കൊച്ചി: ഉറപ്പാണ് എൽ ഡി എഫ് എന്നതാണ് ഇടതുപക്ഷത്തിന്റെ ഇത്തവണത്തെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച മുദ്രാവാക്യം ചുരുങ്ങിയ സമയം കൊണ്ട് വൈറലാവുകയും ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് മുദ്രാവാക്യത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തിയത്. ഉറപ്പല്ല.. അറപ്പാണ് എൽ ഡി എഫ് എന്നതായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.വിജയയാത്രയ്ക്ക് തൃപ്പൂണിത്തുറയിൽ നൽകിയ സ്വീകരണ യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

ഉറപ്പല്ല അറപ്പാണ് എൽഡിഎഫ്. കേരള രാഷ്ട്രീയത്തെ മലീമസമാക്കിയവരാണ് എൽഡിഎഫുകാർ. എങ്ങനെയാണ് കേരളത്തിന്റെ ഭരണവ്യവസ്ഥയിൽ കള്ളന്മാർക്ക് കയറി വരാൻ സാധിക്കുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു. കമ്യൂണിസ്റ്റ് പാർട്ടി പൂർണ്ണമായും തട്ടിപ്പുകാരുടെ പാർട്ടിയായി മാറി. മണിച്ചൻ മുതൽ ഇങ്ങോട്ട് എല്ലാ കള്ളന്മാരുടെയും അധോലോകക്കാരുടേയും പണം വാങ്ങിയവരാണ് സിപിഎമ്മുകാർ എന്ന് സുരേന്ദ്രൻ ആരോപിച്ചു.

യുഡിഎഫ് അഴിമതിയുടെ കാര്യത്തിൽ അതിനേക്കാൾ മുകളിലാണ്. അഴിമതിയിൽ മുങ്ങി കുളിച്ച ഉമ്മൻ ചാണ്ടിയെ മുൻപിൽവയ്ക്കുകയാണവർ. എന്നാൽ എൻഡിഎ അഴിമതിക്കെതിരെ യുദ്ധം ചെയ്യുന്നവരെയാണ് മുൻപിൽ നിർത്തുന്നത്. ജേക്കബ് തോമസും ഇ. ശ്രീധരനുമെല്ലാം ബിജെപിക്കൊപ്പം നിൽക്കുന്നത് അഴിമതി തുടച്ച് നീക്കാനാണെന്നും അദ്ദേഹം പറഞ്ഞു.