തിരുവനന്തപുരം എയർപോർട്ട് കൈമാറിയ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകിയതിന് പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ ​ഗുരുതരമായ അഴിമതി ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ‘വിമാനത്താവളത്തിന്റെ ടെൻഡറിൽ പങ്കെടുക്കാൻ സംസ്ഥാന സർക്കാർ ചെലവാക്കിയ രണ്ടുകോടി മുപ്പത്താറുലക്ഷത്തി മുപ്പത്തിരണ്ടായിരം രൂപയിൽ 2.13 കോടി രൂപ കൺസൽട്ടൻസിക്കു നൽകിയെന്നാണ് കെ സുരേന്ദ്രൻ വിവരാവകാശ രേഖ സഹിതം ചൂണ്ടിക്കാട്ടുന്നത്. ഫേസ്‌ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്.

ഇതിന് പിന്നാലെ ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ ഫേസ്‌ബുക്ക് കുറിപ്പുമായി രംഗത്തെത്തി. ‘വിമാനത്താവളത്തിന്റെ ടെൻഡറിൽ പങ്കെടുക്കാൻ രണ്ടുകോടി മുപ്പത്താറുലക്ഷത്തി മുപ്പത്തിരണ്ടായിരം രൂപ ചെലവ്. ഇതിൽ 2.13 കോടി കൺസൽട്ടൻസിക്കു മാത്രം. വെറുതെയല്ല ഈ ബഹളം വെക്കുന്നത്. ഇത്രയും വലിയ കൺസൽട്ടൽസി രാജും കൊള്ളയും നടത്താൻ പിണറായി സർക്കാരിനല്ലാതെ ആർക്കു കഴിയും. കരാർ എങ്ങാൻ തരപ്പെട്ടിരുന്നെങ്കിൽ വിമാനത്താവളം തന്നെ വിഴുങ്ങിക്കളയുമായിരുന്നു പിണറായി വിജയൻ'. അദ്ദേഹം കുറിച്ചു. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ ​ഗോവിന്ദൻ നമ്പൂതിരിക്ക് ലഭിച്ച രേഖകളും കെ സുരേന്ദ്രൻ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പങ്ക് വെക്കുന്നു.

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിന് നൽകുന്നതിന് എതിരെ ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസിൽ ഉത്തരവുണ്ടാകും വരെ കൈമാറ്റം സ്റ്റേ ചെയ്യണമെന്നാണ് സർക്കാരിന്റെ ആവശ്യം. കേസ് തിങ്കളാഴ്ച പരിഗണിക്കും. വിമാനത്താവളം കൈമാറാനുള്ള നടപടി തടയണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹർജി വളരെ നേരത്തെയാണെന്ന് കാണിച്ച് ഹൈക്കോടതി ഈ ആവശ്യം തള്ളി.

വിമാനത്താവള നടത്തിപ്പ് 50 വർഷത്തേക്ക് അദാനി ഗ്രൂപ്പിന്‌ നൽകാൻ കഴിഞ്ഞ ദിവസമാണ് കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചത്. കേരള സർക്കാർ കമ്പനിയുണ്ടാക്കി വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കാമെന്നായിരുന്നു മുന്നോട്ടു വച്ച നിർദ്ദേശം. ജയ്പൂർ, ഗുവാഹത്തി വിമാനത്താവളങ്ങളും 50 വർഷത്തേക്കു പാട്ടത്തിനു നൽകും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവരെ നേരിട്ടുകണ്ട് നടത്തിപ്പ് സംസ്ഥാന സർക്കാർ രൂപവൽക്കരിച്ച ട്രിവാൻഡ്രം ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡിനു (ടിയാൽ) നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിരുന്നു. അദാനി ഗ്രൂപ്പിന്റെ കമ്പനിക്കു സമാനമായി ടെൻഡർ നൽകാം എന്നതുൾപ്പെടെയുള്ള സന്നദ്ധതയും അറിയിച്ചിരുന്നു.

അദാനി ഗ്രൂപ്പ് തിരുവനന്തപുരം ഉൾപ്പെടെ 5 വിമാനത്താവളങ്ങളുടെ നടത്തിപ്പിനായി പ്രത്യേക കമ്പനി രൂപവൽക്കരിച്ചിരുന്നു. 8000 കോടി രൂപയാണ് കമ്പനിക്കായി നീക്കിവച്ചിരിക്കുന്നത്. ഇതിൽ ഒരു വിഹിതം തിരുവനന്തപുരത്തിനും ലഭിക്കും. രാജ്യാന്തരവിമാനത്താവളം പൊതുസ്വകാര്യപങ്കാളിത്തത്തോടെ വികസിപ്പിക്കുന്നതിനെതിരെ സംസ്ഥാന സർക്കാർ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികൾ കേരള ഹൈക്കോടതി തള്ളിയിരുന്നു.

വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ചേർന്ന സർവ്വകക്ഷി യോഗത്തിൽ ഉയർന്ന അഭിപ്രായങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഖ്യമന്ത്രി പിണറായി വിജയൻ കത്തുമുഖേന അറിയിച്ചു. സംസ്ഥാന സർക്കാർ മുഖ്യ പങ്കാളിയായ ഒരു സ്‌പെഷ്യൽ പർപ്പസ് വെഹിക്കിളിനെ വിമാനത്താവളത്തിന്റെ പ്രവർത്തനച്ചുമതല ഏൽപിക്കണമെന്ന് പല തവണ ഉന്നയിച്ച ആവശ്യം കേന്ദ്രം നിരാകരിച്ചതിൽ സർവ്വകക്ഷി യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ കടുത്ത അതൃപ്തി രേഖപ്പെടുത്തിയെന്ന് മുഖ്യമന്ത്രി അറിയിച്ചു.

വിമാനത്താവളത്തിന്റെ ടെൻഡറിൽ പങ്കെടുക്കാൻ രണ്ടുകോടി മുപ്പത്താറുലക്ഷത്തി മുപ്പത്തിരണ്ടായിരം രൂപ ചെലവ്. ഇതിൽ 2.13 കോടി...

Posted by K Surendran on Friday, August 21, 2020