കാബൂൾ: അഫ്ഗാനിസ്താനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ സ്വന്തം രാജ്യംവിട്ട് രക്ഷപ്പെടാനുള്ള അഫ്ഗാനികളുടെ ശ്രമവും കാബൂൾ വിമാനത്താവളത്തിലുണ്ടായ ദുരന്തങ്ങളും ആശങ്കയോടെയാണ് ലോകം സാക്ഷ്യം വഹിച്ചത്.

ഒരാഴ്ചയ്ക്കിടെ രാജ്യം വിടാനുള്ള ശ്രമങ്ങൾക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് കാബൂൾ വിമാനത്താവളത്തിൽ മരിച്ചത് 20 പേരാണ്. ഇന്ന് മാത്രം ഏഴ് പേരും. കാബൂളിലെ ഹമീദ് കർസായി രാജ്യാന്തര വിമാനത്താവളത്തിലെ ദാരുണ സംഭവങ്ങൾ ചർച്ചയാകുന്നതിനിടെ ഉത്തരവാദിത്തം യുഎസിനാണെന്ന ആരോപണവുമായി താലിബാൻ രംഗത്തെത്തി.

അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്തതു മുതൽ രാജ്യത്തെ ഏറ്റവും ദാരുണമായ സംഭവങ്ങൾ കാബൂളിലെ ഹമീദ് കർസായി രാജ്യാന്തര വിമാനത്താവളത്തിൽനിന്നുള്ളതാണ്. രാജ്യം വിടാനുള്ള ജനങ്ങളുടെ കൂട്ടപ്പലായനമാണു വിമാനത്താവളത്തെ ദുരന്തഭൂമിയാക്കുന്നത്. ഇന്നു രാവിലെ തിക്കിലും തിരക്കിലും പെട്ട് 7 പേർ മരിച്ച സംഭവമാണ് ഏറ്റവും ഒടുവിലത്തെത്. എന്നാൽ വിമാനത്താവളത്തിലെ രക്ഷാപ്രവർത്തനത്തിൽ യുഎസ് പരാജയപ്പെട്ടതാണു കുഴപ്പങ്ങൾക്കു കാരണമെന്നാണു താലിബാന്റെ മുതിർന്ന ഉദ്യോസ്ഥന്റെ ഇപ്പോഴത്തെ പ്രതികരണം.



' തങ്ങളുടെ കൈവശമുള്ള എല്ലാ ശക്തിയും സൗകര്യങ്ങളും ഉപയോഗിച്ചിട്ടും യുഎസിനു വിമാനത്താവളത്തെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. രാജ്യത്തെ മറ്റെല്ലാ പ്രദേശങ്ങളും ഇപ്പോൾ സമാധാനത്തിലാണ്. കാബൂൾ വിമാനത്താവളത്തിൽ മാത്രമാണു പ്രശ്‌നങ്ങളുള്ളത്' താലിബാൻ ഉദ്യോഗസ്ഥനായ ആമിർ ഖാൻ മുതാഖി എഎഫ്‌പിയോടു പറഞ്ഞു.

ഒരു സംഘം മാധ്യമ പ്രവർത്തകരുടെ സഹായത്തോടെ കാബൂൾ വിമാനത്താവളത്തിൽ എത്താൻ ഭാഗ്യം ലഭിച്ച മാധ്യമപ്രവർത്തകൻ അവിടത്തെ അവസ്ഥയെക്കുറിച്ചു നൽകിയ വിവരണം ഇങ്ങനെ, 'രാജ്യത്തിനു പുറത്തേക്കു കൊണ്ടുപോകണമെന്ന് അപേക്ഷിക്കുകയാണ് ആളുകൾ. പാസ്‌പോർട്ടുകൾ ഉയർത്തിക്കാണിച്ചുകൊണ്ട് ആളുകൾ ഉറക്കി വിളിച്ചു പറയുന്നു, ദയവായി ഞങ്ങളെക്കൂടി നിങ്ങൾക്കൊപ്പം കൊണ്ടുപോകൂ.'

ആളുകളെ വിരട്ടിയോടിക്കാൻ താലിബാൻ പോരാളി ആകാശത്തേക്കു നിറയൊഴിച്ചതായും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് 31 ഓടെ കാബൂൾ വിമാനത്താവളത്തിൽനിന്നുള്ള രക്ഷാപ്രവർത്തനം പൂർത്തിയാക്കുമെന്നാണു യുഎസ് അറിയിച്ചിരിക്കുന്നത്. എന്നാൽ എഎഫ്‌പി റിപ്പോർട്ട് പ്രകാരം 15,000ഓളം യുഎസ് പൗരന്മാരും, അഫ്ഗാൻ സഖ്യകക്ഷിയിൽപ്പെട്ട 50,000 - 60,000 ആളുകളും ഇപ്പോഴും അഫ്ഗാനിസ്ഥാനിലുണ്ടെന്നതും രക്ഷാപ്രവർത്തനത്തെ ആശങ്കയിലാഴ്‌ത്തുന്നു.



ഞായറാഴ്ച മാത്രം വിമാനത്താവളത്തിൽ ഏഴ് പേർ മരിച്ചതായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. നിലവിലെ സാഹചര്യം ഏറെ വെല്ലുവിളി ഉയർത്തുന്നതാണെന്നും ജനങ്ങൾക്ക് പരമാവധി സുരക്ഷ ഒരുക്കാൻ ശ്രമിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് താലിബാൻ വീണ്ടും അധികാരം പിടിച്ചതോടെ അവരുടെ കൊടുംക്രൂരതകൾ ഭയന്ന് ജനങ്ങൾ രാജ്യം വിടാൻ തുടങ്ങിയതോടെയാണ് അഫ്ഗാൻ ചരിത്രത്തിലുണ്ടാവാത്ത തരത്തിലുള്ള വലിയ പ്രതിസന്ധിക്ക് സാക്ഷ്യം വഹിക്കുന്നത്. വിമാനത്താവളത്തിലേക്ക് വരുന്നവരെ താലിബാൻ തീവ്രവാദികൾ ബലപ്രയോഗത്തിലൂടെ തടയുന്നുണ്ട്.

സ്ത്രീകളും കുട്ടികളും വൃദ്ധന്മാരുമുൾപ്പടെയുള്ളവരെ അതിക്രൂരമായി മർദ്ദിക്കുകയും വെടിവയ്ക്കുകയും ചെയ്യുന്നുണ്ട്. എങ്കിലും അതൊന്നും വകവയ്ക്കാതെ നൂറുകണക്കിന് പേരാണ് കാബൂളിലെ വിമാനത്താവളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

അതേസമയം, ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ അഫ്ഗാനിൽ നിന്ന് ഒഴിപ്പിക്കുന്ന നടപടികളുമായി മുന്നോട്ടുപോവുകയാണ്. നാനൂറോളം പേരെയാണ് ഇന്ത്യ മടക്കിക്കൊണ്ടുവന്നത്. ശേഷിക്കുന്നവരെ ജന്മ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരുമെന്നാണ് വിദേശകാര്യമന്ത്രാലയം അറിയിക്കുന്നത്. അതിനിടെ വിദേശികൾ നാട്ടിലേക്ക് മടങ്ങുന്നതിനെ താലിബാൻ നിരുത്സാപ്പെടുത്തുന്നു എന്നും റിപ്പോർട്ടുണ്ട്.