കാലടി: തറയിൽ കട്ടപിടിച്ച രക്തക്കറ. സമീപത്ത് ഒഴിഞ്ഞ മദ്യക്കുപ്പികളും വിദേശ നിർമ്മിത സിഗരറ്റുകളും ശീതളപാനീയങ്ങളുടെ ബോട്ടിലുകളും സിറിഞ്ചുകളും ഗർഭനിരോധന ഉറകളും. കാലടിയിലെ നീല പാലത്തിന്റെ അടിഭാഗത്തെ കാഴ്ചയുടെ നേർ ചിത്രം ഇങ്ങിനെ: ഇവിടം സാമൂഹ്യവിരുദ്ധരുടെ സങ്കേതം എന്ന് ഒറ്റ നോട്ടത്തിൽ തന്നെ ആർക്കും വ്യക്തമാവും.

കാലടി ശ്രീശങ്കര പാലത്തിന് ഒരു കിലോമീറ്റർ തെക്ക് മാറി പെരിയാറിന് കുറുകെ ശബരി റെയിലിന്റെ ഭാഗമായി നിർമ്മിച്ചിട്ടുള്ള പാലമാണ് നീല പാലം എന്ന പേരിൽ അറിയിപ്പെടുന്നത്. ഇത് നീല പാലം എന്ന പേരിൽ അറിയപ്പെടാൻ രണ്ട് കാരണങ്ങളുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. നീലച്ചടൻ കഞ്ചാവ് ഉപയോഗിക്കുന്നവരുടെ താവളമായി പാലം മാറിയെന്നും അതിനാലാണ് ഇവിടം നീല പാലമെന്ന പേരിൽ അറിയപ്പെട്ടുതുടങ്ങിയതെന്നുമാണ് ഒരു കൂട്ടർ വ്യക്തമാക്കുന്നത്. നീല നിറത്തിലുള്ള പെയിന്റ് അടിച്ചാണ് പാലം മനോഹരമാക്കിയിരിക്കുന്നതെന്നും അതിനാലാണ് പാലത്തിന് ഈ പേര് വീണതെന്നുമാണ് മറുവിഭാഗത്തിന്റെ വാദം.

അപരിചിതരായ ചിലർ ഇവിടെ വന്ന് പോകുന്നത് പരിസര വാസികളുടെ ശ്രദ്ധയിൽപ്പെട്ടതാണ് പാലത്തിന് താഴെയുള്ള നിഗൂഡ ലോകത്തെക്കുറിച്ച് സുപ്രധാന വിവരങ്ങൾ പുറത്തുവരാൻ കാരണം. നാട്ടുകാരെത്തി പരിശോധിച്ചപ്പോഴാണ് ഇവിടെ മാസങ്ങളായി നടന്നുവന്നിരുന്ന അസന്മാർഗ്ഗീത പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരം പുറംലോകത്തെത്തുന്നത്.

കാട് പിടിച്ച് കിടക്കുന്ന പദ്ധതി പ്രദേശം കുറുക്കന്മാരുടെയും നായ്ക്കളുടെയും ഇഴജന്തുക്കളുടെയും താവളമാണ്. പുല്ലാനി കാട്ടിലെ ഒറ്റയടിപ്പാതയിലൂടെ വേണം നിലപ്പാലത്തിന്റെ ചുവട്ടിലെത്താൻ.താഴ്ഭാഗത്ത് എത്തുമ്പോൾ ചതുരാകൃതിയിൽ നിർമ്മിച്ച അറകളാണ് ആദ്യം കാണുന്നത്. 700 മീറ്റർ ദൈർഘ്യമുള്ള പാലത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ, ട്രെയിൻ ബോഗികൾ പോലെ തോന്നിക്കുന്ന ഇത്തരം അറകൾ കാണാം.

ഏകദേശം അരയ്ക്കൊപ്പം പൊക്കത്തിൽ ഒരാൾക്ക് കടന്നുപോകത്ത വിസ്താരത്തിലുള്ളതാണ് അറകളിലേയ്ക്കുള്ള കവാടം.അകത്ത് പകൽ സമയത്ത് പോലും ഇരുട്ടാണ്.പുറമെ നിന്ന് നോക്കിയാൽ ഉള്ളിൽ നടക്കുന്നത് എന്താണെന്ന് അറിയാൻ മാറ്റ് മാർഗ്ഗളില്ല എന്നതാണ് വാസ്തവം.ഇതാണ് രാപകലന്യേ ഇവിടം സാമൂഹ്യവിരുദ്ധരുടെ താവളമായി മാറാൻ പ്രധാന കാരണം. സമീപത്തെ വിദ്യാഭ്യസ സ്ഥാപനങ്ങളിൽ നിന്നും ഇവിടെ എത്തുന്ന വിദ്യാർത്ഥികൾ മണിക്കൂറുകളോളം ഇവിടെ ചിലവഴിച്ചാണ് മടങ്ങുന്നത്.

രാത്രിയായാൽ ഇവിടം ക്വട്ടേഷൻ സംഘങ്ങളുടെ സംഗമകേന്ദ്രമായി മാറും. ലഹരി ഉപയോഗവും ലഹരിവസ്തുക്കളുടെ കച്ചവടവുമെല്ലാം ഇവിടം കേന്ദ്രീകരിച്ച് നടക്കുണ്ടെന്നും ഇടക്ക് ഇവർ തമ്മിൽ അടിപിടിയുണ്ടാവുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു.തമ്മിതല്ലിനിടെയുള്ള ആയുധപ്രയോഗമാണ് തറയിൽ രക്തം തളംകെട്ടാൻ കാരണമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

2017ൽ അങ്കമാലിയിൽ നിന്ന് ഇടുക്കിയിലേക്ക് 116 കിലോമീറ്റർ ദൈർഘ്യത്തിൽ റെയിൽപാത നിർമ്മിക്കാൻ ഉദ്ദേശിച്ചതുള്ളതാണ് പദ്ധതി. ആദ്യ റീച്ചിന്റെ പാളം പണി പൂർത്തീകരിച്ച് കെ.പി.ധനപാലൻ എംപി.ഉദ്ഘാടനം നിർവ്വഹിച്ചിരുന്നു. രണ്ട് വർഷങ്ങൾക്ക് ശേഷം റെയിലിന്റെ പണി നിന്ന് പോയെങ്കിലും കാലടിയിൽ റെയിൽവേ സ്റ്റേഷനും, പാലവും പണി പുർത്തികരിച്ചിരുന്നു. റെയിൽവേയും സംസ്ഥാന സർക്കാരും ശബരി റെയിൽവേ കൈയൊഴിഞ്ഞെങ്കിലും ഈ കേന്ദ്രങ്ങൾ ഇന്ന് കൊടുംക്രിമിനലുകളുടെയും സാമൂഹ്യവിരുദ്ധരുടെയും താവളമാണ്. അനിഷ്ടസംഭവങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ള പ്രദേശമെന്ന് വിലയിരുത്തി,പൊലീസ് ഈ ഭാഗത്ത് നീരീക്ഷണം ശക്തിപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.