കോഴിക്കോട്: കൊടകര കുഴൽപ്പണ കേസിൽ കെ സുരേന്ദ്രനെതിരെ നിലപാട് കടുപ്പിക്കാൻ പൊലീസ്. സുരേന്ദ്രന്റെ മകനെ പൊലീസ് ചോദ്യം ചെയ്യും. കുഴൽപ്പണ കേസിലെ പരാതിക്കാരൻ ധർമ്മരാജനുമായി സുരേന്ദ്രന്റെ മകൻ നിരന്തരം ഫോണിൽ സംസാരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സുരേന്ദ്രന്റെ മകനെ പൊലീസ് ചോദ്യം ചെയ്യുന്നത്. സുരേന്ദ്രന്റേയും സെക്രട്ടറിയേയും ഡ്രൈവറേും നേരത്തെ പൊലീസ് ചോദ്യം ചെയ്തിരുന്നു. സുരേന്ദ്രനെ സമ്മർദ്ദത്തിലാക്കാനാണ് മകന്റെ മൊഴി എടുക്കുന്നത്. ഇതിന് ശേഷം സുരേന്ദ്രനേയും ചോദ്യം ചെയ്യും. 

ഇരുപത്തിനാലുകാരനായ ഹരികൃഷ്ണൻ എഞ്ചിനിയറിങ് ബിരുദധാരിയാണ്. തെരഞ്ഞെടുപ്പ് പ്രചരണത്തിലും മറ്റും ഹരികൃഷ്ണനും സജീവമായി പങ്കെടുത്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് ഹരികൃഷ്ണന്റെ മൊഴി എടുക്കുന്നത്. ധർമ്മരാജനും കെ സുരേന്ദ്രന്റെ മകനും ഫോണിലൂടെ പലതവണ സംസാരിച്ചിട്ടുള്ളതായി അന്വേഷണസംഘം കണ്ടെത്തി. കോന്നിയിൽ വച്ച് ഇരുവരും തിരഞ്ഞെടുപ്പ് സമയത്ത് കൂടിക്കാഴ്‌ച്ച നടത്തിയിരുന്നുവെന്നാണ് കണ്ടെത്തൽ.

ദിവസേന പുറത്തുവരുന്ന വെളിപ്പെടുത്തലുകൾ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ കൂടുതൽ കുരുക്കിലാക്കുന്നു. ഇതിന് പിന്നാലെയാണ് മകനെ ചോദ്യം ചെയ്യുന്നതും. ധർമ്മരാജൻ 9 കോടിയിൽ അധികം രൂപയുമായി തൃശൂരിൽ എത്തിയെന്നും ഇതിൽ ആറു കോടി രൂപ തൃശൂരിൽ കൈമാറിയെന്നുമാണ് പൊലീസ് വിലയിരുത്തൽ. ഈ ആറു കോടിയിലും പൊലീസ് അന്വേഷണം തുടങ്ങി. ഇതിന്റെ ഭാഗമായാണ് സുരേഷ് ഗോപിയെ പോലും ചോദ്യം ചെയ്യുന്നത് പരിഗണിക്കുന്നത്.

കുഴൽപണ കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ സെക്രട്ടറി ദിപിൻ, ഡ്രൈവർ ലബീഷ് എന്നിവരെ ചോദ്യം ചെയ്തിരുന്നു. ഇതോടെ അന്വേഷണം സുരേന്ദ്രനിലേക്ക് എത്തുമെന്ന സാഹചര്യമായിരുന്നു. ഇവർ 2 പേരും കുഴൽപണ ഇടപാടു നടന്നെന്നു പറയുന്ന ദിവസങ്ങളിൽ പണം കൈകാര്യം ചെയ്ത ധർമരാജനുമായി പലതവണ ബന്ധപ്പെട്ടിരുന്നെന്നു കണ്ടെത്തി. തിരഞ്ഞെടുപ്പു സാമഗ്രികൾക്കു വേണ്ടിയാണെന്നാണ് ഇരുവരും മൊഴി നൽകിയിട്ടുള്ളത്.

അതിനിടെ, തൃശൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപി എംപിയിൽനിന്നു പൊലീസ് മൊഴിയെടുക്കുമെന്നു സൂചനയുണ്ട്. ഇവിടെ ചെലവഴിച്ച ഫണ്ട്, അതിൽ കുഴൽപണത്തിന്റെ സാന്നിധ്യം എന്നിവ സംബന്ധിച്ചുള്ള വിവരശേഖരണമാണു ലക്ഷ്യമിടുന്നത്. ബിജെപി ഓഫിസിനു താഴെ പ്രവർത്തിച്ചിരുന്ന സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസിൽ കുഴൽപണവുമായി ബന്ധമുള്ളവർ എത്തിയിരുന്നെന്ന സൂചനയും പൊലീസിനു ലഭിച്ചിട്ടുണ്ട്.