കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയെ ചൊല്ലി പലയിടത്തും അമർഷം പുകയുന്നതിനിടെ സംസ്ഥാന നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് കെപിസിസി വർക്കിങ് പ്രസിഡന്റ് കെ സുധാകരൻ. സ്ഥാനാർത്ഥി പട്ടിക ആത്മവിശ്വാസം ഇല്ലാതാക്കുന്നതാണെന്നാണ് സുധാകരൻ പറയുന്നത്. തനിക്ക് പ്രത്യാശയും ആത്മവിശ്വാസവും നഷ്ടമായെന്ന് കെ സുധാകരൻ ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.

കണ്ണൂർ ജില്ലയിൽ അടക്കം സ്ഥാനാർത്ഥി നിർണയത്തിൽ തന്റെ അഭിപ്രായം കോൺഗ്രസ് നേതൃത്വം പരിഗണിച്ചില്ലെന്ന അമർഷമാണ് സുധാകരന്റെ വാക്കുകളിൽ ഉള്ളത്. ഇതാണ് പൊട്ടിത്തെറിയായി ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 'കോൺഗ്രസ് നേതൃത്വത്തിന്റെ പ്രവർത്തികൾ അത്ര മോശമായിരുന്നു. ഹൈക്കമാൻഡിനെ കേരളത്തിലെ നേതാക്കൾ തെറ്റിദ്ധരിപ്പിച്ചു. സ്ഥാനാർത്ഥിപ്പട്ടികയിൽ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും വേണുഗോപാലും അടങ്ങുന്ന സമിതി ഇഷ്ടക്കാരെ തിരുകി കയറ്റി. ഹൈക്കമാൻഡിന്റെ പേരിൽ കെസി വേണുഗോപാലും ഇഷ്ടക്കാർക്ക് സീറ്റ് നൽകി. ഹൈക്കമാൻഡിന്റെ പേരിലുള്ള തിരുകിക്കയറ്റൽ പതിവുള്ളതായിരുന്നില്ല. ജയസാധ്യത നോക്കാതെയാണ് പലർക്കും അവസരം നൽകിയത്'. തങ്ങളുടെ അഭിപ്രായങ്ങളെ പരിഗണിച്ചതേയില്ലെന്നും കെ.സുധാകരൻ ആരോപിച്ചു.

'കെപിസിസി വർക്കിങ് പ്രസിഡന്റെന്ന സ്ഥാനത്ത് താൻ തുടരുന്നത് മനസോടെയല്ലെന്നും സുധാകരൻ തുറന്നടിച്ചു. ആലങ്കാരിക പദവികൾ തനിക്ക് ആവശ്യമില്ല. സ്ഥാനം ഒഴിയാൻ പല തവണ ആലോചിച്ചിരുന്നുവെങ്കിലും തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് മുറിവേൽക്കാതിരിക്കാൻ വേണ്ടി മാത്രമാണ് രാജിവെക്കാത്തതെന്നും' ധർമ്മടത്ത് പിണറായി വിജയനെതിരെ മത്സരിക്കുന്നതിനെക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.

'ഇരിക്കൂരിൽ ധാരണകൾ ലംഘിക്കപ്പെട്ടു. ഇരിക്കൂറുകാർക്ക് ഇനി നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ല'. മട്ടന്നൂർ സീറ്റ് ആർഎസ്‌പിക്ക് കൊടുത്തത് കണ്ണൂരിലെ നേതാക്കളോട് ആലോചിക്കാതെയാണ്. ഇത് ജില്ലയിൽ കോൺഗ്രസിനെ ദുർബലപ്പെടുത്താൻ ഇടയാക്കുമെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

സ്ഥാനാർത്ഥി നിർണയത്തിൽ റോളൊന്നുമില്ലാത്ത കെപിസിസി വർക്കിങ് പ്രസിഡന്റ് കെ സുധാകരൻ എംപി കോൺഗ്രസിൽ ഒറ്റപ്പെടുന്ന നിലയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. കോൺഗ്രസ് സീറ്റുനിർണയ ചർച്ചകളിൽപോലും സുധാകരനെ അടുപ്പിച്ചില്ല. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും കണ്ണൂരിലെ 'പടക്കുതിര'യുടെ ഒറ്റ നിർദേശവും പരിഗണിച്ചുമില്ല. ഈ അവഗണനയാണ് സംസ്ഥാന നേതൃത്വത്തിനെതിരെ പൊട്ടിത്തെറിക്കാൻ സുധാകരനെ പ്രേരിപ്പിച്ചത്.

കണ്ണൂരിലെ കാര്യങ്ങൾപോലും കെപിസിസി വർക്കിങ് പ്രസിഡന്റായ തന്നോട് ആലോചിച്ചില്ലെന്ന തുറന്നുപറച്ചിലിൽ. ഒറ്റപ്പെട്ടതിന്റെ അമർഷനും നൊമ്പരവുമാണ് അദ്ദേഹത്തിലുള്ള്ള്ത. മട്ടന്നൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ആർഎസ്‌പി നേതാവ് ഇല്ലിക്കൽ അഗസ്തിയെ പ്രഖ്യാപിച്ചത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് സുധാകരൻ പറഞ്ഞു. ഇവിടെ കോൺഗ്രസിലെ രാജീവൻ എളയാവൂരിനെ മത്സരിപ്പിക്കാനായിരുന്നു നിർദേശിച്ചത്. എന്നാൽ, ഈ നിർദേശവും പാർട്ടി നേതൃത്വം ഗൗനിചില്ല.

കണ്ണൂർ ജില്ലയിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ അപ്രമാദിത്തമാണെന്ന തിരിച്ചറിവിലാണ് സുധാകരൻ. ഇരിക്കൂറിലും കണ്ണൂരിലും വേണുഗോപാൽ ചുവടുറപ്പിച്ചത് സുധാകരന് വലിയ തിരിച്ചടിയായി. ഇരിക്കൂറിൽ എ ഗ്രൂപ്പിന്റെ കലാപം അവഗണിച്ച് വേണുഗോപാലിന്റെ സ്വന്തക്കാരനായ സജീവ് ജോസഫിനാണ് സീറ്റു നൽകിയത്.

കണ്ണൂരിൽ കഴിഞ്ഞ തവണ കെ സുധാകരന്റെ നോമിനിയായിരുന്ന ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി ഇത്തവണ സീറ്റ് ഉറപ്പിച്ചത് കെ സി വേണുഗോപാലിന്റെ തണലിലാണ്. പാച്ചേനിയെ ഒഴിവാക്കാനാണ് സുധാകരൻ കണ്ണൂരിലേക്ക് മുല്ലപ്പള്ളി രാമചന്ദ്രനെ ക്ഷണിച്ചത്. പകരം കെപിസസി അധ്യക്ഷ സ്ഥാനവും അദ്ദേഹം മോഹിച്ചു. എന്നാൽ, മുല്ലപ്പള്ളി ഈ കുരുക്കിൽ വീണില്ല. അടുത്ത അനുയായി റിജിൽ മാക്കുറ്റിക്ക് സീറ്റ് നൽകണമെന്ന് സുധാകരൻ പറത്തതും കണ്ണൂർ മനസ്സിൽകണ്ടാണ്. പേരാവൂരിലെ സണ്ണി ജോസഫ് മാത്രമാണ് പേരിനെങ്കിലും സുധാകരനോട് അടുപ്പം പുലർത്തുന്ന സ്ഥാനാർത്ഥിയുള്ളത്. ഇതോടെ സ്വന്തം ജില്ലയിൽ പോലും ഒറ്റപ്പെടുന്നതിലെ അമർഷമാണ് കെ സുധാകരനുള്ളത്.