തിരുവനന്തപുരം: കെ സുധാകരൻ കെപിസിസി അധ്യക്ഷനായതോടെ എന്താകും പൂരമെന്ന് കണ്ടറിയേണ്ടതാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ പരാമർശത്തോട് പ്രതികരിച്ചു കൊണ്ട് കെ സുധാകരൻ രംഗത്തെത്തി. എന്റെ പൂരം പലതും കണ്ട ആളാണ് പിണറായി എന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. മലയാള മനോരമയിൽ സുജിത് നായർക്ക് നൽകിയ അഭിമുഖത്തിലായിരുന്നു കെ സുധാകരന്റെ പ്രതികരണം.

സുധാകരന്റെ വാക്കുകൾ ഇങ്ങനെ: പിണറായി വിജയനു പല ശൈലികളുണ്ട്. എന്റെ പൂരം പലതും കണ്ട ആളാണ് പിണറായി. തലശ്ശേരി ബ്രണ്ണൻ കോളജിൽ ഞാൻ പ്രീഡിഗ്രിക്ക് ചേർന്നപ്പോൾ തൊട്ടു മുൻപത്തെ വർഷം കോളജ് വിട്ടെങ്കിലും സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി അദ്ദേഹം അവിടെ വരാറുണ്ടായിരുന്നു. അവിടെ കുറേ പൂരം അദ്ദേഹം കണ്ടതാണ്, ആ അനുഭവം ഉണ്ട്, അതു മറന്നിട്ടില്ലെന്നാണ് വിശ്വാസം.

എം വി ഗോവിന്ദൻ മാഷ് അഭിനന്ദിച്ചതിനെ കുറിച്ചും സുധാകരൻ പ്രതികരിച്ചു. വ്യക്തിപരമായി ഗോവിന്ദൻ മാഷ് ഇത്തിരി സ്‌നേഹമെല്ലാം കാണിക്കാറുണ്ട്, രണ്ടു വാക്ക് സംസാരിക്കും, മറ്റു പല നേതാക്കളും എന്നോട് അതു ചെയ്യാറില്ല, അതു കൊണ്ട് ഞാനും ചെയ്യാറില്ല. ഗോവിന്ദൻ മാഷിന്റെ മകൻ ശ്യാം എനിക്കു നല്ല ബന്ധം ഉള്ള കുട്ടിയാണ്. സിപിഎമ്മിന്റെ ചില എംഎൽഎമാരെല്ലാം ഇപ്പോൾ കുറച്ച് ലോഹ്യം പറയാറുണ്ട്, ഷംസീറും സുമേഷും മറ്റും കണ്ടാൽ വർത്തമാനം പറയും. അതേ ലോഹ്യം അപ്പോൾ ഞാനും കാട്ടും.- അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പു സമയത്താണ് തന്റെ രണ്ട് സഹോദരങ്ങൾ മരിച്ചത്. അതുകൊണ്ട് പ്രചരണ രംഗത്ത് അത്രകണ്ട് സജീവമാകാൻ സാധിച്ചില്ലെന്നാണ് സുധാകരൻ ചൂണ്ടിക്കാട്ടിയത്. 18 ദിവസത്തിനിടയിലാണ് രണ്ടു പേർ പോയത്. കണ്ണൂർ അസംബ്ലി സീറ്റിലെ എല്ലാ ബൂത്തുകളും കവർ ചെയ്തു പോകാനായിരുന്നു പരിപാടി. അതു സാധിച്ചെങ്കിൽ സതീശൻ പാച്ചേനി ജയിക്കുമായിരുന്നവെന്നും സുധാകരൻ പറഞ്ഞു. മൂന്നു ദിവസം അഴീക്കോട് നിശ്ചയിച്ച പര്യടനവും നടന്നില്ലെന്നും നിയുക്ത കെപിസിസി അധ്യക്ഷൻ വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ വി ഡി സതീശനവുമായി നല്ല സൗഹൃദമുണ്ട്. നല്ല ടീമായി പ്രവർത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സുധാകരൻ അഭിമുഖത്തിൽ വ്യക്തമാക്കി. ശൈലി മാറ്റാൻ ഉദ്ദേശമില്ലെന്നും സുധാകരൻ വ്യക്തമാക്കുന്നു. കെപിസിസി അധ്യക്ഷനായി ചുമതല ഏറ്റെടുത്താൽ രണ്ടു മാസത്തിനുള്ളിൽ ഡിസിസി അധ്യക്ഷ നിയമനം പൂർത്തിയാക്കാമെന്നാണ് പ്രതീക്ഷയെന്നും സുധാകരൻ വ്യക്തമാക്കി.