കൊച്ചി: മാധ്യമപ്രവർത്തകരെ കബളിപ്പിച്ചു കൊണ്ടായിരുന്നു എൻഫോഴ്‌സ്‌മെന്റിന് മുമ്പാകെ മന്ത്രി കെ ടി ജലീൽ ചോദ്യം ചെയ്യലിനായി ഹാജരായത്. അതിന് ശേഷം മന്ത്രി നടത്തിയ വെല്ലുവിളികളും മുങ്ങി നടക്കലും മന്ത്രിസഭയെയും സർക്കാറിനെയും മുഴുവനായി സംശയ നിഴലിൽ ആക്കുന്നതായിരുന്നു. ഇന്ന് പുലർച്ച് എൻഐഎ ഓഫീസ് മുമ്പാകെ മന്ത്രി എത്തിയതും പ്രതിപക്ഷം ആരോപിക്കുന്നതു പോലെ തലയിൽ മുണ്ടിട്ടു കൊണ്ടായിരുന്നു എന്നു തന്നെ പറയേണ്ടി വരും. കാരണം, അതീവ രഹസ്യമായി എത്തിയ മന്ത്രി മാധ്യമങ്ങളുടെ കണ്ണിൽ പെടാതിരിക്കാൻ വേണ്ടി എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിരുന്നു.

അതീവ രഹസ്യമായാണ് മന്ത്രി കളമശ്ശേരിയിൽ എത്തിയതും അവിടെ നിന്നും പുലർച്ചെ ആറ് മണിയോടെ എൻഐഎ ഓഫീസിലേക്ക് എത്തിയതും. ചോദ്യം ചെയ്യലിനായി കെ.ടി ജലീൽ എൻ.ഐ.എ ഓഫീസിൽ എത്തിയത് കളമശ്ശേരി മുൻ എംഎ‍ൽഎ എ.എം യൂസഫിന്റെ കാറിലായിരുന്നു. മന്ത്രി ഇന്ന് നേരിട്ട് വിളിച്ച് വാഹനം ആവശ്യപ്പെടുക ആയിരുന്നു എന്ന് എ.എം യൂസഫ് വ്യക്തമാക്കി. രാത്രി ഒന്നരയ്ക്കാണ് ജലീൽ കാർ ആവശ്യപ്പെട്ടു വിളിച്ചത്. നേരത്തെ വ്യവസായിയുടെ കാറിൽ എൻഫോഴ്‌സ്‌മെന്റ് ഓഫീസിൽ എത്തിയത് വിവാദമായ സാഹചര്യത്തിലാണ് പാർട്ടിക്കാരൻ കൂടിയായ യൂസഫിന്റെ കാർ അദ്ദേഹം ഇക്കുറി ആവശ്യപ്പെട്ടത്.

ഇന്ന് പുലർച്ചെ കളമശേരി റസ്റ്റ് ഹൗസിൽ വാഹനമെത്തിക്കണമെന്നായിരുന്നു യൂസഫിനെ വിളിച്ച് മന്ത്രി ആവശ്യം ഉന്നയിച്ചത്. എൻ.ഐ.എ ഓഫീസിലേക്ക് പോകുകയാണെന്ന് മന്ത്രി അറിയിച്ചിരുന്നു എന്നും എ.എം യൂസഫ് പറഞ്ഞു. ഇത്തവണയും അതീവ രഹസ്യമായി എൻ.എ.എ ഓഫീസിൽ എത്താനായിരുന്നു മന്ത്രിയുടെ പദ്ധതി. ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യ വാഹനത്തിലാണ് മന്ത്രി എൻ.ഐ.എ ഓഫീസിലെത്തിയത്. മതഗ്രന്ഥത്തിന്റെ മറവിൽ നയതന്ത്ര ചാനലിലൂടെ സ്വർണം കടത്തിയിട്ടുണ്ട് എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയിൽ നിന്ന് മൊഴിയെടുക്കുന്നതിനായി എൻ.ഐ.എ വിളിപ്പിച്ചിരിക്കുന്നത്. മാധ്യമങ്ങളുടെയും ജനങ്ങളുടെയും കണ്ണു വെട്ടിക്കുന്നതിനാണ് മന്ത്രിയുടെ പ്രത്യേക താത്പര്യത്തിൽ പുലർച്ചെ ആറ് മണിക്ക് എൻ.ഐ.എ ഓഫിസിൽ ഹാജരായത് എന്നാണ് വ്യക്തമാകുന്നത്.

മാധ്യമപ്രവർത്തകർ എൻഐഎ ഓഫീസിൽ എത്തുകയില്ലെന്നായിരുന്നു മന്ത്രി കരുതിയിരുന്നത്. അവിടെയാണ് അദ്ദേഹത്തിന് പിഴച്ചത്. മനോരമ ന്യൂസിലെ അനിൽ ഇമ്മാനുവൽ ക്യാമറാമാൻ ഇല്ലാതെ നേരിട്ട് സ്ഥലത്ത് എത്തുകയായിരുന്നു. സ്വന്തം മൊബൈൽ ഫോണിൽ മന്ത്രി വന്നിറങ്ങിയ ചിത്രം പകർത്തിയ അനിൽ കള്ളത്തരങ്ങളെല്ലാം പൊളിക്കുകയും ചെയ്തു. മിനിസ്റ്റർ എന്നു വിളിച്ചെങ്കിലും കേട്ടില്ലെന്ന് നടിച്ച് അദ്ദേഹം ധൃതിയിൽ മുന്നോട്ടു പോകുകയായിരുന്നു. തലവെട്ടിച്ചു നടന്ന ജലീലിന് പക്ഷേ പിഴച്ചത് അപ്പോഴേക്ക് അനിലിന്റെ ക്യാമറാ കണ്ണുകൾ അദ്ദേഹത്തിൽ പതിഞ്ഞിരുന്നു എന്നതാണ്.

സാധാരണ നിലയിൽ ഒമ്പതു മണിക്കു മാത്രമേ അന്വേഷണ ഉദ്യോഗസ്ഥർ ഓഫിസിൽ എത്തൂ എന്നിരിക്കെയാണ് മന്ത്രി അതിരാവിലെ ഓഫിസിനുള്ളിൽ കടന്നത്. ഇന്ന് ഉന്നതരിൽ ഒരാളെ ചോദ്യം ചെയ്യുമെന്ന് കഴിഞ്ഞ ദിവസം തന്നെ മാധ്യമങ്ങൾക്ക് വിവരം ലഭിച്ചിരുന്നു. ഇതിനായി ദേശീയ ഏജൻസികളിൽ ഒന്നിന്റെ ഉന്നത ഉദ്യോഗസ്ഥൻ കൊച്ചിയിൽ എത്തിയതായി വിവരവും ലഭിച്ചു. ഇന്നലെ രാത്രി എൻഫോഴ്‌സ്‌മെന്റ് അഭിഭാഷകൻ ഉൾപ്പടെയുള്ളവർ ഉന്നത ഉദ്യോഗസ്ഥനെ കാണുന്നതിനായി കൊച്ചിയിലെ ഓഫിസിൽ എത്തിയതോടെ മാധ്യമങ്ങളും സ്ഥലത്ത് എത്തിയിരുന്നു. എന്നാൽ ആരെ, എപ്പോൾ ചോദ്യം ചെയ്യാനാണ് എന്നതിനെക്കുറിച്ച് വ്യക്തതയില്ലായിരുന്നു.

ഇതിനിടെയാണ് ഇന്ന് പുലർച്ചെ മന്ത്രി കെ.ടി. ജലീൽ എൻ.ഐ.എ ഓഫീസിൽ എത്തിയത്. ഇന്നലെ എൻ.ഐ.എ അന്വേഷണ സംഘം ഇ.ഡി ഓഫിസിലെത്തി മന്ത്രി കെ.ടി. ജലീലിന്റെ വിവരങ്ങൾ ശേഖരിച്ച് വിലയിരുത്തിയിരുന്നു. ഇത് ഇന്ന് മന്ത്രിയെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായാണ് എന്നാണ് വ്യക്തമാകുന്നത്.മന്ത്രി എൻ.ഐ.എ ഓഫിസിൽ എത്തിയതിന് പിന്നാലെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർ സ്ഥലത്ത് എത്തി. ഡി.സി.പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്ത് എത്തിയത്.

എൻ.ഐ.എ ഓഫീസിന് ചുറ്റും കനത്ത് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എൻ. ഐ.എ. ഓഫീസിലേക്ക് കയറുന്ന റോഡിന് മുന്നിൽ തന്നെ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചു. ഓഫീസിലേക്ക് എത്താവുന്ന രണ്ട് വഴികളും പൊലീസ് ബാരിക്കേഡുകൾ ഉപയോഗിച്ച് അടച്ചു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യാപകമായി പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം ഉണ്ടായിരുന്നു. എൻ.ഐ.എ. ഓഫീസിനു മുന്നിലും പ്രതിഷേധം ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് ഓഫീസിന് മുന്നിൽ പൊലീസിനെ വിന്യസിച്ച് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നേരത്തെ സ്വപ്നസുരേഷിനെ ചോദ്യം ചെയ്യലിനായി എൻ.ഐ.എ. ഓഫീസിലെത്തിച്ചപ്പോൾ വൻ പ്രതിഷേധം ഉണ്ടായിരുന്നു. പ്രതിഷേധക്കാർ ഓഫീസ് കോമ്പൗണ്ടിലേക്ക് തള്ളിക്കയറാനും ശ്രമിച്ചിരുന്നു. ഇക്കാര്യങ്ങൾ കൂടി കണക്കിലെടുത്തുകൊണ്ടാണ് പൊലീസ് കനത്ത സുരക്ഷയൊരുക്കയിരിക്കുന്നത്.