കോട്ടയം: കോൺഗ്രസ് വിട്ട നേതാക്കൾക്ക് 'രാഷ്ട്രീയ അഭയം' നൽകുന്ന സിപിഎം നിലപാടിൽ രൂക്ഷവിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. കോൺഗ്രസ് തള്ളുന്ന മാലിന്യങ്ങളെ സ്വീകരിക്കുന്ന സിപിഎം നയം രാഷ്ട്രീയ പാപരത്വമാണെന്ന് കെ സുധാകരൻ തുറന്നടിച്ചു. 100 പ്രവർത്തകരുമായി മറ്റൊരു പാർട്ടിയിലേക്ക് പോകുന്നവരെയാണ് നേതാവ് എന്ന് വിളിക്കേണ്ടതെന്നും സുധാകരൻ പറഞ്ഞു.

മാറ്റത്തിന് തടസം നിൽക്കുന്ന ഒരുപാട് മാലിന്യങ്ങൾ നമ്മൾ തള്ളും. ആ മാലിന്യം എടുക്കാൻ സിപിഎം സ്വീകരിക്കുന്ന നയം അവരുടെ രാഷ്ട്രീയ പാപരത്വം കൊണ്ടാണെന്നായിരുന്നു സുധാകരന്റെ പ്രതികരണം. ചങ്ങനാശേരി അതിരൂപതയിൽ എത്തി ആർച്ച് ബിഷപ്പിനെ കണ്ടശേഷം സംസാരിക്കുകയായിരുന്നു സുധാകരൻ.

എ.കെ.ജി സെന്ററിലേക്ക് കേറി പോകുമ്പോൾ കൈ ചുമലിൽവെക്കാൻ ഒരു സഹപ്രവർത്തകൻ കൂടെ ഇല്ലായിരുന്നുവെന്ന് സിപിഎമ്മിലേക്ക് പോയ മൂന്നു പേരും ഓർക്കണം. നിലവിൽ കോൺഗ്രസിൽ വിട്ട് പോയവരുടെ കൂടെ ആരും പോയിട്ടില്ല. പാർട്ടിയിൽ നിന്ന് നേതാവല്ല മറിച്ച് ഒരു കോൺഗ്രസുകാരനാണ് പോയതെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

പ്രമുഖ നേതാക്കൾ പോലും പാർട്ടി വിടുകയല്ലേയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ആരാണ് പ്രമുഖ നേതാക്കൾ എന്നും നേതാക്കൾ ഒരു നേതാവ് എന്നു പറഞ്ഞാൽ എന്താണെന്നും സുധാകരൻ ചോദിച്ചു.

'ഹസന് മറുപടി പറയാനൊന്നും ഞാനില്ല. അനുയായികൾ ഉള്ളവനാണ് നേതാവ്. ഈ നേതാക്കന്മാർ എകെജി സെന്ററിലേക്ക് കയറി പോകുമ്പോൾ കൈ ഒന്നു ചുമരിൽവെക്കാൻ കൂടി ആരും കൂടെയില്ല. അത് എങ്ങനെ നേതാവ് ആവും. നേതാവ് ആണെങ്കിൽ ഒരു പത്ത് പേരെങ്കിലും ഒപ്പം വേണം.' സുധാകരൻ പറഞ്ഞു.

സെമി കേഡർ സംവിധാനം എന്താണെന്ന് പഠിപ്പിക്കേണ്ടവരെ തങ്ങൾ പഠിപ്പിക്കുന്നുണ്ടെന്നും ഒരു മാറ്റത്തിലേക്കാണ് പോകുമ്പോൾ പലതും കളയേണ്ടതായും ത്യജിക്കേണ്ടതായും വരുമെന്നും സുധാകരൻ കൂട്ടിചേർത്തു.