ചിറ്റാർ: സീതത്തോട് മാർക്കറ്റിൽ സ്വകാര്യ ബസ് സ്റ്റാൻഡിന്റെ വികസനത്തിന് വേണ്ടി കെട്ടിടം പൊളിക്കുന്നതുമായ തർക്കത്തിനിടെ തന്തയ്ക്ക് വിളിച്ച കെയു ജനീഷ്‌കുമാർ എംഎൽഎയെ കവിൾ അടക്കം ഒന്നു പൊട്ടിച്ചുവെന്ന് അവകാശപ്പെട്ട് കോൺഗ്രസിന്റെ സൈബർ പ്രചാരണം. തന്തയ്ക്ക് വിളിച്ച എംഎൽഎയെ താൻ കൈയേറ്റം ചെയ്തുവെന്ന തരത്തിലുള്ള കോൺഗ്രസ് നേതാവിന്റെ ഓഡിയോ ക്ലിപ്പ് വൈറൽ. സംഭവം സംബന്ധിച്ച് പ്രതികരിക്കാതെ എംഎൽഎയും പാർട്ടിയും. സംഘർഷം നടന്നുവെന്നും എംഎൽഎയെ മർദിച്ചതായി പറയുന്നത് ശരിയല്ലെന്നും നാട്ടുകാർ. കോൺഗ്രസിന്റെ സൈബർ ഗ്രൂപ്പുകൾ സംഭവം കൊണ്ടാടുമ്പോൾ സിപിഎം സൈബർ സഖാക്കൾക്കും അനക്കമില്ല.

ശനിയാഴ്ച രാവിലെ 10.30 നാണ് സംഭവം. സീതത്തോട് മാർക്കറ്റ് വികസനത്തിന് മുന്നോടിയായി ബസ് സ്റ്റാൻഡ് ഓട്ടോ സ്റ്റാൻഡിന് സമീപത്തേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നു. ഓട്ടോ സ്റ്റാൻഡിനോട് ചേർന്ന് അപകടാവസ്ഥയിൽ നിന്ന കെട്ടിടം ഇതിനായി പൊളിച്ചു മാറ്റി. പുതിയ സ്ഥലത്തേക്ക് ബസ് സ്റ്റാൻഡ് മാറ്റുകയും ചെയ്തു. കെട്ടിടം പൊളിക്കുന്നതിനായി പഞ്ചായത്ത് ഭരണ സമിതി അംഗം എത്തിയപ്പോഴാണ് സംഘർഷമുണ്ടായത്. സർക്കാർ നിർദ്ദേശം ഒന്നുമില്ലാതെ കെട്ടിടം പൊളിച്ചു മാറ്റുന്നതിനെതിരേ തടസമുന്നയിച്ച് ഭരണ സമിതിയിലെ കോൺഗ്രസ് അംഗങ്ങളായ ശ്യാമള ഉദയഭാനു, ശ്രീദേവി രതീഷ്, കോൺഗ്രസ്മണ്ഡലം പ്രസിഡന്റ് രതീഷ് കെ. നായർ, നിയോജക മണ്ഡലം പ്രസിഡന്റ് ജോയൽ മുക്കരണത്ത് എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തകരുമെത്തി.

ഇതിനിടെ സ്ഥലത്ത് വന്ന കെയു ജനീഷ്‌കുമാർ എംഎൽഎയും സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജോബി ടി ഈശോയും രതീഷ് കെ നായരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ എംഎൽഎ രതീഷിന്റെ തന്തയ്ക്ക് വിളിച്ചുവെന്നും അപ്പോൾ കായികമായി നേരിടേണ്ടി വന്നുവെന്നുമാണ് വോയ്സ്‌ക്ലിപ്പിൽ പ്രചരിക്കുന്നത്. കോൺഗ്രസുകാരുടെ എതിർപ്പ് മറികടന്ന് കെട്ടിടം പൊളിച്ചു. ജനീഷിന് ജന്മനാട്ടിൽ നിന്ന് തന്നെ അടികിട്ടിയെന്ന തരത്തിലാണ് സൈബർ പ്രചാരണം അരങ്ങു കൊഴുപ്പിക്കുന്നത്. എംഎൽഎയെ മർദിച്ചുവെന്ന തരത്തിലുള്ള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രതീഷിന്റെ ഓഡിയോ ക്ലിപ്പ് ഇങ്ങനെ:

പ്രിയപ്പെട്ട കോൺഗ്രസ് പ്രവർത്തകരെ, ഇന്ന് സീതത്തോട് മാർക്കറ്റിനോട് അനുബന്ധിച്ച് നിൽക്കുന്ന ഒരു കെട്ടിടം. അത് ഏകദേശം 17 വർഷം പഴക്കമുള്ള കെട്ടിടമാണ്. ആ കെട്ടിടം പൊളിച്ചു മാറ്റുന്നതിന് പെട്ടെന്നൊരു വണ്ടി വന്നു, പൊളിച്ചു മാറ്റുന്നു. അതുമായി ബന്ധപ്പെട്ട് ഞാനവിടെ ചെല്ലുമ്പോൾ അത് പൊളിച്ചു മാറ്റുന്നതാണ് കണ്ടത്. ഞാൻ പറഞ്ഞപ്പോൾ പൊളിക്കുന്നത് നിർത്തി വണ്ടിക്കാർ വണ്ടി മാറ്റിയിട്ടു. ഇതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ, സെക്രട്ടറിയോട് വിളിച്ചു ചോദിച്ചപ്പോൾ സെക്രട്ടറിക്ക് അതേക്കുറിച്ച് അറിയില്ല. പഞ്ചായത്ത് മെമ്പർക്ക് അതേക്കുറിച്ച് അറിയില്ല, നമ്മുടെ മെമ്പർമാർക്ക് ആർക്കുമറിയില്ല.

ഇങ്ങനൊരു തീരുമാനത്തെക്കുറിച്ച് അറിയില്ല. അപ്പോൾ ഞാൻ പറഞ്ഞു ഇത് നിർത്തി വയ്ക്കണം. ഇതിന് ചില നടപടി ക്രമങ്ങൾ ഉണ്ട്. ഇത് വെറും 17 വർഷം മാത്രം പഴക്കമുള്ള കെട്ടിടമാണ്. ഇത് പൊളിക്കുമ്പോൾ കൃത്യമായ നിയമ നടപടികൾ ഉണ്ട്. അത് സ്വീകരിക്കണം. ബലക്ഷയമുണ്ടെങ്കിൽ കെട്ടിടം നിർമ്മിച്ച കോൺട്രാക്ടറെ ശിക്ഷിക്കണം. ഉദ്യോഗസ്ഥർക്ക് അടക്കം ലയബിലിറ്റി വേണം. ഇതു പറഞ്ഞ് ഞാനവിടെ നിൽക്കുമ്പോൾ നമ്മുടെ എംഎൽഎ അവിടെ വരുന്നു. എന്നിട്ട് ആരാടാ ഇവിടെ പൊളിക്കാൻ തടസം നിൽക്കുന്നത് എന്ന് ആക്രോശിച്ചു കൊണ്ടു വരുന്നു. എന്നിട്ട് പൊളിക്കാൻ തുടങ്ങിയപ്പോൾ ഞാൻ ആ കെട്ടിടത്തിൽ കയറി നിന്നു. അങ്ങനെ വാഹനം നിർത്തി. ഞാൻഎംഎൽഎയോട് ചെന്ന് സംസാരിച്ചു.

ഞാനിവിടെ വികസനം വരുന്നതിന് എതിരല്ല എന്ന് പറഞ്ഞു. അദ്ദേഹം എന്റെ തന്തയ്ക്ക് വിളിക്കുകയാണുണ്ടായത്. വിളിച്ചു കഴിഞ്ഞപ്പോൾ എനിക്ക് പ്രതികരിക്കാൻ കഴിയുന്നത് വാക്കു കൊണ്ടായിരുന്നില്ല. ഞാൻ എന്റേതായ രീതിയിൽ പ്രതികരിക്കുകയും ചെയ്തു. അത് അദ്ദേഹത്തിന് വലിയ ക്ഷോഭമായിക്കാണും. ആയിക്കോട്ടെ. എന്നെ തെറിവിളിച്ചപ്പോൾ ഞാൻ തിരിച്ച് ആ രീതിയിൽ പ്രതികരിച്ചു. അതിന് ശേഷം പ്രവർത്തകർ വന്ന് എന്നെയും അവരെയും പിടിച്ചു മാറ്റി. വാക്കുകൾ കൊണ്ടുള്ള പ്രശ്നങ്ങൾ അങ്ങോട്ടുമിങ്ങോട്ടും നടന്നു. പിന്നെ പിരിഞ്ഞു പോന്നു നമ്മൾ പരാതി നൽകുകയും ചെയ്തിട്ടുണ്ട്.

ഈ മെസേജാണ് വൈറലായത്. സംഭവം സ്ഥലത്ത് പാർട്ടി പ്രവർത്തകർ അടക്കം നിരവധിപ്പേരുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് കാലമായതിനാലണ് എംഎൽഎയും സംഘവും തിരിച്ച് പ്രതികരിക്കാതിരുന്നത് എന്നാണ് പറയപ്പെടുന്നത്. അവിടെ കൂടിയ ചിലർ ഷൂട്ട് ചെയ്ത വീഡിയോ എംഎ‍ൽഎയുടെ അനുകൂലികൾ ഫോണിൽ നിന്ന് നീക്കിപ്പിച്ചുവെന്നും പറയുന്നുണ്ട്.