കണ്ണൂർ: കണ്ണൂരിലെ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിന് പിന്നിൽ സിപിഎം ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി കെ സുധാകരൻ എം പി. കണ്ണൂരിലെ അറിയപ്പെടുന്ന സിപിഎം നേതാവിലേക്കാണ് കെ സുധാകരൻ വിരൽചൂണ്ടുന്നത്. സിപിഎം നേതാവ് പാനോളി വത്സനാണ് കൊലപാതക ഗൂഢാലോചനക്ക് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു.

നേരത്തെ കൂത്തുപറമ്പ് മേഖലയിൽ വിവിധ അക്രമ കേസുകൾ നടത്തിയ സംഘമാണ് പനോളി വത്സ ന്റെത്.അതുകൊണ്ടുതന്നെ ഇത്തവണ കുത്തുപറമ്പ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പിന്റെ ചുമതലയുണ്ടായിരുന്ന പനോളി വത്സൻ പരാജയഭീതി കൊണ്ടാണ് അക്രമവും കൊലപാതകവും അഴിച്ചുവിട്ടതെന്ന് കെ.സുധാകരൻ പറഞ്ഞു.

സിപിഎം ഇനിയും അക്രമം തുടർന്നാൽ യു.ഡി.എഫ് ശക്തമായി പ്രതികരിക്കുക തന്നെ ചെയ്യുമെന്ന് സുധാകരൻ പറഞ്ഞു. അരിയിൽ ഷുക്കൂർ.എടയന്നുർ ശുഹൈബ് തുടങ്ങി യു.ഡി.എഫിന് വേണ്ടി പ്രവർത്തിച്ച എത്രയെത്ര യുവാക്കളെ ഇവർ കൊന്നും തള്ളിയെന്നും നേരത്തെ കൊലപാതക രാഷ്ട്രീയത്തിനുണ്ടായ തിരിച്ചടി സിപിഎം ഓർക്കണമെന്നും സുധാകരൻ പറഞ്ഞു. കണ്ണുർ ജില്ലയിൽ സിപിഎം കൊലപാതക രാഷ്ട്രീയത്തിന് വീണ്ടും തുടക്കം കുറിച്ചത് വോട്ടർ പട്ടികയിൽ പേരുണ്ടെങ്കിൽ ആർക്കു വേണമെങ്കിലും വോട്ടു ചെയ്യാമെന്ന എം.വി ഗോവിന്ദൻ മാസ്റ്ററുടെ പ്രസ്താവനയെ തുടർന്നാണ്.

ഗോവിന്ദൻ മാഷെ ആരാണ് മാഷാക്കിയതെന്ന് അറിയില്ല ' അദ്ദേഹം ഡ്രിൽ മാസ്റ്ററാണെന്നാണ് കേട്ടിട്ടുള്ളത്. എന്തു തന്നെയായാലും പരസ്യമായി നിയമ ലംഘനം നടത്താൻ ആഹ്വാനം ചെയ്ത ഗോവിന്ദൻ മാസ്റ്റർക്കെതിരെ കേസെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ തയ്യാറാകണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

മുമ്പ് ടി പി വധക്കേസ് അന്വേഷണ ഘട്ടത്തിൽ അടക്കം പറഞ്ഞു കേട്ട പേരായിരുന്നു പനോളി വത്സന്റേത്. അന്ന് കേസ് അന്വേഷണം പുരോഗമിക്കവേ പനോളി വ്ത്സന് പങ്കുണ്ടെന്ന് സമ്മതിക്കാൻ പൊലീസ് സമ്മർദ്ദം ചെലുത്തിയെന്ന് ആരോപിച്ചു രംഗത്തുവന്നത് അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ തന്നെയായിരുന്നു. ഓഫീസ് സെക്രട്ടറി ബാബുവിനെ കസ്റ്റഡിയിലെടുത്ത ഭീകരമായി പൊലീസ് മർദ്ദിച്ചു. പാനോളി വത്സന് കൊലപാതകത്തിൽ പങ്കുണ്ടെന്ന് സമ്മതിക്കണമെന്നായിരുന്നു പൊലീസിന്റെ ആവശ്യമെന്നും പിണറായി അക്കാലത്ത് കേസിൽ പ്രതിരോധം തീർത്തു കൊണ്ട് പറഞ്ഞിരുന്നു.

ഇങ്ങനെ ടി പി കേസിൽ വാർത്തകളിൽ ഇടംപിടിച്ച നേതാവിനെതിരെയാണ് വീണ്ടും കെ സുധാകരൻ ആരോപണം ഉന്നയിച്ചിരിക്കുന്നത്. അതേസമയം, കൊലയിൽ പങ്കില്ലെന്നാണ് സി പി എം സംസ്ഥാന-ജില്ലാ നേതൃത്വങ്ങളുടെ പ്രതികരണം. മൻസൂറിന്റെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു.

ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് കൊലയാളികൾ മകനെ വെട്ടിക്കൊന്നതെന്ന് മൻസൂറിന്റെ പിതാവ് മുസ്തഫ പറഞ്ഞു. തന്റെ കൺമുമ്പിലാണ് എല്ലാം നടന്നത്. വീട്ടിലേക്ക് വരുന്ന ജംഗ്ഷനിലായിരുന്നു സംഭവം. രാത്രിയിൽ ഒച്ചയും ബഹളവും കേട്ടാണ് വീട്ടിൽ നിന്നും ഇറങ്ങി ചെന്നത്. കാലിന് അടുത്തായാണ് ബോംബ് പൊട്ടിയതെന്നും മുസ്തഫ പറയുന്നു.മരിച്ച മകൻ മൻസൂർ മുസ്ലിം ലീഗ് അനുഭാവിയാണ്.

തന്റെ കുടുംബത്തിൽ എല്ലാവരും ലീഗ് അനുഭാവികളാണ്. മൂത്തമകനായ മുഹ്സിനാണ് തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് പോയത്. എന്തിനാണ് അവർ ഇങ്ങനെ ചെയ്തത് എന്നറിയില്ല. വലിയ കശപിശ നടന്നതുകൊണ്ട് അതൊക്കെ തീർന്ന് ആൾക്കാരെ മാറ്റി അഞ്ച്-പത്ത് മിനിറ്റ് കഴിഞ്ഞാണ് മൻസൂറിനെ കൊണ്ടുപോയത്. ആദ്യം തലശേരിയിലും പിന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടു പോയി. രണ്ട് മൂന്ന് പേർ ചേർന്ന് മുഹ്സിനെ തല്ലുന്നത് കണ്ടാണ് താനും മൻസൂറും അങ്ങോട്ട് ചെന്നത്. ഞങ്ങൾ പോയി കുട്ടികളെയെല്ലാം പിടിച്ചു മാറ്റി. അതിനിടയിലാണ് ആരോ മൻസൂറിനെ വെട്ടിയതെന്ന് മുസ്തഫ പറയുന്നു.

മൻസൂറിന്റേത് രാഷ്ട്രീയക്കൊലയെന്നാണ് പൊലീസ് പറയുന്നത്. 11 പ്രതികളെ തിരിച്ചറിഞ്ഞെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ പറഞ്ഞു. ആക്രമണം നടത്തിയത് പത്തിലധികം പേരടങ്ങിയ സംഘമാണ്. കൊലപാതകത്തിൽ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കണം. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കുമെന്നും ആർ ഇളങ്കോ അറിയിച്ചു. സംഘർഷവുമായി ബന്ധപ്പെട്ട് ഒരു സിപിഎം പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൻസൂറിന്റെ അയൽവാസി ഷിനോസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊലയ്ക്ക് പിന്നിൽ സിപിഎം ആണെന്ന് മുസ്ലിം ലീഗ് ആരോപിച്ചു.

ഇന്നലെ രാത്രി എട്ട് മണിയോടെയുണ്ടായ സംഘർഷത്തിൽ വെട്ടേറ്റ മൻസൂറ് ഇന്ന് രാവിലെയാണ് മരിച്ചത്. ഇയാളുടെ സഹോദരൻ മുഹ്സിനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. പേര് ചോദിച്ച് ഉറപ്പാക്കിയ ശേഷമാണ് തന്നെ ആക്രമിച്ചതെന്ന് കണ്ണൂരിൽ കൊല്ലപ്പെട്ട മൻസൂറിന്റെ സഹോദരൻ മുഹ്സിൻ പറയുന്നു. ഇരുപതംഗ ഡിവൈഎഫ്ഐ സംഘമാണ് ആക്രമിച്ചത്. തന്നെ മർദ്ദിക്കുന്നത് കണ്ടാണ് സഹോദരൻ ഓടിയെത്തിയതെന്നും അക്രമികളെ പരിചയമുണ്ടെന്നും മുഹ്സിൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മുഹ്സിൻ കോഴിക്കോട് ചികിത്സയിലാണ്. കൺമുന്നിൽ വച്ചാണ് മകനെ വെട്ടി കൊലപ്പെടുത്തിയതെന്ന് കൊല്ലപ്പെട്ട മുഹ്സിന്റെ പിതാവ് അബ്ദുള്ള ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഒരു വലിയ സംഘമെത്തി മൂത്ത മകനെ വലിച്ചിറക്കി. തടയാൻ ചെന്ന ഇളയ മകനെ വെട്ടുകയായിരുന്നുവെന്നും അബ്ദുള്ള പറയുന്നു.

കൊലപ്പെട്ട മൻസൂറിന്റെ സഹോദരൻ മുഹ്സിൻ 150-ാം നമ്പർ ബൂത്തിലെ യുഡിഎഫ് ഏജന്റായിരുന്നു. ഇന്നലെ ഉച്ചയോടെ പോളിംഗിനിടെ മുക്കിൽപീടിക ഭാഗത്ത് ലീഗ്-സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. സിപിഎം കേന്ദ്രങ്ങളിൽ മുസ്ലിം ലീഗ് പ്രവർത്തകർ ആളുകളെ ഓപ്പൺ വോട്ട് ചെയ്യിക്കാൻ എത്തിച്ചതിനെ സിപിഎം പ്രവർത്തകർ ചോദ്യം ചെയ്തതോടെയാണ് സംഘർഷം തുടങ്ങിയത്. പിന്നാലെ കടവത്തൂർ ഭാഗത്തെ 150,149 ബൂത്തുകളിൽ വലിയ തോതിലുള്ള വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി. പോളിംഗിനിടെ തന്നെ മുഹ്സിന് നേരെ ഭീഷണിയുണ്ടായിരുന്നു. വൈകിട്ട് പോളിങ് കഴിഞ്ഞ് മുഹ്സിൻ വീട്ടിലേക്ക് പോകുന്നതിനിടെ ഒളിച്ചിരുന്ന അക്രമിസംഘം ബോംബ് എറിഞ്ഞ ശേഷം വെട്ടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

ഈ ആക്രമണത്തിനിടെ മുഹ്സിന്റെ സഹോദരനായ മൻസൂറിനും വെട്ടേൽക്കുകയായിരുന്നു. കാലിന് ഗുരുതരമായി പരിക്കേറ്റ മൻസൂറിനെ ആദ്യം തലശ്ശേരിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും അർധരാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. ബോംബേറിൽ ഒരു സ്ത്രീക്കും പരിക്കേറ്റു. മൻസൂറിന്റെ കൊലയിൽ പ്രതിഷേധിച്ച് കൂത്തുപറമ്പിൽ യുഡിഎഫ് ഹർത്താൽ ആചരിക്കയാണ്.