കണ്ണൂർ: കണ്ണൂരിലെ മുതിർന്ന സിപിഎം നേതാവ് പി ജയരാജന് സീറ്റു നിഷേധിച്ചതിൽ കണ്ണൂരിൽ സിപിഎം പ്രവർത്തകരുടെ വികാരം ഇരമ്പുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനെതിരായാണ് പി ജെ ആർമ്മി തിരിഞ്ഞിരിക്കുന്നത്. ഈ സംഭവത്തിൽ തന്ത്രപരമായി നിലപാടുമായി കോൺഗ്രസ് നേതാവ് കെ സുധാകരൻ രംഗത്തെത്ത. പി ജയരാജൻ അനുകൂലികളുടെ വോട്ട് കോൺഗ്രസിലേക്ക് എത്തിക്കാനുള്ള തന്ത്രമാണ് സുധാകരൻ പയറ്റുന്നത്.

കണ്ണൂരിലെ മുതിർന്ന സിപിഎം നേതാവ് പി ജയരാജനെ പാർട്ടി ഒറ്റപ്പെടുത്തുകയാണെന്ന പ്രതീതി പൊതുവിലുണ്ടെന്ന് കെ സുധാകരൻ പ്രതികരിച്ചു. ആർഎസ്എസ് ചർച്ചയെക്കുറിച്ച് ഗോവിന്ദൻ മാസ്റ്റർ നിഷേധിച്ച കാര്യം ജയരാജൻ തുറന്നുപറഞ്ഞത് സിപിഐഎമ്മിൽ സംഭവിക്കാറില്ലാത്ത കാര്യമാണ്. ഇവയിലൊന്നും ജയരാജനെ മാത്രം പ്രതിക്കൂട്ടിൽ കയറ്റാൻ കഴിയില്ലെന്നും എന്നാൽ അവയൊന്നും കോൺഗ്രസിനെ ബാധിക്കുന്ന കാര്യങ്ങളല്ലെന്നും സുധാകരൻ വ്യക്തമാക്കി.

'പി ജയരാജനെ ഒറ്റപ്പെടുത്തുന്ന പ്രതീതിയാണ് പൊതുവിലുള്ളത്. അത് ഞങ്ങളുടെ കാര്യമല്ല. സിപിഎമ്മിന്റെ ആഭ്യന്തര കാര്യമാണ്. ഇതോടെ സിപിഐഎമ്മിലുണ്ടായിരുക്കുന്ന വിള്ളൽ എതിർപാർട്ടിക്ക് സഹായകരമാകും. അതൊന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല. ജയരാജനും ജയരാജന്മാരെല്ലാവരും ഒറ്റക്കെട്ടായി മറുഭാഗത്ത് നിന്നാലും കണ്ണൂർ ജില്ലയിൽ യുഡിഎഫിന് ലഭിക്കേണ്ട സീറ്റുകൾ യുഡിഎഫ് തന്നെ നേടും', അദ്ദേഹം പറഞ്ഞു.

'ആർഎസ്എസുമായി ചർച്ച നടത്തി എന്ന് ജയരാജൻ പറഞ്ഞത് സിപിഐഎമ്മിൽ സാധാരണ ഗതിയിൽ ഇല്ലാത്ത ഒരു സംഭവമാണ്. ഗോവിന്ദൻ മാഷ് നിഷേധിച്ച വസ്തുത ശരിയായിരുന്നെന്ന് പത്രക്കാരോട് പറഞ്ഞത് സിപിഎമ്മിന്റെ രാഷ്ട്രീയ ചരിത്രത്തിലെ അപൂർവ സംഭവങ്ങളിൽ ഒന്നാണ്. സ്വാഭാവികമായും അതിനനുസരിച്ച കലാപം പാർട്ടിക്കകത്ത് നടക്കുന്നുണ്ട്. ഒരുകാലത്ത് പാർട്ടി നൂറുശതമാനവും ഉപയോഗിച്ച പി ജയരാജനെ ഇപ്പോൾ ഒറ്റപ്പെടുത്താൻ ശ്രമിക്കുകയാണ്. ഞങ്ങൾക്ക് അതിൽ സന്തോഷവുമില്ല. വേവലാതിയുമില്ല. അദ്ദേഹത്തെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നു എന്ന തോന്നൽ ദൃക്സാക്ഷി എന്ന നിലയ്ക്ക് മനസിനുള്ളിലുണ്ട്. അതവരുടെ ആഭ്യന്തര കാര്യമാണ്. അവർക്ക് ഒറ്റപ്പെടുത്താം. പുറത്താക്കാം. മത്സരിപ്പിക്കാം. മത്സരിപ്പിക്കാതിരിക്കാം. അതൊക്കെ സിപിഎമ്മിന്റെ ആഭ്യന്തരകാര്യം മാത്രമാണ്', സുധാകരൻ വിശദീകരിച്ചു.

എംഎൽഎയുടെ സാന്നിധ്യത്തിൽ ആർഎസ്എസുമായി നടത്തിയ ചർച്ച സിപിഐഎം തീരുമാനിച്ച് നടത്തിയതാണ്. അതിൽ ജയരാജനെ മാത്രമൊന്നും പ്രതിക്കൂട്ടിൽ കയറ്റാൻ പറ്റില്ല. അത് നടന്നു എന്ന് സത്യസന്ധമായി പറഞ്ഞതാണ് ജയരാജന്റെ ഭാഗത്തുനിന്നുണ്ടായത്. അത് നിഷേധിച്ചതാണ് താത്വികാചാര്യനായിട്ടുള്ള ഗോവിന്ദൻ മാസ്റ്ററുടെ നിഷേധാത്മകമായ മുഖമെന്നും അദ്ദേഹം തുറന്നടിച്ചു.

രണ്ടുതവണ മത്സരിച്ച് പരാജയപ്പെട്ട സ്ഥാനാർത്ഥികളെ ഇനി പരിഗണ്ിക്കേണ്ട തീരുമാനത്തിൽ ചില ഇളവുകളുണ്ടാകുമെന്ന സൂചനയും സുധാകരൻ നൽകി. 'സിപിഎമ്മിന്റെ പാർട്ടി ഗ്രാമങ്ങളായ മണ്ഡലങ്ങളിൽ മത്സരിക്കാൻ സ്ഥാനാർത്ഥികൾ ദുർലഭമാകുന്ന സന്ദർഭങ്ങളിൽ പാർട്ടി കർക്കശമായി പറഞ്ഞ് മത്സരിപ്പിക്കുന്ന സ്ഥാനാർത്ഥികളുണ്ട്. സതീശൻ പാച്ചേനി അങ്ങനെ മൂന്ന് തവണ മത്സരിച്ച സ്ഥാനാർത്ഥിയാണ്. മലമ്പുഴയിൽ മത്സരിക്കാൻ പാർട്ടിയുടെ നേതാക്കന്മാർ പലരും തയ്യാറാവാത്ത ഘട്ടങ്ങളിൽ പാർട്ടി ആവശ്യപ്പെട്ടിട്ടാണ് രണ്ട് തവണ സതീശൻ മലമ്പുഴയിൽ മത്സരിച്ചത്. അദ്ദേഹത്തിന്റെ ക്വാട്ടിയിൽ ആ മത്സരങ്ങളെ കൂട്ടുന്നത് ശരിയാണോ? പാർട്ടി ആവശ്യപ്പെട്ട് ഒരു തവണ കൂത്തുപറമ്പിലും മത്സരിച്ചു. ആ മത്സരമൊന്നും ഈ കണക്കുകളിൽ വരില്ല. അത് സതീശന് മാത്രമല്ല, കേരളത്തിലെ എല്ലാ കോൺഗ്രസ് നേതാക്കൾക്കും ബാധകമാണ്'.

എവി ഗോപിനാഥനെ പാലക്കാട് ഡിസിസി അധ്യക്ഷനാക്കി പ്രഖ്യാപിക്കാൻ കെപിസിസിയിൽ സമ്മർദ്ദം ചെലുത്തിയിട്ടുണ്ടെന്നും രണ്ടുദിവസത്തിനുള്ളിൽ പ്രഖ്യാപനുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ജോസഫ് വിഭാഗത്തിന്റെ തർക്കങ്ങളൊന്നും വലിയ ആഴവും പരപ്പുമുള്ളവയല്ല. പരിഹരിക്കാവുന്ന ചെറിയ പ്രശ്നങ്ങളേയുള്ളു. ലീഗിന്റെയും കേരള കോൺഗ്രസിന്റെയും ആവശ്യങ്ങൾ പരിഗണിക്കും. ഇതിനേക്കാൾ വലിയ പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ടുപോയിട്ടുള്ള മുന്നണിയാണ് യുഡിഎഫെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.