കൊച്ചി: പുരാവസ്തു വിൽപ്പനക്കാരനെന്ന പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിന്റെ സാമ്പത്തിക ഇടപാടിന് താൻ സാക്ഷിയായിരുന്നു എന്ന ആരോപണം നിഷേധിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മോൻസൺ മാവുങ്കലിനെ അറിയാമെന്ന് സുധാകരൻ കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മോൻസൺറെ പണ ഇടപാടുമായി യാതൊരു ബന്ധവുമില്ല, ഡോക്ടറെന്ന നിലയിൽ ചികിത്സക്കായാണ് വീട്ടിൽ പോയി താമസിച്ചതെന്നും സുധാകരൻ വ്യക്തമാക്കി.

പണ ഇടപാടിനെ കുറിച്ച് തന്റെ സാന്നിധ്യത്തിൽ യാതൊരു ചർച്ചയും നടന്നിട്ടില്ലെന്നും സുധാകരൻ വ്യക്തമാക്കി. തന്നെ കുടുക്കാൻ ചില കറുത്ത ശക്തികൾ പ്രവർത്തിക്കുന്നതായി സംശിയിക്കുന്നതായും സുധാകരൻ പറഞ്ഞു. മോൻസനെ അഞ്ചോ ആറോ തവണ കണ്ടിട്ടുണ്ട്. മോൻസനുമായി ബന്ധമുണ്ട്. ഡോക്ടറെന്ന നിലയ്ക്കാണ് കാണാൻ പോയത്. അവിടെ ചെന്നപ്പോഴാണ് വിലപിടിപ്പുള്ള പുരാവസ്തുക്കൾ കാണാനിടയായിത്. പുരാവസ്തുക്കളുടെ വലിയ ശേഖരം തന്നെ അവിടെ ഉണ്ട്. അദ്ദേഹത്തെ കാണാൻ പോയി എന്നതിലപ്പുറം പരാതിയിൽ പറയുന്ന ആരുമായി തനിക്ക് ഒരുബന്ധവുമില്ലെന്ന് സുധാകരൻ പറഞ്ഞു.

പരാതിക്ക് പിന്നിൽ ഒരു കറുത്ത ശക്തിയുണ്ട്, മുഖ്യമന്ത്രിയുടെ ഓഫീസിനും ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും സെക്രട്ടറി ഒന്നിലേറെ തവണ വിളിച്ചിരുന്നതായി പരാതിക്കാരൻ പറഞ്ഞ കാര്യവും സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് നാല് തവണ വിളിച്ചതായി പരാതിക്കാരൻ തന്നെ പറയുന്നുണ്ട്. അത് ശരിയാണെങ്കിൽ അതിന്റെ പിന്നിൽ ഒരു ഗൂഢാലോചയില്ലേ?. കരുണാകരൻ ട്രസ്റ്റിന്റെ പതിനെട്ട് കോടി തട്ടിയെടുത്ത് എന്ന് പറഞ്ഞിട്ട് ഇപ്പോൾ എന്തായി. തെളിവ് ഒന്നും ഇല്ലാത്തതിനാൽ പരാതിക്കാരനെ ഡിഐജി അദ്ദേഹത്തെ തെറിവിളിച്ചതായാണ് എനിക്ക് വിവരം കിട്ടിയത്. പരാതിക്കാരൻ പറയുന്നത് താൻ എംപിയായപ്പോൾ ഇടപെട്ടന്നാണ്. 2018ൽ താൻ എംപിയല്ലെന്നും ഒരു ഫിനാൻസ് കമ്മറ്റിയിലും താൻ അംഗമായിട്ടില്ലെന്നു സുധാകരൻ പറഞ്ഞു.

കെപിസിസി അധ്യക്ഷനായ ശേഷം മോൻസൺ പ്രവാസി സംഘടനാ പ്രതിനിധി എന്ന നിലയിൽ കെപിസിസി ഓഫീസിലെത്തി തന്നെ കണ്ടിരുന്നതായു സുധാകരൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പത്ത് ദിവസം കെ സുധാകരൻ മോൻസൺ മാവുങ്കലിന്റെ വീട്ടിൽ താമസിച്ചിരുന്നു. നിരവധി വിശേഷണങ്ങൾ പേരിനൊപ്പംചേർത്തിട്ടുള്ള മോൻസൺ മാവുങ്കൽ കോസ്മറ്റോളജിസ്റ്റ് ആണെന്നും പറയുന്നു. ഇത് കൂടാതെ പണം ലഭ്യമാക്കാൻ കെ സുധാകരൻ മോൻസണുവേണ്ടി ഇടപെട്ടുവെന്നുമാണ് പരാതിയിൽ പറയുന്നത്. ഫെമ പ്രകാരം തടഞ്ഞുവെച്ച 25 ലക്ഷം രൂപ വിട്ടുകിട്ടാനാണ് സുധാകരൻ മോൻസനെ സഹായിച്ചുവെന്നാണ് ആരോപണം.

രാജകീയ ജീവിതമായിരുന്നു മോൻസൺ നയിച്ചിരുന്നത്. കൊട്ടാരസമാന വീട്ടിലായിരുന്നു പുരാവസ്തുശേഖരം. ജിഎംസി കാരവാൻ ഉൾപ്പെടെയുള്ളവ ഇയാൾക്ക് സ്വന്തമായിരുന്നു. എവിടെയെങ്കിലും പോകുമ്പോൾ ചുറ്റും ബ്ലാക്ക് ക്യാറ്റ്‌സ് സംഘം അനുഗമിക്കും. നടൻ, എഴുത്തുകാരൻ, മോട്ടിവേഷണൽ സ്പീക്കർ എന്നീ നിലകളിലും മോൻസൺ അറിയപ്പെട്ടിരുന്നു. പല പ്രമുഖരെയും ഇയാളുടെ പുരാവസ്തുകേന്ദ്രത്തിലേക്ക് വിളിച്ചുവരുത്തി സൽക്കരിക്കുകയും ഒപ്പംനിന്ന് ചിത്രമെടുക്കുകയും ചെയ്യുന്ന പതിവും ഇയാൾക്കുണ്ടായിരുന്നു. അതിനുശേഷം ഈ ചിത്രങ്ങൾ ചൂണ്ടിക്കാട്ടി പലരെയും തട്ടിപ്പിന് ഇരയാക്കിയതായും ക്രൈംബ്രാഞ്ച് പറഞ്ഞു.

നൂറോളം രാജ്യങ്ങൾ സന്ദർശിച്ച് ലേലംചെയ്തെടുത്ത പുരാതന വസ്തുക്കളാണിവയെന്നാണ് മോൻസൺ അവകാശപ്പെട്ടിരുന്നത്.എന്നാൽ ഇവയിൽ പലതും തിരുവനന്തപുരത്തുള്ള ആശാരി നിർമ്മിച്ചു നൽകിയതാണെന്ന് പറയുന്നു. തിനിടെ പ്രവാസി മലയാളി ഫെഡറേഷൻ രക്ഷാധികാരി മോൻസൺ മാവുങ്കലിനെ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്തു. പിഎംഎഫ് ഗ്ലോബൽ ഡയറക്ട് ബോർഡിനു വേണ്ടി ചെയർമാൻ ജോസ് ആന്റണി കാനാട്ട്, സാബു ചെറിയാൻ, ബിജു കർണൻ, ജോൺ റാൽഫ്, ജോർജ് പടിക്കകുടി, ഗ്ലോബൽ കോർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ എന്നിവർ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഇതേ പ്രവാസി സംഘടനയുമായി ബന്ധപ്പെട്ട യുവതിയുടെ പിന്തുണയിലാണ് മാവുങ്കൽ ഉന്നത ബന്ധങ്ങൾ ഉണ്ടാക്കിയത്. പൊലീസ് ഉദ്യോഗസ്ഥർക്ക് ഇയാളെ പരിചയപ്പെടുത്തി കൊടുത്തത് തൃശൂരിലെ ഈ യുവതിയാണ്. ഈ യുവതിയിലേക്ക് അന്വേഷണമെത്തിയാൽ പല പ്രമുഖരും കുടുങ്ങും. പ്രവാസി മലയാളി ഫെഡറേഷൻ ഏറ്റെടുത്തു നടത്തിവന്നിരുന്ന ചാരിറ്റി പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി മോൻസൺ മാവുങ്കൽ പിഎംഎഫിന്റെ പല ചാരിറ്റി പ്രവർത്തനങ്ങളിലും പങ്കാളിയായിരുന്നു. പ്രവാസി മലയാളി ഫെഡറേഷൻ ഡയറക്ടർ ബോർഡ് തീരുമാനമനുസരിച്ചു ചാരിറ്റി പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന മോൻസൺ മാവുങ്കലിനെ സംഘടനയുടെ രക്ഷാധികാരി സ്ഥാനത്തു നിയമിച്ചിരുന്നു. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിലും ദൃശ്യമാധ്യമങ്ങളിൽ പ്രചരിച്ച വാർത്തയെ തുടർന്നുമാണ് അദ്ദേഹത്തെ സംഘടനയുടെ രക്ഷാധികാരി സ്ഥാനത്തുനിന്നും നീക്കം ചെയ്തതെന്ന് ഭാരവാഹികൾ അറിയിച്ചു. മുൻ ഡിഐജി സുരേന്ദ്രനെതിരെയും ആരോപണങ്ങൾ ഉണ്ട്.