തിരുവനന്തപുരം: യുഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്ന ഒല്ലൂർ പിടിച്ചെടുക്കുകയും രണ്ടാം അങ്കത്തിലും അത് നിലനിർത്തുകയും ചെയ്ത ജനകീയതയുടെ പേരാണ് കെ. രാജൻ. സപിഐ ഏറ്റവും പ്രതീക്ഷ വയ്ക്കുന്ന യുവ നേതാവ് കൂടിയാണ് രാജൻ. വിപ്ലവമണ്ണായ തൃശൂർ അന്തിക്കാട്ട് ജനിച്ച് ഒല്ലൂരിന്റെ മുഖച്ഛായ മാറ്റിയ കെ.രാജൻ ഇടതുമന്ത്രിസഭയിലേക്ക്. ഗവ. ചീഫ് വിപ്പ് എന്ന നിലയിൽ ജില്ലയിലെ വികസന പ്രവർത്തനങ്ങളിലും കോവിഡ് പ്രതിരോധത്തിലും സജീവമായിരുന്ന രാജനു രണ്ടാം പിണറായി സർക്കാരിൽ ലഭിക്കുന്നത് അർഹമായ മന്ത്രിസ്ഥാനം. തുടർച്ചയായ രണ്ടാം തവണയാണു കെ.രാജൻ ഒല്ലൂരിൽനിന്നു നിയമസഭയിലെത്തുന്നത്.

നിലവിൽ എഐവൈഎഫ് ദേശീയ ജനറൽ സെക്രട്ടറിയും സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമായ രാജൻ 2019 മുതൽ ഗവ. ചീഫ് വിപ്പാണ്. കാലിക്കറ്റ് സർവകലാശാല യൂണിയൻ വൈസ് ചെയർമാനായിരുന്നു. 1973 മെയ്‌ 26ന് അന്തിക്കാട്ട് ജനനം. അന്തിക്കാട് ഗവ. എൽപി സ്‌കൂൾ, ഹൈസ്‌കൂൾ, തൃശൂർ ശ്രീ കേരളവർമ കോളജ്, ശക്തൻ തമ്പുരാൻ കോളജ്, തിരുവനന്തപുരം ലോ അക്കാദമി എന്നിവിടങ്ങളിൽ പഠനം. അന്തിക്കാട് ഗവ. ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ എഐഎസ്എഫിൽ ചേർന്നു. തൃശൂർ കോടതിയിൽ അഭിഭാഷകനായെങ്കിലും മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി. എഐഎസ്എഫ് ജില്ലാ, സംസ്ഥാന സെക്രട്ടറി, എഐവൈഎഫ് ജില്ലാ, സംസ്ഥാന സെക്രട്ടറി, ദേശീയ വൈസ് പ്രസിഡന്റ്, കാലിക്കറ്റ് സർവകലാശാലാ യൂണിയൻ വൈസ് ചെയർമാൻ, യുവജനക്ഷേമ ബോർഡ് അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ശാസ്ത്രസാഹിത്യ പരിഷത്തിലും ബാലവേദിയിലും പ്രവർത്തിച്ചിരുന്നു.
.
വിദ്യാഭ്യാസ കച്ചവടം, പെൻഷൻ പ്രായവർധന, അതിരപ്പിള്ളി പരിസ്ഥിതിപ്രശ്നം, വൈദ്യുതി നിരക്കു വർധന, സോളർ കേസ്, ബാർ കോഴ കേസ് തുടങ്ങിയ സമരമുഖങ്ങളിൽ നേതൃത്വം വഹിച്ചു. പൊലീസ് മർദനത്തിനിരയായ രാജൻ പല തവണ ജയിൽവാസം അനുഭവിച്ചു.

അന്തിക്കാട് പുളിക്കൽ പരേതനായ കൃഷ്ണൻകുട്ടി മേനോന്റെയും രമണിയുടെയും മകനാണ്. ഭാര്യ: എഐഎസ്എഫ് മുൻ നേതാവും കൊച്ചിൻ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥയുമായ അനുപമയാണ് ഭാര്യ.