കണ്ണൂർ: കോൺഗ്രസിൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ സൃഷ്ടിക്കാൻ കണ്ണൂരിൽ നിന്നും അങ്കം കുറിച്ച് കെ. പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. ഡി.സി.സി അധ്യക്ഷന്മാരുടെ പുനഃ സംഘടനയുമായി ബന്ധപ്പെട്ടു പാർട്ടിയിൽ ഉരുണ്ടുകൂടിയ ഗ്രൂപ്പു പോരിൽ വ്യക്തമായ മുൻതൂക്കം നേടാൻ കെ.സുധാകരൻ കണ്ണൂർ ഡി.സി.സി ഓഫിസ് ഉദ്ഘാടനത്തിനെത്തുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായും എ. ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലുമായും രഹസ്യകൂടിക്കാഴ്‌ച്ച നടത്തുമെന്നാണ് സൂചന.

ഇതോടെ കേരളത്തിൽ തനിക്ക് അനുകൂലമായ പുതിയ ഐക്യനിര കെട്ടിപ്പൊടുക്കാൻ കഴിയുമെന്നാണ് സുധാകരന്റെ പ്രതീക്ഷ. ഇന്ന് നടക്കുന്ന ഡി.സി.സി ഓഫിസ് ഉദ്ഘാടന ചടങ്ങിലേക്ക് മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും വിളിക്കാതെ ഏറ്റുമുട്ടലെങ്കിൽ ഏറ്റുമുട്ടലെന്ന തന്റെ നയം വ്യക്തമാക്കുകയാണ് സുധാകരൻ ചെയ്തതെന്ന വിലയിരുത്തലാണ് കോൺഗ്രസിൽ നിന്നുമുയരുന്നത്. വരും നാളുകളിൽ പതിഞ്ഞ താളം വിട്ടു തന്റെ സ്വതസിദ്ധമായ കണ്ണൂർ സ്റ്റൈലിൽ കെപിസിസി അധ്യക്ഷനെന്ന നിലയിൽ പാർട്ടിക്കുള്ളിൽ ശക്തമായ ഇടപെടൽ സുധാകരൻ നടത്തുമെന്നാണ് സൂചന.

കെ.സി വേണുഗോപാലുമായുള്ള അസ്വാരസ്യം പറഞ്ഞു തീർത്തുകൊണ്ടു ഹൈക്കമാൻഡ് പിൻതുണ ഉറപ്പിക്കാനും കേരളത്തിൽ ഗ്രൂപ്പിനതീതമായി ചിന്തിക്കുന്നവരുടെ പിൻതുണ വി.ഡി സതീശനുമായുള്ള ഐക്യനിര കെട്ടിപ്പൊടുക്കുന്നതിലൂടെ കൈവരിക്കാനുമാണ് സുധാകരൻ ലക്ഷ്യമിടുന്നത്. എന്നാൽ കണ്ണൂരിൽ ഏറെ സ്വാധീനമുള്ള ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യുന്ന ജില്ലാ കോൺഗ്രസ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാത്തതിൽ വിവിധ കോണുകളിൽ നിന്നും വിമർശനമുയർന്നിട്ടുണ്ട്.

സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ്, കെ.പി.സി സി പ്രസിഡന്റ്, വർക്കിങ് പ്രസിഡണ്ടുമാർ തുടങ്ങി പ്രധാന നേതാക്കളെല്ലാം വ്യാഴാഴ്‌ച്ച രാത്രി തന്നെ കണ്ണൂരിലെത്തി കഴിഞ്ഞു. ഡി.സി.സി ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുകയാണ് നേതാക്കളുടെ സന്ദർശന ലക്ഷ്യമെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ ആഭ്യന്തര കലഹം പരിഹരിക്കാനുള്ള ചർച്ചകൾക്ക് ഇന്നലെ തന്നെ നേതാക്കൾ തുടക്കമിട്ടുകഴിഞ്ഞുവെന്നാണ് സൂചന.

ഉച്ചയോടെ കണ്ണൂർവിമാനത്താവളത്തിലെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കെ.സുധാകരനുമായി രണ്ട് വട്ടമാണ് ചർച്ച നടത്തിയത്. ഈ ചർച്ചയിൽ ചില സമവായ ഫോർമുലകൾ രൂപപ്പെട്ടതായാണ് സൂചന. ഇന്ന് കെ.സി വേണുഗോപാലടക്കമുള്ള നേതാക്കളുമായി ചർച്ച ചെയ്ത ശേഷമാകും അന്തിമ തീരുമാനമെടുക്കുക എന്നാൽ കെപിസിസി പ്രസിഡന്റിന്റെ സ്വന്തം ജില്ലയിൽ നടക്കുന്ന പരിപാടിയിൽ ചെന്നിത്തലയുടെയും ഉമ്മൻ ചാണ്ടിയുടെയും അസാന്നിദ്ധ്യവും ഇതിനകം ചർച്ചയായിട്ടുണ്ട്. ഇരുവരും ഓൺലൈനായി പരിപാടിയിൽ പങ്കെടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

എന്തായാലും ഇരുവരെയും വിശ്വാസത്തിലെടുക്കുന്ന തീരുമാനങ്ങളാവും നേതൃത്വം കൈക്കൊള്ളുകയെന്നാണ് സുധാകര വിഭാഗം നൽകുന്ന സൂചന. പാർട്ടിക്കുള്ളിൽ ആഴത്തിൽ സാന്നിധ്യമുള്ള ഇരു നേതാക്കളെയും ഒറ്റയടിക്കു തള്ളിപ്പറഞ്ഞു കൊണ്ടു മുൻപോട്ടുപോകാൻ സുധാകരൻ ഒരുക്കമല്ലെന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവർ പറയുന്നത്. അവരെ അംഗീകരിച്ചും പരിഗണിച്ചും സമവായത്തിലൂടെ പാർട്ടിയിൽ സ്വാധീനമുറപ്പിക്കാനാണ് സുധാകരൻ ഒരുങ്ങുന്നത്. ഇതോടെ കണ്ണൂരിലെ സുധാകരന്റെ നീക്കങ്ങൾ സംസ്ഥാനതലത്തിൽ തന്നെ കോൺഗ്രസ് രാഷ്ട്രീയത്തെ സ്വാധീനിച്ചേക്കും.