കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ജെ.ആർ.പി നേതാവ് സി. കെ. ജാനുവിന് 40 ലക്ഷം രൂപ കൈമാറിയെന്ന് ജെ.ആർ.പി മുൻ സംസ്ഥാന സെക്രട്ടറി ബാബു ബി. സി. വയനാട്ടിൽ അമിത് ഷാ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ ദിവസമാണ് പണം കൈമാറിയതെന്നും ബാബു പറയുന്നു. തെരഞ്ഞെടുപ്പ് സമയത്ത് ബത്തേരിയിൽ വെച്ച് നിരവധി തവണ പണമിടപാടുകൾ നടന്നുവെന്നും എൻ.ഡി.എയിൽ ചേർന്നപ്പോൾ ജാനു പണം വാങ്ങിയെന്ന് അന്ന് തന്നെ പാർട്ടി ഭാരവാഹികൾക്ക് അറിയാമായിരുന്നുവെന്നും ബാബു ഒരു ചാനലിനോട് പറഞ്ഞു.

തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പാണ് പാർട്ടി ഭാരവാഹിത്വത്തിൽ നിന്ന് രാജിവെച്ചതെന്നും അതുവരെയുള്ള പ്രചരണത്തിൽ ജാനുവിനൊപ്പം താനുണ്ടായിരുന്നുവെന്നും ബാബു പറഞ്ഞു. ഇതെല്ലാം പറയാൻ ഇപ്പോഴാണ് അവസരം ലഭിച്ചതെന്നും അതുകൊണ്ടാണ് എല്ലാം തുറന്നുപറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സി. കെ ജാനുവിന് കെ. സുരേന്ദ്രൻ 10 ലക്ഷം രൂപ നൽകിയെന്ന വാർത്ത ഇക്കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും എൻ.ഡി.എയുടെ ഭാഗമാവുന്നതിനുമായി 10 ലക്ഷം രൂപ സി.കെ ജാനുവിന് കെ. സുരേന്ദ്രൻ നൽകിയെന്ന് ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന ട്രഷറർ പ്രസീതയായിരുന്നു വെളിപ്പെടുത്തിയത്.

പിന്നാലെ പ്രതികരണവുമായി സി. കെ ജാനു രംഗത്തെത്തിയിരുന്നു. അടിസ്ഥാനരഹിതമായ ആരോപണമാണിതെന്നും പാർട്ടി പിടിച്ചടക്കാനുള്ള നടപടിയാണിതെന്നുമാണ് സി. കെ ജാനു പറഞ്ഞത്. അതിനിടെ പണമിടപാടുകളുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ പ്രതികരിച്ച് കെ. സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. സി.കെ ജാനു അവരുടെ ആവശ്യത്തിനായി പണം ചോദിച്ചിട്ടില്ലെന്നും ബിജെപിയെ ആക്രമിക്കാമെന്നും എന്നാൽ ജാനുവിനെ ആക്ഷേപിക്കരുതെന്നും സുരേന്ദ്രൻ പറഞ്ഞു. ആദിവാസി നേതാവായതുകൊണ്ടാണോ ജാനുവിനെ അവഹേളിക്കുന്നതെന്നും സുരേന്ദ്രൻ ചോദിച്ചിരുന്നു.