തിരുവനന്തപുരം: കോൺഗ്രസ് വിട്ടുപോയ കെ പി അനിൽകുമാറിന്റെ ചുവടുമാറ്റം പിഴച്ചില്ല. അനിൽകുമാറിന് പൊതുമേഖലാ സ്ഥാപനമായ ഓവർസീസ് ഡെവലപ്പ്‌മെന്റ് ആൻഡ് എംപ്ലോയ്‌മെന്റ് പ്രൊമോഷൻ കൺസൾട്ടൻസ് (ഒഡെപെക്ക്) ലിമിറ്റഡിന്റെ പുതിയ ചെയർമാനായി നിയമിച്ചു. നാളെ രാവിലെ 10 മണിക്ക് അനിൽകുമാർ ചുമതല ഏറ്റെടുക്കും. കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രക്ഷാധികാരിയായി പാർട്ടി നേരത്തെ അദ്ദേഹത്തിനെ ചുമതല നൽകിയിരുന്നു.

എളമരം കരിം, ടി.പി. രാമകൃഷ്ണൻ, മുഹമ്മദ് റിയാസ് എന്നിവർക്കൊപ്പമാണ് അനിൽകുമാർ ചുമതല പങ്കിടുന്നത്. ജനുവരി 10 മുതൽ 12 വരെയാണ് സിപിഐ.എം കോഴിക്കോട് ജില്ലാ സമ്മേളനം. സെപറ്റംബറിലാണ് അനിൽകുമാർ കോൺഗ്രസ് അംഗത്വം രാജിവെച്ച് സിപിഐ.എമ്മിലെത്തിയത്. കോൺഗ്രസിൽ നിന്ന് രാജിവെയ്ക്കുന്നതായി പ്രഖ്യാപിച്ചതിനു പിന്നാലെ എ.കെ.ജി സെന്ററിലേക്ക് അനിൽകുമാർ ആദ്യം പോയിത് വലിയ വാർത്തയായിരുന്നു.

നേരത്തെ കോൺഗ്രസ് വിട്ട് സിപിഐ.എമ്മിൽ ചേർന്ന പി.എസ്. പ്രശാന്തിനൊപ്പമാണ് അനിൽകുമാർ എ.കെ.ജി സെന്ററിൽ എത്തിയത്. സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യുറോ അംഗവുമായ കോടിയേരി ബാലകൃഷ്ണൻ ചുവന്ന ഷാൾ അണിയിച്ചായാരുന്നു കെ.പി. അനിൽകുമാറിനെ സ്വീകരിച്ചിരുന്നത്. കോൺഗ്രസ് വിട്ടുവരുന്നവർക്ക് അർഹമായ പരിഗണന നൽകുമെന്ന് അന്ന് കോടിയേരി പറഞ്ഞിരുന്നു.