തിരുവനന്തപുരം: കടയ്ക്കാവൂരിൽ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസിൽ വൻ വഴിത്തിവാണ് ഉണ്ടായിരിക്കുന്നത്. ലോകത്ത് ഒരു മാതാവും കേൾക്കാൻ പോലും ആഗ്രഹിക്കാത്ത ആരോപണമാണ് കടയ്ക്കാവൂരിലെ മാതാവിന് കേൾക്കേണ്ടി വന്നത്. ഈ ആരോപണത്തിന്റെ വസ്തുത പരിശോധിക്കാതെ തുടക്കത്തിലെ പൊലീസ് അന്വേഷണവും കൂടിയായപ്പോൾ ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ ഒരു മാസത്തോളമാണ് അമ്മ അഴിക്കുള്ളിൽ കഴിയേണ്ടി വന്നത്.

ഒരു കള്ളം മറയ്ക്കാൻ വേണ്ടി പതിമൂന്നുകാരനായ മകൻ മെനഞ്ഞ കഥയാണ് കടയ്ക്കാവൂരിലെ മാതാവിന് കാരാഗ്രഹം സമ്മാനിച്ചത്. ഒടുവിൽ മറുനാടൻ ഈ വാർത്തയ്ക്ക് പിന്നിലെ സത്യം തിരഞ്ഞതോടെയാണ് സംഭവത്തിന് പിന്നിലെ സത്യാവസ്ഥ പുറത്തുവന്നത്. ഭർത്താവുമായുള്ള പ്രശ്‌നങ്ങളും ഇത്തരമൊരു പരാതിക്ക് കാരണായി എന്ന വാദം ഉയർന്നു. ഇതോടെ വിശദമായ അന്വേഷണവും കോടതി ഇടപെടലോടെ നടന്നു. ഒടുവിൽ ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു മാതാവിന്. തുടർന്ന് വിദഗ്ധ സംഘത്തെ അന്വേഷണം ഏൽപ്പിച്ചതോടെയാണ് സത്യം തെളിയുകയാിരുന്നു.

അമ്മയ്‌ക്കെതിരെ പതിമൂന്ന് വയസ്സ് മാത്രം പ്രായമുള്ള മകൻ ഒരു ഇല്ലാത്ത കഥ മെനയുകയായിരുന്നു എന്ന നിഗമനത്തിലാണ് പൊലീസ് എത്തിയത്. അശ്ലീല വീഡിയോ കാണുന്നത് അച്ഛൻ കണ്ടുപിടിച്ചപ്പോൾ അതിൽ നിന്ന് രക്ഷപ്പെടാനായുള്ള ഒരു പതിമൂന്ന് വയസ്സുകാരന്റെ തന്ത്രം. ശാസ്ത്രീയ പരിശോധനകൾ അടക്കം നടത്തിയതിന് പിന്നാലെയാണ് കുട്ടി അമ്മയ്‌ക്കെതിരെ നൽകിയ മൊഴി വിശ്വാസയോഗ്യമല്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി.

കടയ്ക്കാവൂർ സ്വദേശിയായ നാലു കുട്ടികളുടെ അമ്മയെ ഡിസബംറിലാണ് പോക്‌സോ കേസിൽ അറസ്റ്റ് ചെയ്തത്. അമ്മ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് 13 വയസ്സുകാരനായ രണ്ടാമത്തെ മകന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു അറസ്റ്റ്. അമ്മയ്‌ക്കെതിരായ പരാതി വ്യാജമാണെന്നായിരുന്നു യുവതിയുടെ ഇളയ മകന്റെ നിലപാട്. എന്നാൽ പീഡിപ്പിച്ചെന്ന അനിയന്റെ മൊഴിയിൽ യുവതിയുടെ മൂത്തകൂട്ടി ഉറച്ച് നിന്നു. വ്യക്തിപരമായ വിരോധങ്ങൾ തീർക്കാൻ മുൻ ഭർത്താവ് മകനെക്കൊണ്ട് കള്ള മൊഴി നൽകിപ്പിച്ചെന്നായിരുന്നു സ്ത്രീയുടെ വാദം.

മകന്റെ വ്യാജ മൊഴിയുടെ അടിസ്ഥാനത്തിൽ ഒരു മാസം യുവതിക്ക് ജയിലിൽ കിടക്കേണ്ടി വന്നു. ഹൈക്കോടതി അമ്മയ്ക്ക് ജാമ്യം അനുവദിച്ചപ്പോൾ ഒരു വനിത ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ തുടരന്വേഷണം നടത്താൻ കോടതി നിർദ്ദേശിച്ചു. ഡോ. പി ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ.ഷർമ്മദിന്റെ നേതൃത്വത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ചു.

എട്ട് ഡോക്ടർമാർ അടങ്ങുന്ന സംഘം 12 ദിവസം ആശുപത്രിയിൽ പാർപ്പിച്ച് കുട്ടിയെ പരിശോധിച്ചു. മാനസികാരോഗ്യ വിദഗ്ദ്ധർ ഉൾപ്പെടുന്ന സംഘമാണ് പരിശോധിച്ച് റിപ്പോർട്ട് നൽകിയത്. ശാസ്ത്രീയ പരിശോധനയിൽ കുട്ടി പറയുന്നത് വിശ്വാസ യോഗ്യമല്ലെന്നാണ് മെഡിക്കൽ റിപ്പോർട്ട്. അമ്മയുടെ മൊബൈലിലൂടെ കുട്ടി സ്ഥിരമായി അശ്ലീല വീഡിയോകൾ കാണാറുണ്ടെന്നാണ് കൗൺസിലിംഗിൽ വ്യക്തമായത്. വിദേശത്ത് അച്ഛനൊപ്പം കഴിയുമ്പോൾ കുട്ടി അശ്ലീല വിഡീയോ കാണുന്നത് കണ്ടുപിടിച്ചു. ഈ സമയം രക്ഷപ്പെടാൻ അമ്മ പീഡിപ്പിച്ചുവെന്ന പരാതി ഉന്നയിച്ചുവെന്നാണ് കണ്ടെത്തൽ.

കേസിന് പിന്നിൽ കുട്ടിയുടെ അച്ഛന് പങ്കുണ്ടെന്ന് അറസ്റ്റിലായ യുവതിയുടെ ബന്ധുക്കൾ പരാതി ഉന്നയിച്ചിരുന്നു. എന്നാൽ പരാതിക്ക് പിന്നിൽ പരപ്രേരണയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അമ്മക്കെതിരായ കേസ് നിലനിൽക്കില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്‌പി പ്രമോദ് കുമാറായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. കേസ് ആദ്യം അന്വേഷിച്ച കടക്കാവൂർ പൊലീസിന് ജാഗ്രത കുറവുണ്ടായെന്ന ആക്ഷേപം നേരത്തെ ഉണ്ടായിരുന്നു. അത് ശരിവെക്കുന്നതാണ് പ്രത്യേക സംഘത്തിന്റെ റിപ്പോർട്ട്.

കേസിലെ ശാസ്ത്രീയ വിവങ്ങൾ പുറത്തു വന്നതോടെ കടയ്ക്കാവൂർ കേസ് ആദ്യ അന്വേഷണ സംഘത്തിനെതിരെ വനിതാ കമ്മീഷനും രംഗത്തുവന്നു. കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ ആവശ്യപ്പെട്ടു. നിയപരാധിയായ സ്ത്രീയെ ജയിലിൽ അടച്ച നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും ഷാഹിദ കമാൽ പറഞ്ഞു.