തിരുവനന്തപുരം: കടയ്ക്കാവൂരിൽ മകനെ പീഡിപ്പിച്ചെന്ന പരാതിയിൽ അമ്മയെ അറസ്റ്റു ചെയ്ത പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാകവേ വിവാദം അന്വേഷിക്കാൻ പൊലീസ് തീരുമാനം. കള്ളക്കേസാണെന്ന ആരോപണമാണ് ഐജി ഹർഷിത അട്ടല്ലൂരി അന്വേഷിക്കുക. നിരവധി കുടുംബപ്രശ്‌നങ്ങൾ നിലനിൽക്കവേ ഇത്തരമൊരു കേസ് കടയ്ക്കാവൂർ പൊലീസ് രജിസ്റ്റർ ചെയ്ത സംഭവത്തിൽ ആക്ഷൻ കൗൺസിലും നാട്ടുകാരും പൊലീസിന് എതിരായ നിലപാടിലാണ്. ബന്ധുക്കളും പൊലീസ് ഏകപക്ഷീയമായി കേസിനെ സമീപിച്ചെന്ന ആരോപണം ഉയർത്തിയ പശ്ചാത്തലത്തിലാണ് ഐജിയുടെ അന്വേഷണം വരുന്നത്. പൊലീസ് വീഴ്‌ച്ചയെ കുറിച്ചും കേസിന്റെ സാഹചര്യവും പരിശോധിക്കും.

അതേസമയം എഫ്‌ഐആറിൽ പരാതിക്കാരന്റെ സ്ഥാനത്ത് പേരു ചേർത്ത സംഭവത്തിൽ പരാതി നൽകാനൊരുങ്ങുകയാണ് ബാലക്ഷേമ സമിതിയും. ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും പരാതി നൽകാനാണ് നീക്കം. കൗൺസിലിങ് നൽകാൻ ആവശ്യപ്പെട്ട് പൊലീസ് നൽകിയ കത്തും പരാതിക്കൊപ്പം നൽകും. പൊലീസിനോടും വിശദീകരണം ആവശ്യപ്പെടും. എഫ്‌ഐആറിൽ പരാതിക്കാരന്റെ സ്ഥാനത്ത് ശിശുക്ഷേമ സമിതി ചെയർ പേഴ്സന്റെ പേരു ചേർത്തത് നേരത്തെ വിവാദമായിരുന്നു.

ഇതിനെതിരെ ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി അധ്യക്ഷ അഡ്വ. എൻ സുനന്ദ രംഗത്തെത്തിയിരുന്നു. കുട്ടി ലൈംഗികപീഡനത്തിന് ഇരയായെന്ന വിവരം പൊലീസിനെ അറിയിച്ചത് ശിശുക്ഷേമസമിതിയല്ലെന്ന് ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി അധ്യക്ഷ അഡ്വ. എൻ സുനന്ദ വ്യക്തമാക്കിയത്. പൊലീസ് ശിശുക്ഷേമസമിതിയോട് കുട്ടിക്ക് കൗൺസിലിങ് കൊടുത്ത് റിപ്പോർട്ട് നൽകാൻ മാത്രമാണ് പറഞ്ഞത്. അത് ചെയ്തിട്ടുണ്ടെന്നും പൊലീസ് എഫ്‌ഐആറിൽ വിവരമറിയിച്ചത് സിഡബ്ല്യുസി ആണെന്ന് എഴുതിയത് തെറ്റാണെന്നും ശിശുക്ഷേമസമിതി അധ്യക്ഷ വ്യക്തമാക്കിയിരുന്നു. ഇതും കേസിലെ കള്ളക്കളിയെന്ന ആരോപണത്തിന് കരുത്തു പകരുന്നതാണ്.

ആറ്റിങ്ങൽ ഡി.വൈ.എസ്‌പി എസ്.വൈ സുരേഷ് 2 ലക്ഷം രൂപ കൈക്കൂലി വാങ്ങിയാണ് യുവതിയെ അറസ്റ്റ് ചെയ്യിപ്പിച്ചതെന്ന് ആരോപണമുന്നയിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് മുമ്പാകെ ലഭിച്ചിട്ടുണ്ട്. തട്ടത്തുമലയിലുള്ള ഒരു അഭിഭാഷകൻ ഇടനിലക്കാരനായാണ് പണം ഡി.വൈ.എസ് പി കൈമാറിയതെന്നാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കടയ്ക്കാവൂർ സിഐക്ക് മേൽ ഡി.വൈ.എസ്‌പി യുവതിയെ അറസ്റ്റ് ചെയ്യാൻ സമ്മർദ്ദം ചെലുത്തി. എന്നാൽ സിഐ ഇത് വിസമ്മതിക്കുകയും അവധിയിൽ പോകുകയും ചെയ്തു. തുടർന്ന് കടയ്ക്കാവൂർ എസ്ഐ വിനോദ് വിക്രമാദിത്യൻ ഡി.വൈ.എസ്‌പിയുടെ നിർദ്ദേശം അനുസരിച്ച് ഡിസംബർ 28 ന് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു എന്നായിരുന്നു ആരോപണം.

യുവതിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇക്കാര്യങ്ങൾ മാധ്യമങ്ങൾ വഴി പുറം ലോകത്തെ അറിയിച്ചതിന് 1 ലക്ഷം രൂപ കൂടി ഡി.വൈ.എസ്‌പിക്ക് യുവതിയുടെ മുൻ ഭർത്താവ് കൈമാറി എന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പരാതി ലഭിച്ചതിനെ തുടർന്ന് ഡി.ജി.പി സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ അസി.കമ്മീഷ്ണർ പദവിയിലുള്ള പൊലീസ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയതായാണ് വിവരം. ഇതോടെ യുവതിയെ മനഃപൂർവ്വം കുടുക്കി ജയിലിലടക്കാൻ പൊലീസ് ഒത്താശ ചെയ്തു എന്ന വിവരമാണ് പുറത്ത് വരുന്നത്. ഈ പശ്ചാത്തലത്തിലാണ് ഐജി ഹർഷിത അട്ടല്ലൂരി അന്വേഷണ നടത്തുന്നത്.

അന്വേഷണം ആവശ്യപ്പെട്ട് അഞ്ച് ദിവസം മുൻപ് കുടുംബം ആറ്റിങ്ങൽ ഡിവൈഎസ്‌പിക്ക് പരാതി നൽകിയിരുന്നു. എന്നാൽ അന്വേഷണം ഇതുവരെ തുടങ്ങിയിട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു. യുവതിയുമായുള്ള വിവാഹബന്ധം വേർപെടുത്താതെ മൂന്നു വർഷമായി ഭർത്താവ് അകന്നു കഴിയുകയാണെന്നും, മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതറിഞ്ഞ് ജീവനാംശം തേടി കോടതിയെ സമീപിച്ചതാണ് പോക്‌സോ കേസിൽ കുടുക്കാൻ കാരണമെന്നും ബന്ധുക്കൾ ആരോപിച്ചു.

യുവതി ഇപ്പോൾ റിമാൻഡിലാണ്. സംഭവത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ രൂപീകരിച്ചിട്ടുണ്ട്. കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ മാറ്റിനിർത്തി കേസ് അന്വേഷിക്കണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. അതിനിടെ കടയ്ക്കാവൂരിൽ അമ്മയ്ക്ക് എതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്ത സംഭവത്തിൽ ദുരൂഹതയേറുകയാണ്. കേസ് കെട്ടിച്ചമച്ചതാണോ എന്ന സംശയമാണ് പലയിടത്തുനിന്നും ഉയരുന്നത്.

കടയ്ക്കാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരാഴ്ച മുമ്പാണ് പോക്‌സോ പ്രകാരം 13 വയസ്സുകാരന്റെ മാതാവ് അറസ്റ്റിലായത്. യുവതിയും ഭർത്താവും തമ്മിൽ കുടുംബകോടതിയിൽ വിവാഹബന്ധം, കുട്ടികളുടെ അവകാശം, സ്വത്ത് സംബന്ധമായ വിഷയങ്ങളിൽ കേസുകൾ നിലവിലുണ്ട്. വ്യക്തിയെ ഇല്ലാതാക്കി കേസുകളിൽ നിന്നും രക്ഷപ്പെടുന്നത് ഗൂഢാലോചന നടത്തി രൂപപ്പെടുത്തിയതാണ് പോക്‌സോ പരാതി എന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആക്ഷേപം.

ബി.എസ്.സി വിദ്യാർത്ഥിനി ആയിരിക്കവെയാണ് ടെമ്പോ ക്ലീനർ ആയ വ്യക്തി യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചത്. ഇതിൽ നാല് മക്കളുണ്ട്. യുവതിയുടെ ബന്ധുക്കളുടെ സഹായത്തോടെ വിദേശത്ത് പോവുകയും ബിസിനസ് ആരംഭിക്കുകയും ചെയ്ത ഭർത്താവ് മറ്റൊരാളുടെ ഭാര്യയും രണ്ടു മക്കളുടെ മാതാവായ സ്ത്രീയുമായി വേറെ താമസമാക്കി. ഇതോടെയാണ് യുവതിയും ഭർത്താവും തമ്മിൽ നിയമപ്രശ്‌നങ്ങൾ ആരംഭിച്ചത്. ഇതിനു മുമ്പ് തന്നെ ഭർത്താവ് സാമ്പത്തികം ആവശ്യപ്പെട്ടു യുവതിയെയും മക്കളെയും മർദ്ദിച്ചിരുന്നു എന്നാണ് ബന്ധുക്കളുടെ പരാതി. നിലവിൽ മൂന്ന് മക്കളും പിതാവിനൊപ്പം വിദേശത്താണ്.

2019 ഡിസംബറിൽ പിതാവിനൊപ്പം വിദേശത്ത് എത്തിയ രണ്ടാമത്തെ മകനാണ് ഒരുവർഷത്തിനുശേഷം ചൈൽഡ് ലൈൻ മുന്നിൽ മാതാവിനെതിരെ മൊഴി നൽകിയത്. നിലവിൽ 13 വയസ്സുള്ള കുട്ടിയോട് അഞ്ചാംക്ലാസ് വിദ്യാർത്ഥിയായിരിക്കുമ്പോൾ മുതൽ മോശമായ രീതിയിൽ മാതാവ് പെരുമാറുന്നതായി മൊഴിയിൽ പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസും അറസ്റ്റും ഉണ്ടായത്. ഈ മൊഴി പിതാവ് പറഞ്ഞു പഠിപ്പിച്ച് പറയിച്ചത് ആണെന്നാണ് ബന്ധുക്കളുടെ ആരോപണം.