കൊല്ലം: കെ റെയിൽ പദ്ധതിക്കെതിരായ പ്രതിഷേധം ഇരമ്പുമ്പോഴും മുന്നോട്ടു പോകുമെന്ന നിലപാടിലാണ് സർക്കാർ. എന്നാൽ, പ്രാദേശിക തലത്തിൽ കാര്യങ്ങളെല്ലാം കുഴഞ്ഞു മറിയുന്ന അവസ്ഥയിലുമാണ്. രാഷ്ട്രീയ ഭേദമന്യേ തന്നെ പ്രതിഷേധം കനക്കുകയാണ്. കിടപ്പാടം പോകുന്നവർ ഒന്നും തന്നെ പദ്ധതിക്ക് ഭൂമി വിട്ടുകൊടുക്കാൻ തയ്യാറല്ലെന്ന നിലപാടിലാണ്. സ്വമേധയാ ഒഴിയാൻ തയ്യാറാണെന്ന് അറിയിക്കുന്നവർ വിരളമാണ് താനും. സമരത്തിന്റെ സ്വഭാവം മാറുന്നു എന്ന വ്യക്തമായ സൂചനയാണ് ഇന്നലെ പുറത്തുവന്നത്. ആത്മഹത്യാ ഭീഷണി മുഴക്കിയുള്ള സമരത്തിലേക്കാണ് നാട്ടുകാർ കടന്നിരിക്കുന്നത്.

കൊല്ലം ജില്ലയിലെ തഴുത്തലയിലും വലിയ പ്രതിഷേധവമാണ് ഉണ്ടായിരിക്കുന്നത്. തഴുത്തലയിൽ കിടപ്പാടം നഷ്ടമാകുന്ന മൂന്നുകുടുംബങ്ങളുടെ ആത്മഹത്യാഭീഷണി. പ്രതിഷേധങ്ങൾക്കൊടുവിൽ കല്ലിടീൽ താത്കാലികമായി നിർത്തിവെച്ചു. വീടുകൾ നഷ്ടമാകുന്ന തഴുത്തല കാർത്തികയിൽ ഗോപകുമാർ, വിളയിൽകാരഴികംവീട്ടിൽ ജയകുമാർ, രേവതിയിൽ അജയകുമാർ എന്നിവരും കുടുംബാംഗങ്ങളുമാണ് പ്രതിഷേധിച്ചത്.

വീടിന്റെ അടുക്കളഭാഗത്തിനോടുചേർന്ന് സ്ഥലം അളന്നുതിട്ടപ്പെടുത്തി കല്ലിടുന്നതിനെതിരേ ഗോപകുമാറും കുടുംബവും പ്രതിഷേധിച്ചെങ്കിലും പൊലീസ് സമ്മർദം ചെലുത്തി കല്ലിട്ടു. പിന്നീട് തഹസിൽദാരുമായി ചർച്ചനടത്തിയെങ്കിലും മറ്റ് ഉറപ്പുകളൊന്നും ലഭിക്കാത്തതിനാൽ ഇവർ ആത്മഹത്യാഭീഷണി മുഴക്കി വീട്ടിൽക്കയറി കതകടച്ചു. സ്ഥലത്തുണ്ടായിരുന്ന പൊലീസും നാട്ടുകാരും ചേർന്ന് ബലംപ്രയോഗിച്ച് കതകുതുറന്ന് ഇവരെ പിന്തിരിപ്പിച്ചു.

സമീപത്ത് ജയകുമാറിന്റെ വീടിന്റെ മുൻഭാഗത്തായിരുന്നു കല്ലിടാൻ ശ്രമം നടന്നത്. ഇതോടെ ജയകുമാറും കുടുംബവും പെട്രോൾ ദേഹത്തൊഴിച്ച് ആത്മഹത്യാഭീഷണി മുഴക്കി. ഇവർക്കൊപ്പം അണിനിരന്ന എസ്.യു.സിഐ. പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കി. ജില്ലാ സെക്രട്ടറി ഷൈല കെ.ജോൺ, സമരസമിതി കൺവീനർ ബി.രാമചന്ദ്രൻ, പി.പി.പ്രശാന്ത്കുമാർ, എസ്.രാധാകൃഷ്ണൻ, ട്വിങ്കിൾ പ്രഭാകരൻ, സുകന്യകുമാർ എന്നിവരെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

തൊട്ടടുത്തുള്ള അജയകുമാറും കുടുംബവും കന്നാസിൽ നിറച്ച മണ്ണെണ്ണയും ലൈറ്ററുമായി നടപടികളെ എതിർത്തു. അവർക്കു പിന്തുണയുമായി കോൺഗ്രസ്, ബിജെപി.പ്രവർത്തകർ തടിച്ചുകൂടിയതോടെ പ്രതിഷേധം ശക്തമായി. തഹസിൽദാർ അനിൽ എബ്രഹാം സ്ഥലത്തെത്തി പ്രതിഷേധക്കാരും വീട്ടുകാരുമായി സംസാരിച്ചശേഷമാണ് കല്ലിടീൽ താത്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചത്.

കോട്ടയം കല്ലുങ്കൽ കടവിൽ കല്ലിടാനുള്ള ശ്രമം തടഞ്ഞു

കെ റെയിൽ പദ്ധതിക്കു കോട്ടയം കല്ലുങ്കൽ കടവിൽ കല്ലിടാനുള്ള ശ്രമവും ജനകീയ സമിതിയും നാട്ടുകാരും ചേർന്നു തടഞ്ഞു. പൊലീസ് അകമ്പടിയോടെ എത്തിയ ഉദ്യോഗസ്ഥ സംഘം മണിക്കൂറുകളോളം നീണ്ട പ്രതിഷേധത്തിനൊടുവിലാണ് മടങ്ങിയത്. ജനകീയ സമിതിയുടെ നേതൃത്വത്തിൽ സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം കുത്തിയിരിപ്പു സമരം നടത്തി.

സമ്മേളനം സമിതി ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി ജോൺ കൈതയിൽ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജയൻ പി. മഠം, പഞ്ചായത്ത് അംഗം ജയന്തി ബിജു, എസ്യുസിഐ ഏരിയ സെക്രട്ടറി അജയകുമാർ, പി.ടി. ബിജു, എം.കെ. ഷഹസാദ്, ജുബിൻ കൊല്ലാട് എന്നിവർ പ്രസംഗിച്ചു.

മലപ്പുറത്തെ കെ റെയിൽ ഓഫിസ് താഴിട്ട് പൂട്ടി യൂത്ത് ലീഗ് പ്രതിഷേധം

സംസ്ഥാന സർക്കാരിന്റെ കെ റെയിൽ പദ്ധതിക്കെതിരേ പ്രത്യക്ഷ സമരം ആരംഭിച്ച് യുഡിഎഫ്. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിൽ കെ റെയിൽ പദ്ധതിക്കായി തുറന്ന ഓഫിസ് യൂത്ത് ലീഗ് പ്രവർത്തകർ താഴിട്ട് പൂട്ടി. ജീവനക്കാരെ അകത്തുകയറാൻ അനുവദിക്കാതെയാണ് പ്രതിഷേധം. ഒന്ാനര മണിക്കൂറോളമാണ് ജീവനക്കാരെ കയറ്റാതെ പ്രവർത്തകർ ഉപരോധം സംഘടിപ്പിച്ചത്. ഇന്ന് മുതലാണ് പരപ്പനങ്ങാടിയിൽ കെ റെയിലിന്റെ ജില്ലാ ഓഫിസ് പ്രവർത്തനം തുടങ്ങിനിരുന്നത്.

ഓഫിസ് തുറക്കനായി രാവിലെ 10 മണിയോടെ ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് ഉപരോധം നടന്നത്. യൂത്ത് ലീഗ് പ്രവർത്തകർ ഓഫിസിന് മുന്നിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. കെ റെയിലിനെ സംബന്ധിച്ച് ഇത്രയും വിവാദങ്ങൾ നിലനിൽക്കുമ്പോൾ രഹസ്യമായി ഓഫിസ് പ്രവർത്തനം തുടങ്ങാനായിരുന്നു പദ്ധതിയെന്ന് യൂത്ത് ലീഗ് ആരോപിച്ചു. ഉപരോധം തുടർന്നതോടെ പൊലീസ് സ്ഥലത്തെത്തി ബലമായി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. ജില്ലയിൽ പലയിടങ്ങളിലും കെ റെയിലിനെതിരേ പ്രതിഷേധം ശക്തമാവുന്നതിനിടെയാണ് ഓഫിസ് ഉപരോധം.

അതേസമയം അതിവേഗ റെയിലിനായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ തീരുമാനിച്ച് സംസ്ഥാന സർക്കാർ മുന്നോട്ടു പോകുകയാണ്. കണ്ണൂർ എൽ.ആർ. ഡെപ്യൂട്ടി കളക്ടറായിരുന്ന അനിൽ ജോസിനെ സിൽവർ ലൈൻ ഭൂമി ഏറ്റെടുക്കൽ ചുമതല നൽകി എറണാകുളത്ത് നിയമിച്ചു. മൂന്ന് മാസത്തിനകം സർവേ പൂർത്തിയാക്കുകയാണ് പുതിയ ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘത്തിന്റെ ആദ്യകടമ്പ. ഇതിന് വേണ്ടിയുള്ള ശ്രമങ്ങൾ ശക്തമാകുമ്പോഴും പ്രതിഷേധങ്ങൾ പ്രതിബന്ധമാകുകയാണ്.

സിൽവർ ലൈൻ പാത കടന്നുപോകുന്ന 11 ജില്ലകളിലും സ്പെഷ്യൽ തഹസീൽദാർമാരെ നേരത്തെ തന്നെ നിയമിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലൂടെയാണ് പാത കടന്നുപോകുന്നത്. പാത കടന്ന് പോകുന്ന ജില്ലകളിലെ ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി ഭൂവിടം തിരിക്കാനുള്ള അതിര് കല്ല് സ്ഥാപിക്കുന്ന ജോലിയാണ് തഹസീൽദാർമാർ നടത്തിവരുന്നത്. കെ-റെയിൽ സ്ഥാപിച്ചു കഴിഞ്ഞാലുള്ള സാമൂഹിക ആഘാതപഠനം നടത്തണമെങ്കിൽ കല്ലിടൽ പൂർത്തിയായി ഭൂവിടം എത്രയെന്ന് കൃത്യമായി കണ്ടെത്തേണ്ടത് ആവശ്യമാണ്. 15 വില്ലേജുകളിൽ കല്ലിടൽ പൂർത്തിയായിട്ടുണ്ട്.

വിദേശവായ്പയിലെ അധികഭാരം സംസ്ഥാനം വഹിക്കാമെന്ന് കേരളം റെയിൽവേ മന്ത്രാലയത്തെ അറിയിച്ചിരുന്നു. നേരത്തെ റെയിൽവേ വഹിക്കുമെന്ന് പറഞ്ഞതിൽ കൂടുതലായി ഒന്നും ഏറ്റെടുക്കില്ലന്ന് നീതി ആയോഗും വ്യക്തമാക്കിയതിനെത്തുടർന്നാണ് എല്ലാ അധികബാധ്യതയും സംസ്ഥാനം ഏറ്റെടുക്കുന്നതായി അറിയിച്ചത്.