ആലപ്പുഴ: ആലപ്പുഴയിലെ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസിന്റെ കൊലപാതകത്തിൽ പൊലീസിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരള പൊലീസിന് പോപ്പുലർ ഫ്രണ്ടിനെ ഭയമാണ്. പ്രതികളെ സംബന്ധിച്ച് വ്യക്തമായ വിവരങ്ങളും തെളിവും ലഭിച്ചിട്ടും സേനയെ സർക്കാർ കൂച്ചുവിലങ്ങിട്ടിരിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചത് പൊലീസാണ്. എസ്ഡിപിഐ കേന്ദ്രങ്ങളിൽ പരിശോധന പോലും നടന്നില്ല. പൊലീസിൽ പോപ്പുലർ ഫ്രണ്ടിന്റെ സ്ലീപ്പർ സെല്ലുകൾ ഉണ്ട്. അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് കൈമാറണം എന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

പ്രതികൾക്ക് അമ്പലപ്പുഴ എംഎൽഎ എച്ച് സലാമിന്റെ സഹായം കിട്ടി. ബിജെപി ഒഴികെയുള്ള പ്രസ്ഥാനങ്ങളിൽ പോപ്പുലർ ഫ്രണ്ടുകാർ നുഴഞ്ഞു കയറി.ഡിവൈഎഫ്‌ഐ ഏതാ പോപ്പുലർ ഫ്രണ്ട് ഏതാ എന്നറിയാൻ കഴിയാത്ത അവസ്ഥയാണ് എന്നും സുരേന്ദ്രൻ ആരോപിച്ചു.

പോപ്പുലർ ഫ്രണ്ടിനെ പൊലീസ് വല്ലാതെ ഭയപ്പെടുകയാണ്. പോപ്പുലർഫ്രണ്ടിലെ തീവ്രവാദികൾ ആയുധപരിശീലനം നടത്തുന്ന സ്ഥലങ്ങൾ ഉൾപ്പെടെ പൊലീസിന് അറിയാമെങ്കിലും സർക്കാർ സംരക്ഷിക്കുന്നവരെ പൊലീസിന് ഒന്നും ചെയ്യാൻ കഴിയുന്നില്ല. പൊലീസ് ഉദ്യോഗസ്ഥർ ആർഎസ്എസ്-ബിജെപി നേതാക്കളുടെ വീടിന്റെ സ്‌കെച്ച് തയ്യാറാക്കി നൽകുന്നു.

കേരള പൊലീസ് ആസ്ഥാനത്ത് പ്രവർത്തിക്കുന്നവർ പോലും പോപ്പുലർ ഫ്രണ്ടുമായി അടുപ്പം പുലർത്തുന്നവരാണ്. സ്ലീപ്പർ സെൽ പ്രവർത്തിക്കുന്നുവെന്നതിന് തെളിവാണിതെന്നും സുരേന്ദ്രൻ പറഞ്ഞു. മുൻപ് സസ്പെൻഷനിലായ പൊലീസ് അസ്ഥാനത്തെ ഉദ്യോഗസ്ഥനായ ഷാജഹാനെ ഈ സർക്കാർ സ്ഥാനക്കയറ്റം നൽകി നിയമിച്ചുവെന്നും സുരേന്ദ്രൻ ആരോപിച്ചു.

കൈവെട്ട് കേസിലേയും അഭിമന്യു വധക്കേസിലെയും പ്രതികൾ ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലങ്ങൾ കൃത്യമായി അറിയാമായിരുന്നിട്ടും പൊലീസ് ഇരുട്ടിൽ തപ്പി. സ്വന്തം പാർട്ടിയിലുള്ളവരെ കൊലപ്പെടുത്തിയിട്ടും സംരക്ഷണം നൽകിയവരാണ് സർക്കാരെന്നും അപ്പോൾ ബിജെപി നേതാക്കളുടെ കാര്യം പറയേണ്ടതുണ്ടോയെന്നും സുരേന്ദ്രൻ ചോദിച്ചു.

അതേസമയം, രഞ്ജിത്ത് വധക്കേസിലെ പ്രതികളിൽ എത്താവുന്ന നിർണായക തെളിവുകൾ കൈവശമുണ്ടെന്ന് അന്വേഷണസംഘം പറയുന്നു. ഇരട്ട കൊലപാതകങ്ങളിൽ പ്രതികൾ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുക്കാനുള്ള തിരച്ചിൽ തുടരുകയാണ്.

രഞ്ജിത് ശ്രീനിവാസിനെ വധിച്ചശേഷം സംസ്ഥാനംവിട്ട പ്രതികൾക്കുവേണ്ടി തമിഴ്‌നാട്ടിലാണ് അന്വേഷണം ആദ്യം തുടങ്ങിയത്. പിന്നീട് കർണാടകയിലേക്ക് നീണ്ടു. എസ്ഡിപിഐക്കാരായ പ്രതികൾക്ക് പോപ്പുലർ ഫ്രണ്ടിനെ സഹായം ഇവിടങ്ങളിൽ ലഭിക്കുന്നുണ്ട്. അന്വേഷണം ഇപ്പോൾ ഏത് സംസ്ഥാനത്താണെന്ന് വെളിപ്പെടുത്താൻ കഴിയില്ലെന്ന് എഡിജിപി വിജയ് സാഖറേ പറഞ്ഞു.

ഷാൻ വധക്കേസിൽ അറസ്റ്റിലായ അഞ്ചു കൊലയാളി സംഘങ്ങളുടെയും അറസ്റ്റ് ശനിയാഴ്ച രേഖപ്പെടുത്തി. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. എല്ലാവരും ബിജെപി -ആർഎസ്എസ് പ്രവർത്തകരാണ്. പരമാവധി തെളിവുകൾ ശേഖരിച്ചുകൊണ്ടാണ് അന്വേഷണമെന്നും എഡിജിപി പറഞ്ഞു.