അടിമാലി: പണിക്കൻകുടിയിൽ അടുക്കളയിൽ മണ്ണുമാന്തി അടക്കം ചെയ്ത നിലയിൽ കണ്ടെത്തിയ മൃതദ്ദേഹം കാണാതായ കാമാക്ഷി സ്വദേശിനി താമഠത്തിൽ സിന്ധു (45) വിന്റേത് തന്നെ. ഇന്നു രാവിലെ ഇടുക്കി തഹസീൽദാർ വിൻസന്റിന്റെ സാന്നിദ്ധ്യത്തിൽ വെള്ളത്തൂവൽ പൊലീസാണ് മൃതദ്ദേഹം പുറത്തെടുത്തത്. മകൻ അരുണാണ് മൃതദ്ദേഹം മാതാവിന്റെതാണെന്ന് സ്ഥിരീകരിച്ചത്.

സന്ധുവിനെ 23 ദിവസമായി കാണാതായിരുന്നു. ഇതുസംബന്ധിച്ച് ബന്ധുക്കളുടെ പരാതിപ്രകാരം വെള്ളത്തൂവൽ പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരികയായിരുന്നു. ഏറെക്കുറെ അഴുകിയ നിലയിലായിരുന്നു മൃതദ്ദേഹം. അയൽവാസി ബിനോയിയുടെ വീടിന്റെ അടുക്കളയിൽ അടുപ്പിരുന്ന ഭാഗത്ത് മണ്ണുമാന്തി കുഴിച്ചിട്ട നിലയിൽ ഇന്നലെ ഉച്ചയോടെ സിന്ധുവിന്റെ ബന്ധുക്കളാണ് മൃതദ്ദേഹം കണ്ടെത്തിയത്. മൃതദ്ദേഹം കണ്ടെത്തിയ വീട്ടിൽ പൊലീസ് നേരത്തെ വിശദമായ പരിശോധന നടത്തയിരുന്നെങ്കിലും കാര്യമായ വിവരമൊന്നും ലഭിച്ചിരുന്നില്ല.

നാടാകെ തിരയുന്നതിനിടെയാണ് അയൽവക്കത്തെ ബിനോയിയുടെ അടച്ചിട്ട വീട്ടിലും പരിശോധിക്കണമെന്ന് തോന്നിയതെന്നും അടുക്കളയിൽ പുതിയ അടുപ്പ് പണിതിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ ഇവിടെ കുഴിച്ചുനോക്കാൻ തീരുമാനിക്കുകയായിരുന്നെന്നും കുറച്ചുഭാഗത്തെ മണ്ണുമാറ്റിയപ്പോൾ തന്നെ മൃതദ്ദേഹം കണ്ടെത്തുകയായിരുന്നെന്നും ഇന്നലെ സിന്ധുവിന്റെ സഹോദരിയുടെ മകൻ അജിത്ത് വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞമാസം 12 മുതലാണ് സിന്ധു (45) വിനെ കാണാതായത്. ഭർത്താവുമായി പിരിഞ്ഞ സിന്ധുവും 12 വയസ്സുള്ള ഇളയ മകനും കഴിഞ്ഞ അഞ്ച് വർഷമായി പണക്കൻകുടിയിൽ ബിനോയിയുടെ വീടിന് സമീപത്താണ് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ഭാര്യയെ ഉപേക്ഷിച്ച് ഒറ്റക്ക് താമസിക്കുന്ന ബിനോയി സിന്ധുവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ഇടയ്ക്ക് ഇയാളുമായി വാക്കുതർക്കങ്ങൾ ഉണ്ടായിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ബിനോയി നാട്ടിൽ നിന്നും മുങ്ങിയിരിക്കുകയാണ്.

കഴിഞ്ഞ പതിനൊന്നാം തീയതി സിന്ധു മകളെ ഫോണിൽ വിളിച്ച് ബിനോയിയുമായി വഴക്കിട്ട വിവരം അറിയിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു. കഴിഞ്ഞ 11 ന് രാത്രി ബിനോയിയുടെ ബന്ധുവിന്റെ വീട്ടിൽ കൂട്ടുകിടപ്പിനായി സിന്ധു മകനെ പറഞ്ഞുവിട്ടിരുന്നു. 12 ന് മകൻ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് അമ്മയെ കാണാനില്ലന്നറിയുന്നത്. തുടർന്ന് മകൻ സിന്ധുവിന്റെ ബന്ധുക്കളെ വിവരം അറിയിക്കുകയായും പിന്നാലെ ബന്ധുക്കൾ വെള്ളത്തുവൽ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ബിയോയി പല ക്രിമിനൽ കേസുകളിലും പ്രതിയാണെന്നും കണ്ടെത്താൻ ഊർജ്ജിത അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു. ഇടുക്കി ഡി.വൈ.എസ്‌പി ഇമ്മാനുവേൽ പോൾ, വെള്ളത്തൂവൽ സിഐ ആർ. കുമാർ , എസ്‌ഐ മാരായ രാജേഷ് കുമാർ , സജി.എൻ. പോൾ എന്നിവരുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ ടീമാണ് കേസിൽ അന്വേഷണം നടത്തുന്നത്.

മൃതദേഹം അടുക്കളയിൽ കുഴിച്ചുമൂടിയ അയൽവാസി മൃതദേഹം ഒളിപ്പിക്കാൻ ചെയ്തത് വൻ ശ്രമങ്ങളാണ്. മൃതദേഹം പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ ശേഷമാണ് അടുക്കളയിൽ കുഴിച്ചുമൂടിയത്. അന്വേഷണമുണ്ടായാൽ പൊലീസ് നായ മണം പിടിച്ചെത്താതിരിക്കാൻ കുഴിയിലാകെ മുളക് പൊടി വിതറി. വസ്ത്രം പൂർണമായും മാറ്റിയിട്ടുണ്ട്. അതിനിടെ കേസ് അന്വേഷണത്തിൽ പൊലീസിന്റെ ഭാഗത്ത് വലിയ വീഴ്‌ച്ചയുണ്ടായെന്ന് ആരോപിച്ച് സിന്ധുവിന്റെ കുടുംബം രംഗത്തെത്തി. സിന്ധുവിനെ ബിനോയ് കൊല്ലപ്പെടുത്തി കുഴിച്ചിട്ടതാകാമെന്ന തരത്തിലുള്ള മകന്റെ മൊഴിയുണ്ടായിട്ടും പൊലീസ് അത് ഗൗരവമായെടുത്തില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. മൃതദേഹം കണ്ടെത്തിയ അടുകളയിലെ തറയിലെ മണ്ണ് മാറ്റിയെന്ന് മൊഴിയുണ്ടായിട്ടും അന്വേഷിച്ചില്ല. ഓഗസ്റ്റ് 16ന് മാത്രമാണ് ബിനോയി ഒളിവിൽ പോയതെന്നും ബന്ധുക്കൾ പറഞ്ഞു.

ബഇന്നലെയാണ് ഇടുക്കി പണിക്കൻകുടിയിൽ നിന്ന് മൂന്നാഴ്ച മുമ്പ് കാണാതായ വീട്ടമ്മ സിന്ധുവിന്റെ മൃതദേഹം അയൽവാസിയുടെ അടുക്കളയിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയത്. അയൽവാസി ബിനോയ് ഒളിവിലാണ്. ഭർത്താവുമായി പിണങ്ങി കാമാക്ഷി സ്വദേശിയായ സിന്ധു കഴിഞ്ഞ ആറ് കൊല്ലമായി പണിക്കൻകുടിയിൽ വാടയ്ക്ക് താമസിക്കുകയായിരുന്നു. ഈ വീടെടുത്ത് നൽകിയത് ബിനോയ് ആയിരുന്നു. ഇരുവരും അടുപ്പത്തിലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.

ചികിത്സയിൽ കഴിയുന്ന ഭർത്താവിനെ കാണാൻ പോയെന്ന പേരിൽ സിന്ധുവും ബിനോയും തമ്മിൽ തർക്കമുണ്ടായെന്നും അന്ന് മുതൽ അമ്മയെ കാണാനില്ലെന്നുമായിരുന്നു ഇളയ മകൻ പൊലീസിന് നൽകിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തി. ഡോഗ് സ്‌കോഡടക്കം സ്ഥലത്തെത്തി പല കുറി പരിശോധിച്ചെങ്കിലും തുമ്പൊന്നും കിട്ടിയില്ല. പിന്നീട് സിന്ധുവിന്റെ ബന്ധുക്കളായ ചെറുപ്പക്കാർ ബിനോയിയുടെ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തുന്നത്.