തിരുവനന്തപുരം: ശശി തരൂരിന്റെ സിൽവർ ലൈൻ അനുകൂല പ്രസ്താവനയിൽ തിരുത്തൽ നടപടിയുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കെ റെയിലിനെ അനുകൂലിച്ചുള്ള വിവാദ പ്രസ്താവനയെക്കുറിച്ച് ശശി തരൂരിന്റെ നിലപാടാരായുമെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞു. ഒരു പ്രസ്താവനയുടെ പേരിൽ മാത്രം ശശി തരൂരിനെ വിലയിരുത്താനാവില്ല. കോൺഗ്രസും യുഡിഎഫും സിൽവർ ലൈൻ പദ്ധതിക്കെതിരാണ്. സിൽവർ ലൈൻ അശാസ്ത്രീയമാണ്. ഒരു കാരണവശാലും അനുവദിക്കാനാവില്ലെന്നും കെ. സുധാകരൻ പറഞ്ഞു.

വിഷയത്തിൽ ശശി തരൂരിനോട് ചോദിക്കാതെ പ്രതികരിക്കുന്നത് ശരിയല്ല. വിഷയം പാർട്ടിക്കുള്ളിൽ ചർച്ച ചെയ്യും. ശശി തരൂർ തെറ്റാണെങ്കിൽ തിരുത്താൻ ആവശ്യപ്പെടും. അദ്ദേഹം പാർട്ടിയെ അംഗീകരിക്കുന്ന ഒരാളാണെന്നും അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളും അംഗീകരിച്ചുകൊണ്ട് തന്നെ അദ്ദേഹം നടത്തി പ്രസ്താവനയേക്കുറിച്ച് പാർട്ടി അന്വേഷിക്കുമെന്നും സുധാകരൻ പറഞ്ഞു.

കെ-റെയിലിൽ ശശി തരൂർ നടത്തിയ അഭിപ്രായത്തോട് പ്രതികരിക്കുന്നില്ല. കെ-റെയിലിന് എതിരാണെന്ന് പാർട്ടിയും യുഡിഎഫും അഭിപ്രായം പറഞ്ഞിട്ടുണ്ട്. കെ- റെയിൽ അശാസ്ത്രീയമാണ്. ഒരു കാരണവശാലും കേരളത്തിൽ അനുവദിക്കാൻ സാധിക്കില്ല. കെ-റെയിൽ കൊണ്ടുവന്നവരല്ലേ ഹൈ സ്പീഡ് റോഡ് വന്നപ്പോൾ എതിർത്തത്. പരിസ്ഥിതി സർവേ നടത്തിയോ, സോഷ്യൽ സർവേ നടത്തിയോ ഡിപിആർ നടത്തിയോ ഒന്നും നടത്താതെ 64,000 കോടിയാണ് ചെലവെന്ന് പറയുന്നത് കളവല്ലേ?

വിവാഹപ്രായം ഉയർത്തുന്നത് സംബന്ധിച്ച് മുസ്ലിം ലീഗ് പറഞ്ഞത് അവരുടെ അഭിപ്രായമാണെന്നും കെ.സുധാകരൻ പറഞ്ഞു. ഇക്കാര്യത്തിൽ ജനാധിപത്യരാജ്യത്ത് ജനവികാരത്തിന്റെ സമ്മിശ്ര പ്രതികരണം ഉണ്ടാകും. അതിൽ നല്ല തീരുമാനം ഏതെന്ന് മഹാഭൂരിപക്ഷത്തിന്റെ അഭിപ്രായം അനുസരിച്ച് തീരുമാനിക്കാമല്ലോ? ഇക്കാര്യം കോൺഗ്രസ് ഇതുവരെ ചർച്ച ചെയ്തിട്ടില്ലെന്നും ഇക്കാര്യത്തിൽ ചർച്ച നടത്തി അഭിപ്രായം പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ കെ റെയിലിനെതിരേ യു.ഡി.എഫ് എംപിമാർ റെയിൽവെ മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ശശി തരൂർ എംപി ഒപ്പുവെച്ചിരുന്നില്ല. കെ റയിൽ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരേ പ്രത്യക്ഷ സമരത്തിന് പ്രതിപക്ഷം തയ്യാറെടുക്കവെയാണ് ശശി തരൂർ വ്യത്യസ്ത നിലപാട് സ്വീകരിച്ചത്. യു.ഡി.എഫിന്റെ 18 എംപിമാരാണ് നിവേദനത്തിൽ ഒപ്പുവെച്ചത്.

തന്റെ നിലപാടിനെതിരെ വിമർശനം ഉയരുമ്പോഴും ശശി തരൂർ സ്വന്തം നിലപാടിൽ ഉറച്ചു നൽക്കുന്ന സമീപനമാണ് സ്വീകരിച്ചത്. രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റിവെച്ച് വളർച്ചക്കൊപ്പം നിൽക്കേണ്ടത് അനിവാര്യമെന്ന് ശശി തരൂർ ഇന്ന് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. ചില വിഷയങ്ങളിൽ രാഷ്ട്രീയം മാറ്റിവെക്കാൻ നേതാക്കൾ തയാറാകണം. യുവാക്കളുടെ തൊഴിലവസരങ്ങളാണ് പ്രധാനം. കേരളത്തിന്റെ വികസനം മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചത് ആസ്വദിച്ചു. വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാർഹമാണെന്നും ശശി തരൂർ എംപി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയനെ പൊതുവേദിയിൽ ശശി തരൂർ എംപി പ്രശംസിച്ചത്. ഇത് കോൺഗ്രസ് പ്രവർത്തകർക്കിടയിൽ വലിയ വിമർസനത്തിന് ഇടയാക്കിയിരുന്നു. മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ശശി തരൂരിനെ വിമർശിച്ച് പരസ്യമായിത്തന്നെ രംഗത്തെത്തിയിരുന്നു. അതിനിടെയാണ് തരൂർ മുഖ്യമന്ത്രിയെ വീണ്ടും പ്രശംസിച്ചുകൊണ്ട് ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടത്.

കെ റെയിലിൽ ഉൾപ്പെടെ ശശി തരൂർ വ്യത്യസ്ത നിലപാട് എടുക്കുന്നതിൽ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. കെ റെയിലിന്റെ കാര്യത്തിലെ പാർട്ടി നിലപാട് കെ.സുധാകരൻ തന്നെ തരൂരിന് വ്യക്തമാക്കി കൊടുക്കും. മുഖ്യമന്ത്രി പിണറായി വിജയനെ തരൂർ നിരന്തരം പുകഴ്‌ത്തുന്നതിലും പാർട്ടിയിൽ മുറുമുറുപ്പുണ്ട്. കെ റെയിൽ പദ്ധതിയെ എതിർക്കാനുള്ള തീരുമാനം കോൺഗ്രസിന്റെ മാത്രമല്ല, ഉപസമിതിയെ വച്ച് പഠിച്ച് യുഡിഎഫ് ഒറ്റക്കെട്ടായി എടുത്തതാണ്. അതുകൊണ്ട് തന്നെ പദ്ധതിയിൽ ഇനിയും വ്യക്തത വരാനുണ്ടെന്ന് നിലപാട് എടുത്ത് കെ റെയിലിനെതിരായ യുഡിഎഫ് എംപിമാരുടെ നിവേദനത്തിൽ ഒപ്പിടാത്ത തരൂരിന്റെ നടപടി സംസ്ഥാന കോൺഗ്രസ് നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്.