തിരുവനന്തപുരം: സിപിഎം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ചുള്ള സെമിനാറിൽ നേതാക്കൾ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ പോരു മുറുകുന്നു. പുതിയ ഗ്രൂപ്പു സമവാക്യങ്ങൾ കൂടി ഇഴചേർന്നാണ് ഇപ്പോൾ തമ്മിലടി മുറുകുന്നത്. കെപിസിസിയുടെ വിലക്ക് ലംഘിച്ച് സിപിഎമ്മിന്റെ സെമിനാറിൽ ഏതെങ്കിലും കോൺഗ്രസ് നേതാവ് പങ്കെടുത്താൽ നടപടിയുണ്ടാകുമെന്ന് പ്രസിഡന്റ് കെ സുധാകരൻ വ്യക്തമാക്കി. കെ റെയിൽ വിഷയത്തിലടക്കം സിപിഎം ജനങ്ങളെ കണ്ണീര് കുടിപ്പിക്കുകയാണ്. വലിയ ജനസമൂഹം ആശങ്കയിലാണ്. ഈ സാഹചര്യത്തിൽ സിപിഎമ്മിന്റെ സെമിനാറിൽ പോകുന്നത് വിലക്കിയത്. ജനങ്ങളുടെ വികാരം മനസിലാക്കിയാണ് തിരുമാനമെന്നാണ് സുധാകരന്റെ വിശദീകരണം. സോണിയാ ഗാന്ധിയുടെ അനുമതിയുണ്ടെങ്കിൽ പോകട്ടേയെന്നും സുധാകരൻ കൂട്ടിച്ചേർക്കുന്നു.

ശശി തരൂരാണ് സെമിനാറിൽ പങ്കെടുക്കുമെന്ന് ആവർത്തിച്ചു വ്യക്തമാക്കിയിരിക്കുന്നത്. സിപിഎം പാർട്ടി കോൺഗ്രസിലെ സെമിനാറുകളിലേക്ക് കോൺഗ്രസ് നേതാക്കളായ ശശി തരൂരും കെ വി തോമസും എന്നിവർക്കാണ് ക്ഷണം ലഭിച്ചത്. മത നിരപേക്ഷത നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിലെ സെമിനാറിലേക്കാണ് തരൂരിനെ ക്ഷണിച്ചത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ബന്ധം എന്ന വിഷയത്തിലെ സെമിനാർ വേദിയിലേക്കാണ് കെ വി തോമസിനും ക്ഷണമുണ്ട്.

എന്നാൽ സിപിഎം സെമിനാറുകളിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കരുതെന്നാണ് കഴിഞ്ഞ ദിവസം കെപിസിസി നിർദ്ദേശം നൽകിയത്. എന്നാൽ സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാൻ പാർട്ടി വിലക്കില്ലെന്നും പങ്കെടുക്കരുതെന്ന കെപിസിസി നിർദ്ദേശം കിട്ടിയിട്ടില്ലെന്നുമാണ് ശശി തരൂർ അറിയിച്ചത്. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ചർച്ച ചെയ്ത് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും തരൂർ വിശദീകരിക്കുന്നു. ഇതിന് പിന്നാലെയാണ് സുധാകരന്റെ മുന്നറിയിപ്പ്.

കോൺഗ്രസിൽ അർഹമായ പരിഗണ കിട്ടുന്നില്ലെന്നാരോപിച്ച് മാസങ്ങളായി ഇടഞ്ഞ് നിൽക്കുന്ന നേതാവാണ് കെവി തോമസ്. വികസന കാര്യങ്ങളിൽ പാർട്ടിക്കതീതമായി നിലപാടെടെക്കുകയും പിണറായിയെ പൊതുവേദിയിൽ പോലും പ്രശംസിക്കാനും മടി കണിക്കാത്ത നേതാവാണ് ശശി തരൂർ. എന്നാൽ സിപിഎമ്മിന്റെ ഈ നീക്കം കെപിസിപി അധ്യക്ഷൻ കെ സുധാകരന് ദഹിച്ചിട്ടില്ല. സിപിഎം പരിപാടിയിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്നത് പ്രവർത്തകർക്ക് ഇഷ്ടമല്ലെന്നും അതിനാൽ പരിപാടിയിൽ പങ്കെടുക്കരുതെന്നുമാണ് കെപിസിസിയുടെ നിർദ്ദേശം.

അതേസമയം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ നിന്നും നേതാക്കളെ വിലക്കിയ നടപടി കോൺഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തമെന്ന് സിപിഎം പ്രതികരിച്ചു. കോൺഗ്രസ് ഇപ്പോൾ ബിജെപി അനുകൂല നിലപാടാണ് സ്വീകരിച്ചുവരുന്നത്. ബിജെപിയാണ് സിപിഎം സെമിനാറിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നത്. കോൺഗ്രസും ഈ തീരുമാനമെടുത്താൽ അവരും ബിജെപിക്കൊപ്പമാണെന്നാണ് വ്യക്തമാകുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

ആർഎസ്എസ് സഹായം ലഭിക്കാനാണ് കോൺഗ്രസ് ഇപ്പോൾ വിലക്ക് ഏർപ്പെടുത്തിയതെന്നും കോടിയേരി ആരോപിച്ചു. കോൺഗ്രസും ബിജെപിയും തമ്മിലുള്ള ഒത്തുകളിയാണ് സെമിനാർ ബഹിഷ്‌കരണം. ദേശീയ രാഷ്ട്രീയവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് കോൺഗ്രസ് നേതാക്കളെ ക്ഷണിച്ചത്. കോൺഗ്രസ് നേതാക്കൾ സെമിനാറിൽ സംബന്ധിക്കാൻ എത്തിയാൽ സ്വാഗതം എന്നും കോടിയേരി പറഞ്ഞു.