കോട്ടയം: പാലാ ബിഷപ്പിന്റെ നർക്കോട്ടിക് ജിഹാദ് പരാമർശം വിവാദമായ പശ്ചാത്തലത്തിൽ സമാധാനാന്തരീക്ഷം ഉറപ്പാക്കാൻ സമവായത്തിന് മുൻകൈ എടുക്കേണ്ടത് സർക്കാരാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പകരം ഇത് അവസരമാക്കി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സുധാകരൻ കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവിനൊപ്പം ചങ്ങനാശേരി ബിഷപ്പിനെ സന്ദർശിച്ച ശേഷം മാധ്യമങ്ങളെ കാണവേയാണ് കെ സുധാകരൻ സർക്കാറിനെതിരെ ആഞ്ഞടിച്ചത്.

പ്രദേശത്ത് സമാധാനാന്തരീക്ഷം കാത്തുസൂക്ഷിക്കാൻ മുൻകൈ എടുക്കേണ്ടത് സർക്കാരാണ്. പകരം തമ്മിലടിക്കുന്നത് കണ്ട് രക്തം നക്കി കുടിക്കാൻ വെമ്പൽ കൊള്ളുന്ന കഴുകനെ പോലെ, അല്ലെങ്കിൽ ചെന്നായയെ പോലെയാണ് സർക്കാർ പെരുമാറുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മതേതരത്വം ഉറപ്പാക്കുന്നതിൽ കോൺഗ്രസിന് ധാർമ്മിക ഉത്തരവാദിത്തമുണ്ട്. അതിന്റെ ഭാഗമായാണ് സന്ദർശനം. ഉച്ചയ്ക്ക് പാല ബിഷപ്പിനെയും കാണുമെന്നും അദ്ദേഹം പറഞ്ഞു.

മതസൗഹാർദ്ദം നിലനിർത്താൻ എല്ലാവിധ സഹകരണവും ചങ്ങനാശേരി ബിഷപ്പ് ഉറപ്പുനൽകിയതായി കെ സുധാകരൻ പറഞ്ഞു. മതേതരത്വത്തിന്റെ വക്താക്കളാണ് കോൺഗ്രസ്. ഇന്ത്യയിൽ മതേതരത്വം സംരക്ഷിക്കാൻ കോൺഗ്രസ് എപ്പോഴും ഉണ്ടാവും. എന്നാൽ ഇതിനെ സമാന്തര സമവായ നീക്കമായി കാണേണ്ടതില്ല. മതേതരത്വം നിറവേറ്റാനുള്ള ഉത്തരവാദിത്തമായി ഇതിനെ കണ്ടാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.

പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ നാർക്കോട്ടിക്ക് ജിഹാദ് പ്രസ്താവനയ്ക്ക് പിന്നാലെ ബിഷപ്പിന് പിന്തുണയുമായി ജോസഫ് പെരുന്തോട്ടം ലേഖനം എഴുതിയിരുന്നു. നാർക്കോട്ടിക്ക് ജിഹാദ് പ്രസ്താവനയെ തുടർന്നുണ്ടായ വിവാദത്തിൽ നിലപാട് അറിയിക്കാനും വിവാദങ്ങൾ അവസാനിപ്പിക്കാനുമുള്ള നീക്കമാണ് കോൺഗ്രസ് നടത്തുന്നത്.

രാവിലെ 8.30 ന് എത്തിയ ഇരുവരും ഒരു മണിക്കൂർ നേരം അരമനയിൽ ബിഷപ്പുമായി സംസാരിച്ചശേഷം 9.30 ഓടെ കോട്ടയത്തേക്ക് മടങ്ങി. കോൺഗ്രസിൽ ഗ്രൂപ്പ് പോര് മൂർച്ചിച്ച് നില്‌ക്കേ പാർട്ടി ജില്ലാതല യോഗവും, യു ഡി എഫ് യോഗവും ഇന്ന് കോട്ടയം ജില്ലയിൽ വിളിച്ചു ചേർത്തിട്ടുണ്ട്. അതേസമയം പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിനെ കാണാൻ സുരേഷ് ഗോപി ബിഷപ്പ് ഹൗസിലെത്തി. നാർകോട്ടിക്ക് ജിഹാദ് വിവാദത്തിൽ ബിഷപ്പ് സഹായം തേടിയാൽ ഇടപെടുമെന്ന് സുരേഷ് ഗോപി നേരത്തേ വ്യക്തമാക്കിയിരുന്നു.

അങ്ങോട്ടു പോയി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നില്ല. നാർക്കോട്ടിക് ജിഹാദിൽ കൂടുതൽ അഭിപ്രായങ്ങൾ വരട്ടെ. ഭൂരിപക്ഷ അഭിപ്രായത്തിനൊപ്പം നിൽക്കുമെന്നുമായിരുന്നു ദിവസങ്ങൾക്ക് മുമ്പ് സുരേഷ് ഗോപി പറഞ്ഞത്. ഇതിന് പിന്നാലെയാണ് ബിഷപ്പ് ഹൗസിൽ സുരേഷ് ഗോപി നേരിട്ടെത്തിയത്.