കണ്ണൂർ: കണ്ണൂർ രാഷ്ട്രീയത്തിൽ എന്നും സിപിഎമ്മിന്റെ കണ്ണിൽ കരടാണ് കെ സുധാകരൻ എന്ന കോൺഗ്രസുകാരൻ. സിപിഎം അക്രമ ശൈലികളെ അതിജീവിച്ചു വളർന്ന നേതാവ്. മുഖ്യമന്ത്രി പിണറായി വിജയനുമായി നേരിട്ടു കൊമ്പു കോർക്കുന്ന അപൂർവ്വം നേതാക്കളിൽ ഒരാൾ. അങ്ങനെയുള്ള കെ സുധാകരൻ കെപിസിസി അധ്യക്ഷനായത് മുതൽ കോൺഗ്രസിന് പുത്തൻ ഉണർവ്വ് ഉണ്ടായിട്ടുണ്ട്. സിപിഎം അക്രമ ശൈലിയെ നേരിടാൻ തയ്യാറായ കെ സുധാകരനെതിരെ സിപിഎം നേതാക്കൾ കൂട്ടത്തോട രംഗത്തുണ്ട് താനും.

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടു സംസ്ഥാനത്ത് അക്രമ സംഭവങ്ങൾ വ്യാപിക്കുന്ന സാഹചര്യത്തിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപിക്കും സുരക്ഷാഭീഷണി ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നയിക്കുന്ന പാർട്ടിയുടെ അധ്യക്ഷനെന്ന നിലയിലാണ് സിപിഎം അണികളുടെ പ്രതിഷേധം സുധാകരനെതിരെ ശക്തമായിരിക്കുന്നത്.

ഇപ്പോഴത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ കെ സുധാകരന് പ്രത്യേക പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു എസ്‌ഐ അടങ്ങുന്ന സായുധ പൊലീസ് സംഘം യാത്രയിൽ ഉടനീളം അദ്ദേഹത്തെ അനുഗമിക്കും. പൊതു പരിപാടികളിലും ഇതേ സുരക്ഷ ഉണ്ടാവും. കണ്ണൂർ നടാലിലെ വീടിന് 4 പേർ അടങ്ങുന്ന സായുധ പൊലീസ് കാവൽ ഇന്നലെ മുതൽ ഏർപ്പെടുത്തി.

സുധാകരനു സംരക്ഷണം നൽകാൻ പൈലറ്റും എസ്‌കോർട്ടുമായി 3 ജീപ്പ് പൊലീസിനെയാണു നിയോഗിച്ചത്. നിലവിൽ സുധാകരന് ഒപ്പം ഒരേ സമയം രണ്ട് ഗൺമാന്മാർ ഉണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ നടന്ന പ്രതിഷേധത്തിനു പിന്നാലെ സുധാകരനെതിരെ ആക്രമണത്തിനു സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിരുന്നു. സിപിഎം അണികൾ മുഖ്യമന്ത്രിക്കുണ്ടായ ക്ഷീണം തീർക്കാൻ പ്രതികരിക്കാൻ തയ്യാറായേക്കുമെന്നായിരുന്നു പുറത്തുവന്ന ഇന്റലിജൻസ് റിപ്പോർട്ട്.

കഴിഞ്ഞ ദിവസം സുധാകരന്റെ ബന്ധുവീടിന് നേരെ കല്ലേറുമുണ്ടായിരുന്നു. അതേസമയം വിമാനത്തിലെ പ്രതിഷേധത്തെ ന്യായീകരിക്കുന്നില്ലെങ്കിലും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിപ്പറയില്ലെന്ന് സുധാകരൻ മുമ്പ് വ്യക്തമാക്കിയിരുന്നു. ഇതിനിടയിലാണ് സുധാകരന്റെ സുരക്ഷ വർധിപ്പിക്കുന്നത്.