തിരുവനന്തപുരം: കരുവന്നൂർ മോഡൽ വായ്പ തട്ടിപ്പ് നടന്ന കണ്ടല സഹ.ബാങ്കിൽ സഹകരണ വകുപ്പ് പരിശോധന നടത്തി. നിക്ഷേപത്തിന്റെയും വായ്പയുടെയും രേഖകൾ ഹാജരാക്കാൻ ബാങ്ക് അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാൻ കുറഞ്ഞത് മൂന്ന് മാസം വേണ്ടി വരുമെന്ന് അസിസ്റ്റന്റ് രജിസ്ട്രാർ പറയുന്നു. അതേ സമയം ബാങ്കിലെ ഉന്നതന്റെ ബന്ധുക്കളുടെ പേരിൽ നടന്ന കാർഷിക വായ്പത്തട്ടിപ്പിൽ ലക്ഷങ്ങൾ നഷ്ടമായതായി വിവരം.

കാട്ടാക്കടയ്ക്കടുത്തുള്ള കണ്ടല സർവ്വീസ് സഹകരണ ബാങ്കിൽ 100 കോടിയോളം രൂപയുടെ തട്ടിപ്പു നടന്നുവെന്ന പരാതികളുടെ പിൻബലത്തിൽ മറുനാടൻ മലയാളി പുറത്തുവിട്ട വാർത്തകളുടെ അടിസ്ഥാനത്തിലാണ് സഹകരണ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്

സഹകരണ സംഘം രജിസ്ട്രാർ പി ബി നൂഹ് ഐ എ എസ് നേരിട്ടാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഉത്തരവനുസരിച്ച് കാട്ടാക്കട അസിസ്റ്റന്റ് രജിസ്ട്രാർ ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം തിങ്കളാഴ്ച ബാങ്കിൽ നേരിട്ടെത്തി രേഖകൾ പരിശോധിച്ചു . പ്രാഥമിക പരിശോധനയാണ് നടത്തിയത്
വായ്പ ലഭിച്ചവരുടെ പൂർണമായ മേൽവിലാസം ബന്ധപ്പെട്ട രജിസ്റ്റർ , നിക്ഷേപകരുടെ വിവരം ബന്ധപ്പെട്ട ലെ ഡ് ജർ , ഡെ ബുക്ക് ,ബാങ്കിലെ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ,മാനേജിങ് കമ്മിറ്റി തീരുമാനങ്ങൾ ,കാർഷിക വായ്പ വിവരം , ബാങ്കിനു കിട്ടാനുള്ള തുകകൾ സംബന്ധിച്ച് ഇങ്ങനെ ഒരു ഡസനിലേറെ
രേഖകൾ ആവിശ്യപ്പെട്ട് ബാങ്ക് സെക്രട്ടറിക്ക് രേഖാമൂലം അസിസ്റ്റന്റ് രജിസ്ട്രാർ ജയചന്ദ്രൻ കത്ത് നൽകി.

ബാങ്കിലെ ക്രമക്കേട് സംബന്ധിച്ച് മതിയായ രേഖകൾ പരിശോധിച്ച് അന്വേഷണ റിപ്പോർട്ട് കൈമാറാൻ കുറഞ്ഞത് മൂന്ന് മാസം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഉച്ചയോടെ അന്വേഷണ ഉദ്യോഗസ്ഥർ മടങ്ങി ,ആവിശ്യപ്പെട്ട രേഖകൾ നിശ്ചിത സമയത്തിനുള്ളിൽ ഹാജരാക്കിയില്ലെങ്കിൽ പിടിച്ചെടുക്കാനാണ് ആലോചന. റൂൾ 66 പ്രകാരമുള്ള അന്വേഷണമാണ് ആരംഭിച്ചിരിക്കുന്നത്.

സഹകരണ വകുപ്പ നടത്തുന്ന വാർഷിക ആഡിറ്റിൽ തന്നെ കോടികളുടെ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിൽ ബാങ്കിൽ അഡ്‌മിനിസ്ട്രേറ്റീവ് ഭരണം ഏൽപ്പെടുത്താനാണ് സഹകരണ വകുപ്പ നീക്കം ആരംഭിച്ചിരിക്കുന്നത്. അതേ സമയം ബാങ്കിലെ ഒരു ഉന്നതന്റെ ബന്ധുക്കളുടെ പേരിൽ വ്യാപകമായി കാർഷിക വായ്പ തരപ്പെടുത്തിയതായും വിവരമുണ്ട് . ഒരു വസ്തുവിൽ തന്നെ മൂന്നും നാലും വായ്പകൾ നേടിയിട്ടുണ്ട് , ഇക്കാര്യങ്ങൾ സമഗ്രമായ അന്വേഷണത്തിലെ പുറത്തു വരൂ. ക്ഷീരയ്ക്ക് വേണ്ടി നൽകിയ ലോൺ , വസ്തു പണയപ്പെടുത്താതെ വായ്പ നൽകിയതടക്കം അന്വേഷണ പരിധിയിൽ ഉണ്ട്. എന്നാൽ അന്വേഷണം അട്ടിമറിക്കാൻ ചില കേന്ദ്രങ്ങളിൽ നിന്നും ശ്രമം ആരംഭിച്ചിട്ടുണ്ട്.

അതേ സമയം ബാങ്ക് പ്രസിഡന്റും മിൽമ മേഖല യൂണിയൻ അഡ്‌മിനിസ്ട്രേറ്റരുമായ എൻ ഭാസുരാംഗന്റെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം അന്വേഷിക്കണമെന്നാവിശ്യപ്പെട്ട് നാട്ടുകാരിൽ ചിലർ ഇ ഡി ക്കും ആദായനികുതി വകുപ്പിനും പരാതി അയച്ചു. വെറും ക്ഷീര കർഷകൻ ആയിരുന്ന ഭാസുരാംഗന്റെ കഴിഞ്ഞ പത്ത്് വർഷത്തെ സ്വത്ത സമ്പാദനം അന്വേഷിക്കണമെന്നാണ് ആവിശ്യം. ഭാസുരാഗനെതിരെയുള്ള അന്വേഷണവും മറ്റു നടപടികളും തയടുന്നത്് കാട്ടാക്കട- മലയിൻകീഴ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന രണ്ടു പ്രാദേശിക പത്രപ്രവർത്തകരാണന്നും പരാതിയിൽ ഉണ്ട്. ക്വാറി മാഫിയ ബന്ധത്തിൽ അന്വേഷണം നേരിട്ടയാളാണ് ഇവരിൽ ഒരാൾ.

ഇവർക്കെതിരെ രണ്ടു പത്രസ്ഥാപനങ്ങളിലും പരാതി നല്കാനാണ് മാറനല്ലൂരിലെ നാട്ടുകാരുടെ നീക്കം. അതിനിടെ രാഷ്ട്രീയമാണ് ബാങ്കിനെതിരെയുള്ള ആരോപണത്തിന് പിന്നിലെന്ന് സ്ഥാപിക്കാനും ഗൂഡശ്രമം തുടങ്ങി. എല്ലാം തെറ്റായ പ്രചരണമാണെന്ന് ബാങ്ക് പ്രസിഡന്റ് എൻ ഭാസുരാംഗൻ പറയുന്നുണ്ടെങ്കിലും കാര്യങ്ങൾ അത്ര സുഖകരമല്ല. നിക്ഷേപകർ ഡെപ്പോസിറ്റുകൽ പിൻവലിക്കാൻ കൂട്ടത്തോടെ എത്തി തുടങ്ങിയത്് ബാങ്കിനെ വെട്ടിലാക്കിയിട്ടുണ്ട്.

വകുപ്പ് നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി അധിക പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപകരിൽ നിന്നും ഫണ്ട് സ്വരൂപിക്കുന്നുവെന്ന് സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിലും കണ്ടെത്തിയിട്ടുണ്ട്. ഗുരുതര ആരോപണങ്ങളാണ് ഇതിലുള്ളത്. പ്രകാരം സ്വരൂപിക്കുന്ന ഫണ്ട് പ്രസിഡന്റ്ന്റെ ഇഷ്ടനുസരണം വിനിയോഗിക്കുന്നുവെന്നാണ് ആക്ഷേപം. മറ്റ് ഭരണസമിതി അംഗങ്ങൾക്ക് അഭിപ്രായസ്വാതന്ത്ര്യം ഇല്ല. അല്ലെങ്കിൽ അവർക്ക് അനധികൃതമായി ലോണോ ചിട്ടിയോ നൽകിയിട്ടുണ്ടാവും.2018-19ലെ ഓഡിറ്റ് സർട്ടിഫിക്കറ്റ് പ്രകാരം 161 കോടി നിക്ഷേപം ഉണ്ട്. പിരിഞ്ഞു കിട്ടാനുള്ള വായ്പ 96 കോടിയേ ഉള്ളൂ. 65 കോടി രൂപയുടെ ഫണ്ട് വകമാറ്റൽ ഉണ്ട്. 2019-20 , 2020-21 കണക്ക് പ്രകാരം ഫണ്ട് ഡൈവേർഷൻ 100 കോടി അധികരിച്ചിട്ടുണ്ടാവും. ഈ തുക ചിട്ടി നൽകുന്നതിനും, അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾക്കുമായിരിക്കും വിനിയോഗിച്ച്ത് എന്നാണ് വിലയിരുത്തൽ. ഈ ചിട്ടിയിൽ 90% വും പിരിഞ്ഞു കിട്ടില്ല, പിരിച്ചെടുക്കാൻ നടപടി സ്വീകരിക്കുകയുമില്ല. ബിനാമി ഇടപാടുകളാണ് ഇവയെന്നാണ് സംശയം.

ഇപ്രകാരമാണ് ബാങ്കിന്റെ പ്രവർത്തനമെങ്കിൽ സമീപ ഭാവിയിൽ ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുമെന്നാണ് വിലയിരുത്തൽ. പ്രസിഡന്റ്ന്റെ വ്യക്തി ബന്ധങ്ങൾ കണക്കിലെടുത്തും, അധിക പലിശ മോഹിച്ചുമാണ് നാട്ടുകാർ നിക്ഷേപം നടത്തുന്നത്. പെട്ടെന്ന് ഒരു പ്രതിസന്ധി വന്നാൽ ബാങ്കിന്റെ തകർച്ച ഭീകരമായിരിക്കും. ഇത് തിരിച്ചറിഞ്ഞാണ് ഇടപെടലിന് തയ്യാറെടുക്കുന്നത്. ബാങ്ക് നടത്തുന്ന അറ്റകുറ്റ പണികൾ, നിർമ്മാണ പ്രവർത്തനങ്ങൾ,ബ്രാഞ്ച് മാറ്റം, ആസ്തിവാങ്ങൽ ഇവയ്‌ക്കൊന്നിനും ജോയിന്റെ രജിസ്റ്റാറുടെ അംഗീകാരം വാങ്ങാറില്ലെന്നാണ് ആക്ഷേപം.

വകുപ്പ് നിർദ്ദേശങ്ങൾക്ക് അതീതമായാണ് ബാങ്ക് പ്രവർത്തിക്കുന്നത് എന്നാണ് ഉയരുന്ന പരാതി. മാറനല്ലൂർ ക്ഷീര സംഘത്തിന് ജോയിന്റ് രജിസ്റ്റാറിന്റെ അനുമതി ഇല്ലാതെ 1.94 കോടി രൂപ നൽകിയിട്ടുണ്ടെന്നാണ് സൂചന. ഈ തുക ഈടാക്കാൻ ക്ഷീര സംഘത്തിന്റെ വസ്തു ട്രാൻസ്ഫർ ചെയ്യുമെന്ന് പറയുന്നുവെങ്കിലും ഇതുവരെ ചെയ്തിട്ടില്ലെന്നും മറുനാടന് വിവരം ലഭിച്ചു. അംഗങ്ങളുടെ നിക്ഷേപ തുകയിൽ നിന്നാണ് 1.94 കോടി ട്രാൻസ്ഫർ ചെയ്തിട്ടുള്ളതെന്നാണ് വിലയിരുത്തൽ.