തിരുവനന്തപുരം: കടകൾ തുറക്കണമെന്ന വ്യാപാരികളുടെ ആവശ്യത്തോട് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ചു കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ജീവിതം വഴിമുട്ടിയ കച്ചവടക്കാരോട് ധാർഷ്ട്യം കാണിക്കാതെ ഒരു മയത്തിൽ മുഖ്യമന്ത്രിക്ക് പെരുമാറിക്കൂടെയെന്ന് സുധാകരൻ ചോദിച്ചു. സമരം ചെയ്യുന്ന വ്യാപാരികൾക്ക് കോൺഗ്രസ് പൂർണപിന്തുണ പ്രഖ്യാപിക്കുന്നതായും അദ്ദേഹം അറിയിച്ചു.

'മരംകട്ട് മുറിച്ച് കൊള്ള നടത്തിയവരോടല്ല, സ്വർണകള്ളക്കടത്ത് നടത്തിയവരോടല്ല, സ്വർണം പിടച്ച് പറിച്ചതിന്റെ ഒരു വിഹിതം പാർട്ടിക്കാണെന്ന് പറഞ്ഞ കൊള്ളക്കാരോടല്ല മുഖ്യമന്ത്രി മനസ്സിലാക്കി കളിച്ചാൽ മതിയെന്ന് പറഞ്ഞത്. ഈ നാട്ടിലെ ജനങ്ങളുടെ സ്പന്ദിക്കുന്ന വികാരത്തിന്റെ ഭാഗമായി മാറിയ കച്ചവട സമൂഹത്തോടാണ്. അവർ ആത്മഹത്യാ മുനമ്പിലാണെന്നും സുധാകരൻ പറഞ്ഞു.

കച്ചവടക്കാരുടെ നീറുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഒരു സർക്കാരിനാവുന്നില്ലെങ്കിൽ ചുരുങ്ങിയത് അപമാനിക്കാതിരിക്കാനെങ്കിലും സർക്കാരിന് സന്മനസ്സ് ഉണ്ടാകണം' അദ്ദേഹം തിരുവനന്തപുരത്ത് വ്യക്തമാക്കി.വ്യാപാരികളുടെ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും കേൾക്കുകയും പരിഹാരം നൽകുകയും വേണം. ഈ സംസ്ഥാനം ഭരിക്കുന്ന സർക്കാരിനോടല്ലാതെ പിന്നാരോടാണ് അവർ പറയുക. കച്ചവട സ്ഥാപനങ്ങൾ നിലനിൽപ്പിന്റെ അവസാന പടിയിലെത്തിയപ്പോഴാണ് പൊലീസ് അനുവദിച്ചാലും ഇല്ലെങ്കിലും തങ്ങൾ തുറക്കുമെന്ന് പ്രഖ്യാപിച്ചത്. അവരോട് യുദ്ധം ചെയ്യാനല്ല സർക്കാർ പോകേണ്ടത്. അവരുടെ പ്രശ്നങ്ങൾ കേൾക്കാനുള്ള ക്രിയാത്മകമായ ചർച്ചയാണ് വേണ്ടത്. അതാണ് ഒരു ജനാധിപത്യ സംവിധാനത്തിൽ ഭരണകൂടം ചെയ്യേണ്ടതെന്ന് ഓർമപ്പെടുത്തുന്നുവെന്നും സുധാകരൻ പറഞ്ഞു.

ഞങ്ങൾ നീതി അർഹിക്കുന്ന കച്ചവടക്കാർക്കൊപ്പമാണ്. അവരുടെ സമരത്തിനൊപ്പമാണ്. ബസുകളുടെ കാര്യത്തിലും അതേ സമീപനമാണ്. നികുതിയും ലോണും അവർ അടക്കണം. അതിന് യാതൊരു സമയം നൽകലുമില്ല. എന്നാൽ ബസുകൾ ഓടാനോ കടകൾ തുറക്കാനോ പാടില്ല. സമൂഹത്തെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന വിലക്കുകളാണ് ഇപ്പോഴുള്ളത്. വിലക്കിന്റെ പ്രധാന്യത്തെ വില കുറച്ച് കാണുന്നില്ല. എന്നാൽ അതിനെ മയപ്പെടുത്താനുള്ള ഒരുപാട് സാധ്യതകൾ സർക്കാരിന്റെ മുന്നിലുണ്ട്. അത് സർക്കാർ പരിശോധിക്കണമെന്നാണ് മുഖ്യമന്ത്രിയോട് പറയാനുള്ളത്. ഒരു മയപ്പെടുത്തിയ പ്രതികരണവും ഒരു മയപ്പെടുത്തിയ പെരുമാറ്റവും കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ചെയ്തൂകൂടെയെന്നും സുധാകരൻ ചോദിച്ചു.

കേരളത്തിന്റെ ഗവർണർ ഇന്ന് സത്യാഗ്രഹമിരിക്കുകയാണ്. ഇന്ത്യൻ ചരിത്രത്തിൽ ഇതാദ്യമാണ്. ഒരു സംസ്ഥാനത്തിന്റെ തലവൻ സ്വന്തം സർക്കാരിനെതിരെ സത്യാഗ്രഹമിരിക്കുന്നത് ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ എവിടെയെങ്കിലുമുണ്ടോ..പറഞ്ഞ് പറഞ്ഞ് നടപടികളില്ല.കരഞ്ഞ് കരഞ്ഞ് തരമില്ല. കണ്ട് കണ്ട് സഹിച്ചു. ഇനിയും സഹിക്കാനാവുന്നില്ല. അവടെയാണ് ഒരു സമൂഹം ഉണരുന്നത്. ജനങ്ങൾക്ക് നൽകേണ്ട സുരക്ഷിത്വം ഉറപ്പുവരുത്താൻ ഉത്തരവാദിത്തപ്പെട്ട സർക്കാരിന്റെ നിഷ്‌ക്രിയത്വത്തിൽ പ്രതിഷേധിച്ച് ഭരണത്തലവൻ തന്നെ സമരമിരിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്.ഒരു പുനരാലോചന വേണം. പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ഞാൻ മുഖ്യമന്ത്രിയോടും മന്ത്രിമാരോടും ആവശ്യപ്പെടുന്നു. ഞങ്ങൾ ഒപ്പം നിൽക്കുമെന്നും കെപിസിസി അധ്യക്ഷൻ കൂട്ടിച്ചേർത്തു.