അടിമാലി;കാമാക്ഷി സ്വദേശിനി താമഠത്തിൽ സിന്ധു (45) വിനെ അടുപ്പക്കാരൻ ബിനോയി ശ്വാസംമുട്ടിച്ചായിരിക്കാം കൊലപ്പെടുത്തിയതെന്ന് സംശയം. പണിക്കൻകുടിയിൽ അയൽക്കാരൻകൂടിയായ ബിനോയിയുടെ വീടിന്റെ അടുക്കളയിൽ അടുപ്പിന്റെ ഭാഗത്ത് കുഴിച്ചിട്ട നിലയിൽ ഇന്നലെ ഉച്ചയോടെ ബന്ധുക്കൾ സിന്ധുവിന്റെ മൃതദ്ദേഹം കണ്ടെത്തുകയായിരുന്നു.

ഇടുക്കി തഹസീൽദാർ വിൻസന്റ്, വെള്ളത്തൂവൽ സി ഐ ആർ കുമാർ എന്നിവരുടെ മേൽനോട്ടത്തിൽ ഇന്ന് ഇന്ന രാവിലെ മൃതദ്ദേഹം പുറത്തെടുത്തപ്പഴാണ് കുഴിയുടെ ആഴത്തെക്കുറിച്ചും അടക്കം ചെയ്തിരുന്ന രീതിയെക്കുറിച്ചുമെല്ലാമുള്ള വിവരങ്ങൾ ലഭിച്ചത്.
അടുക്കളയുടെ ഭിത്തിയോട് ചേർന്ന് ഏകദേശം 90 സെന്റീമീറ്റർ ആഴത്തിലാണ് കുഴിയെടുത്തിരുന്നത്.

മൃതദ്ദേഹം ചമ്രംപടിഞ്ഞിരിക്കുന്ന രീതിയിലാണ് കുഴിച്ചിട്ടിരുന്നത്. വസ്ത്രങ്ങൾ പൂർണ്ണമായി അഴിച്ചുമാറ്റിയ ശേഷമാണ് മൃതദ്ദേഹം മറുവുചെയ്തിട്ടുള്ളത്. സിന്ധുവിനെ കാണാതായിട്ട് 23 ദിവസമായി എന്നാണ് ബന്ധുക്കൾ വ്യക്തമാക്കിയിട്ടുള്ളത്. ഇതുസംബന്ധിച്ച് ബന്ധുക്കളുടെ പരാതിപ്രകാരം വെള്ളത്തൂവൽ പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരികയായിരുന്നു.

ഏറെക്കുറെ അഴുകിയ നിലയിലായിരുന്നു മൃതദ്ദേഹം. ബിനോയിയുടെ വീട്ടിൽ പൊലീസ് നേരത്തെ വിശദമായ പരിശോധന നടത്തയിരുന്നെങ്കിലും കാര്യമായ വിവരമൊന്നും ലഭിച്ചിരുന്നില്ല.വീടിനുള്ളിൽ രക്തക്കറ കാണാത്തതും പിടിവലികൾ നടന്നതിന്റെ ലക്ഷണണങ്ങൾ ഇല്ലാത്തതുമാണ് ശ്വാസംമുട്ടിച്ചായിരിക്കാം കൊലപ്പെടുത്തിയതെന്നുള്ള സംശയം ബലപ്പെടാൻ കാരണം.

സിന്ധുവിനെ തന്ത്രത്തിൽ സ്‌നേഹം നടിച്ച് കീഴ്‌പ്പെടുത്തിയ ശേഷം തന്ത്രത്തിൽ ശ്വാസം മുട്ടിച്ച് കൊല്ലാനുള്ള സാധ്യതയാണ് തെളിയുന്നത്. സിന്ധുവിനെ വീട്ടിൽ ഒറ്റയ്ക്ക് കിട്ടാൻ ഇളയ മകനെ കാമുകൻ ബന്ധുവീട്ടിലേക്കും മാറ്റിയിരുന്നു. കഴിഞ്ഞമാസം 12 മുതലാണ് സിന്ധു (45) വിനെ കാണാതായത്. ഭർത്താവുമായി പിരിഞ്ഞ സിന്ധുവും 12 വയസ്സുള്ള ഇളയ മകനും കഴിഞ്ഞ അഞ്ച് വർഷമായി പണക്കൻകുടിയിൽ ബിനോയിയുടെ വീടിന് സമീപത്താണ് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.

ഭാര്യയെ ഉപേക്ഷിച്ച് ഒറ്റക്ക് താമസിച്ചിരുന്ന ബിനോയിയുമായി സിന്ധുവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇടയ്ക്ക് ഇയാളുമായി വാക്കുതർക്കങ്ങൾ ഉണ്ടായിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ബിനോയി നാട്ടിൽ നിന്നും മുങ്ങിയിരിക്കുകയാണ്.

ബിയോയി പല ക്രിമിനൽ കേസുകളിലും പ്രതിയാണെന്നും കണ്ടെത്താൻ ഊർജ്ജിത അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു. ഇടുക്കി ഡി.വൈ.എസ്‌പി ഇമ്മാനുവേൽ പോൾ, വെള്ളത്തൂവൽ സിഐ ആർ. കുമാർ , എസ്‌ഐ മാരായ രാജേഷ് കുമാർ , സജി.എൻ. പോൾ എന്നിവരുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ ടീമാണ് കേസിൽ അന്വേഷണം നടത്തുന്നത്.