തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമപദ്ധതി വിഷയത്തിൽ വീണ്ടും ലീഗിനെതിരെ വിമർശനവുമായി കെ ടി ജലീൽ എംഎൽഎ.ന്യൂനപക്ഷ ക്ഷേമ പദ്ധതി: സർക്കാർ തീരുമാനം മുറിവേൽപ്പിച്ചു, യോജിച്ച പോരാട്ടാത്തിന് മുസ്ലിം ലീഗ്'എന്ന ചന്ദ്രികയുടെ വാർത്തയെ അടിസ്ഥാനമാക്കിയായിരുന്നു ജലീലിന്റെ വിമർശനം. പരിഹാസരൂപേണയായിരുന്നു ജലീലിന്റെ പ്രതികരണം.പത്ത് വർഷം പ്രതിപക്ഷത്തിരിക്കേണ്ടിവന്നതിന്റെ കലിപ്പാണ് ലീഗ് പ്രകടിപ്പിക്കുന്നതെന്ന് പറഞ്ഞ ജലീൽ ലീഗിന്റെ പ്രതിഷേധം കാപട്യമാണെന്നും തുറന്നടിച്ചു.

പാലൊളി കമ്മിറ്റിക്ക് പറ്റിയ തെറ്റാണ് 80:20 അനുപാതമെങ്കിൽ ലീഗ് ഭരിച്ച 2011 2016 കാലയളവിൽ അത് മാറ്റി 100 ശതമാനവും മുസ്ലിങ്ങൾക്കായി പുനർ നിശ്ചയിക്കാതിരുന്നത് ആരെ പേടിച്ചിട്ടായിരുന്നുവെന്ന് കെ.ടി. ജലീൽ ചോദിച്ചു.ലീഗിന് പ്രാതിനിധ്യമുണ്ടായിരുന്ന രണ്ടാം യു.പി.എ. സർക്കാർ മദ്രസാ നവീകരണ പദ്ധതി അല്ലാതെ മുസ്ലിങ്ങൾക്ക് മാത്രമായി മറ്റേതെങ്കിലും ഒരു പദ്ധതി സച്ചാർ കമ്മിറ്റി റിപ്പോർട്ടിന് ശേഷം ഇന്ത്യാ രാജ്യത്ത് ഒരിടത്തും നടപ്പിലാക്കിയിട്ടില്ലെന്നിരിക്കെ ലീഗ് കാട്ടിക്കൂട്ടുന്ന പരാക്രമങ്ങൾ പത്തുകൊല്ലം പ്രതിപക്ഷത്തിരിക്കേണ്ടി വന്നതിന്റെ കലിപ്പ് തീർക്കലാണെന്ന് ആർക്കാണറിയാത്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

'80:20 അനുപാതം മാറ്റി ന്യൂനപക്ഷങ്ങളിലെ ജനസംഖ്യാനുപാതത്തിലേക്ക് സ്‌കോളർഷിപ്പ് പുനക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് ചില സംഘടനകൾ ഹൈക്കോടതിയിൽ പോയപ്പോൾ എന്തേ ലീഗോ ജമാഅത്തെ ഇസ്ലാമിയോ സുഡാപ്പിയോ ആ കേസിൽ കക്ഷി ചേരാതെ ഒളിച്ചുകളി നടത്തി. മുസ്ലിം ലീഗ് അധികാരത്തിന് വേണ്ടി നടത്തുന്ന അനുരഞ്ജനങ്ങൾ കാണാതെ പോവുകയും ലീഗ് പ്രതിപക്ഷത്താകുമ്പോൾ ലീഗിന് ചെയ്യാൻ കഴിയാതെ പോയത് മറ്റുള്ളവർ ചെയ്തേ പറ്റൂ എന്ന് ശാഠ്യം പിടിക്കുകയും ചെയ്യുന്നത് തികഞ്ഞ കാപട്യമല്ലേ,' കെ.ടി. ജലീൽ ചോദിച്ചു.

യു.ഡി.എഫ്. ഭരിക്കുമ്പോൾ ഒന്നും, ഒന്നും കൂട്ടിയാൽ രണ്ടും എൽ.ഡി.എഫ്. ഭരിക്കുമ്പോൾ ഒന്നും, ഒന്നും കൂട്ടിയാൽ മൂന്നുമാകുന്നത് എങ്ങനെയാണെന്നും അദ്ദേഹം പരിഹസിച്ചു.2011 മുതൽ 2016 വരെ ആദ്യ വർഷം കുഞ്ഞാലിക്കുട്ടിയും നാല് കൊല്ലം അഞ്ചാംമന്ത്രി മഞ്ഞളാങ്കുഴിയും ന്യൂനപക്ഷ ക്ഷേമ വകുപ്പ് കൈകാര്യം ചെയ്ത കാലയളവിൽ ന്യൂനപക്ഷ സ്‌കോളർഷിപ്പ് 80:20 അനുപാതത്തിൽ മുസ്ലിം ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നൽകിപ്പോന്ന സമയത്ത് 100 ശതമാനവും മുസ്ലിങ്ങൾക്ക് അവകാശപ്പെട്ട സച്ചാർ പദ്ധതികൾ മറ്റാർക്കും വീതം വെച്ച് നൽകാൻ ഞങ്ങൾ സമ്മതിക്കില്ലെന്ന് പറഞ്ഞ് മുസ്ലിങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്താമായിരുന്നില്ലേയെന്നും അദ്ദേഹം പറഞ്ഞു.