ന്യൂഡൽഹി: രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ മാത്രമല്ല, മുൻ ജെഎൻ യു പ്രസിഡന്റും സിപിഐ നേതാവും, തീപ്പൊരി പ്രാസംഗികനുമായ കനയ്യ കുമാറും കോൺഗ്രസിലേക്ക്. ഇതിന് മുന്നോടിയായുള്ള ചർച്ചകളിലാണ് ഇരുവരും എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കനയ്യകുമാർ കോൺഗ്രസിൽ ചേർന്നാൽ പ്രതിപക്ഷത്തിന് അത് നാടകീയ ഉണർവേകും എന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. രാഹുൽ ഗാന്ധിയുമായി കനയ്യകുമാർ ഉടൻ കൂടിക്കാഴ്ച നടത്തുമെന്നും അതിന് ശേഷമാകും തീയതിയും മറ്റുകാര്യങ്ങളും നിശ്ചയിക്കുക എന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു.

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിലെ ബെഗുസരായി മണ്ഡലത്തിൽ കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിനോട് വമ്പൻ തോൽവിയാണ് കനയ്യ കുമാറിന് സംഭവിച്ചത്. 4.22 ലക്ഷം വോട്ടുകൾക്കാണ് ഗിരിരാജ് സിങ് വിജയിച്ചത്. 22 ശതമാനം വോട്ട് വിഹിതം കനയ്യ നേടിയപ്പോൾ, ഗിരിരാജ് സിങ് 56.5 ശതമാനം വോട്ട് വിഹിതം നേടിയിരുന്നു. തോൽവിക്ക് ശേഷം താരമന്യേന നിശ്ശബ്ദനായിരുന്ന കനയ്യ പുതിയ ഒരു രാഷ്ട്രീയ തുടക്കമാണ് കോൺഗ്രസിലൂടെ ആഗ്രഹിക്കുന്നത്.

ആൾക്കൂട്ടത്തെ ആകർഷിക്കാൻ കഴിയുന്ന നേതാക്കളുടെ കുറവാണ് കോൺഗ്രസിനെ അലട്ടുന്ന ഒരുപ്രശ്‌നം. കനയ്യയെ പോലൊരു തീപ്പൊരി പ്രാസംഗികൻ വന്നാൽ, യുവജനങ്ങളെ ആകർഷിക്കാൻ കഴിയുമെന്ന് കോൺഗ്രസ് കണക്കുകൂട്ടുന്നു. ആലോചനകൾ നടക്കുമ്പോഴും സഖ്യകക്ഷിയായ രാഷ്ട്രീയ ജനതാ ദളിന്റെ അഭിപ്രായം കൂടി കോൺഗ്രസിന് മാനിക്കേണ്ടതുണ്ട്. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്തും കനയ്യയുമായി കോൺഗ്രസ് ഇത്തരത്തിൽ കൂടുമാറ്റത്തിന് ചർച്ചകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

കനയ്യ കുമാറിനെ കൂടാതെ പ്രശാന്ത് കിഷോറിനെയും കോൺഗ്രസിൽ ചേർക്കുന്നതിന് തകൃതിയായ ചർച്ചകൾ നടക്കുന്നു. പ്രത്യേക എഐസിസി പാനലിന്റെ ഭാഗമായി പ്രശാന്ത് കിഷോറിനെ ഉൾപ്പെടുത്തുമെന്നാണ് സൂചന. പാർട്ടിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളും മാനേജ്‌മെന്റും തീരുമാനിക്കാൻ ഒരു ഉന്നതാധികാര സമിതി രൂപീകരിക്കണമെന്ന് പ്രശാന്ത് കിഷോർ കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.

അതുകൊണ്ടാണ് എഐസിസി പ്രത്യേക പാനൽ ഉണ്ടാക്കുന്നത്. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും കോൺഗ്രസിന് പുതുജീവൻ നൽകുക എന്നതാണ് പ്രശാന്ത് കിഷോറിന്റെ ദൗത്യം. യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ തിരഞ്ഞെടുപ്പുകളിൽ പ്രശാന്ത് കിഷോർ സജീവമായിരിക്കില്ലെന്നും നേതാക്കൾ പറയുന്നു.