവസങ്ങളിൽ കൂടുതൽ ചർച്ചകൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വട്ടിയൂർകാവിൽ മത്സരിക്കാൻ കഴിയാത്തതിൽ നിരാശയില്ലെന്ന് മുരളീധരൻ പറഞ്ഞു. മത്സരിക്കാൻ ആഗ്രഹിച്ചത് വട്ടിയൂർക്കാവിൽ തന്നെയാണ്. പക്ഷേ എംപിമാർ മത്സരിക്കേണ്ടെന്നത് പാർട്ടി തീരുമാനമായതിനാൽ അതിനെ പൂർണ്ണമായും താൻ അംഗീകരിക്കുന്നുവെന്നും മുരളീധരൻ പറഞ്ഞു. വടകരയ്ക്ക് പുറത്ത് തെരഞ്ഞെടുപ്പ് പ്രചരണചത്തിന് പോകില്ല എന്ന തന്റെ തീരുമാനത്തിന് മാറ്റമില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവദിക്കാത്തതിനാൽ കടുത്ത അമർഷത്തിലായിരുന്നു കെ മുരളീധരൻ. നേതൃത്വവുമായുള്ള അസ്വാരസ്യം കാരണം തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. വടകര മാത്രം കേന്ദ്രീകരിച്ചാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ. ഇതിനിടെ ചെന്നിത്തല നയിക്കുന്ന യാത്രയിൽ നിന്നും വിട്ടുനിന്ന അദ്ദേഹം ഇക്കുറി വീണ്ടും സജീവമായി രംഗത്തുവന്നു.

അർഹിക്കുന്ന പരിഗണന പാർട്ടിയിൽ നിന്നും ലഭിക്കുന്നില്ലെന്നതാണ് മുരളീധരന്റെ പരാതി. മുരളിക്ക് അനുകൂലമായി നിലപാടെടുക്കണമെന്ന് ലീഗ് നേതൃത്വം ഹൈക്കമാന്റിനോട് അഭ്യർത്ഥിച്ചിരുന്നു. മുരളീധരനെ പ്രചാരണ രംഗത്തിറക്കാൻ സമ്മർദം ചെലുത്തണമെന്നും ലീഗ് ഹൈക്കമാൻഡിനോട് അഭ്യർത്ഥിച്ചിരുന്നു. കെപിസിസി നേതൃത്വവുമായി അകൽച്ചയിലാണെങ്കിലും ലീഗുമായി നല്ല ബന്ധത്തിലാണ് മുരളീധരൻ. കോൺഗ്രസ് വേദികളിൽ നിന്നും വിട്ടുനിൽക്കുമ്പോഴും ലീഗ് പരിപാടികളിൽ മുരളീധരൻ പങ്കെടുക്കാറുണ്ട്.