കൊച്ചി: ലഹരി നൽകി യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ പരാതി പിൻവലിക്കാൻ സമ്മർദ്ദവുമായി ഇടനിലക്കാരൻ. പരാതിക്കാരിയുടെ സുഹൃത്തായ എറണാകുളത്ത് ഊബർ ടാക്സി ഓടിക്കുന്ന കോഴിക്കോട് സ്വദേശി ബിബിൻ ജോർജ്ജാണ് പരാതി പിൻവലിച്ചാൽ 3 ലക്ഷം രൂപ നൽകാമെന്ന് യുവതിയോട് പറഞ്ഞിരിക്കുന്നത്. തോപ്പുംപടി സ്വദേശി അജ്മലിനെയും സലിൻ കുമാറിനെയും ഒഴിവാക്കണമെന്നാണ് ബിബിൻ ആവശ്യപ്പെട്ടത്. ബിബിനാണ് യുവതിയെ പീഡിപ്പിക്കാൻ പ്രതികൾക്ക് ഒത്താശ ചെയ്തുകൊടുത്തത്. യുവതിയെ വാട്ട്സാപ്പ് വഴി ബന്ധപ്പെട്ടാണ് ബിബിൻ കേസ് പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തുന്നത്.

കാക്കനാട് ഇൻഫോ പാർക്കിനു സമീപം ഇടച്ചിറയിലുള്ള ലോഡ്ജിൽ 27-കാരിയായ മലപ്പുറം സ്വദേശിനിയെ നവംബർ 29 മുതൽ ഡിസംബർ 1 വരെ പൂട്ടിയിടുകയും ലഹരി നൽകി പീഡിപ്പിച്ചെന്നുമാണു പരാതി. പരാതിയിൽ പൊലീസ് സ്ഥലത്തെത്തി മുറികൾ സീൽ ചെയ്തിരുന്നു. തുടർന്നു യുവതിയെ ആരോഗ്യ പരിശോധനയ്ക്കു വിധേയമാക്കുകയും ചെയ്തിരുന്നു.

നവംബർ 28ന് ഫോട്ടോ ഷൂട്ടിനായി എത്തിയ യുവതിയെ ബിബിൻ പരിചയപ്പെടുത്തിയ സംഘമാണു ലൈംഗികമായി പീഡിപ്പിച്ചതെന്നു പരാതിയിൽ പറയുന്നു. ഫൊട്ടോഗ്രാഫർക്കു ചില തടസങ്ങൾ ഉണ്ടായതിനെ തുടർന്ന് സലിൻകുമാറാണു ലോഡ്ജിൽ താമസം ഒരുക്കിയത്. തുടർന്ന് സലിൻകുമാർ യുവതിക്ക് അനാശാസ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന യുവതികളുടെ ചിത്രങ്ങൾ അയച്ചു. തുടർന്ന് ഇയാൾ താമസിച്ച തൊട്ടടുത്ത മുറിയിലേയ്ക്കു ക്ഷണിച്ചെങ്കിലും യുവതി പോയില്ല. തുടർന്ന് ഇവരുടെ മുറിയിലെത്തി പീഡിപ്പിക്കുകയായിരുന്നു എന്നാണു പരാതി.

പരാതിയുടെ അടിസ്ഥാനത്തിൽ മൂന്നാം പ്രതി ആലപ്പുഴ സ്വദേശി സലീം കുമാർ പിടിയിലായിരുന്നു. പിന്നീട് കേസിൽ മുഖ്യ പ്രതിയായ ആലപ്പുഴ പെരിങ്ങാല മുഹമ്മദ് അജ്മലി (28) നെതൃക്കാക്കര അസി. കമ്മിഷണർ പി.വി. ബേബി, ഇൻഫോപാർക്ക് സിഐ. ടി.ആർ. സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ ചാവക്കാട്ടു നിന്ന് പിടികൂടി. ബലാത്സംഗത്തിനു ശേഷം പല സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞുവരികയായിരുന്ന അജ്മൽ ചാവക്കാട്ടെ ബന്ധുവീട്ടിൽ നിന്നാണ് പിടിയിലായത്. ഇതോടെ കേസിൽ രണ്ടുപേർ അറസ്റ്റിലായി. ആലപ്പുഴ ജില്ലയിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അജ്മലെന്ന് പൊലീസ് പറഞ്ഞു. ഗുണ്ടാ ആക്ട് പ്രകാരം ഇവിടെ നിന്ന് നാടുകടത്തിയിട്ടുള്ളതാണ്. കാപ്പ ചുമത്തി ജയിലിൽ അടച്ചിട്ടുണ്ട്. കടവന്ത്ര, കായംകുളം പൊലീസ് സ്റ്റേഷൻ പരിധികളിലായി ആയുധ നിരോധന നിയമം, വധശ്രമം തുടങ്ങി നിരവധി കേസുകളിൽ പ്രതിയായിരുന്നു.

ഒളിവിൽ കഴിയുന്ന പ്രതികളായ ഷെമീർ, ലോഡ്ജ് നടത്തിപ്പുകാരി തമിഴ്‌നാട് സ്വദേശിനി ക്രിസ്റ്റീന എന്നിവർ ഉടൻ പിടിയിലാകുമെന്ന് അന്വേഷണ സംഘം പറഞ്ഞു. ക്രിസ്റ്റീനയുടെ ഒത്താശയോടെ അജ്മൽ, ഷമീർ, സലീംകുമാർ എന്നിവർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. ലഹരിമരുന്ന് നൽകി പീഡിപ്പിച്ച ശേഷം മൊബൈൽ ഫോണിൽ യുവതിയുടെ ദൃശ്യങ്ങളും പകർത്തി. മൂന്നു ദിവസത്തെ പീഡനത്തിനു ശേഷം പ്രതികൾ കൈവശം െവച്ചിരുന്ന ഫോൺ കൈക്കലാക്കിയ യുവതി ബന്ധുക്കളെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. ബലാത്സംഗം, ദേഹോപദ്രവം, അന്യായമായി തടങ്കലിൽവെക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരേ കേസ്. മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയതിന് ഐ.ടി. നിയമപ്രകാരവും പ്രതികൾക്കെതിരേ കേസെടുത്തിട്ടുണ്ട്.

അതേ സമയം ലോഡ്ജ് നടത്തിപ്പുകാരിയായ ക്രീസ്റ്റീനയെ പൊലീസ് അറസ്റ്റ് ചെയ്യാത്തത് പൊലീസുമായുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്ന് പീഡനത്തിരയായി യുവതി പറയുന്നു. ക്രീസ്റ്റീന മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുകയാണ്. ഇതിന് സഹായിക്കാനായിട്ടാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്യാത്തതെന്നാണ് യുവതിയുടെ ആരോപണം.