മുംബൈ: ബോളിവുഡ് താരം കങ്കണ റണൗത്തുമായുള്ള പ്രശ്‌നങ്ങളിൽ നിന്നും മഹാരാഷ്ട്ര സംസ്ഥാന സർക്കാർ പിന്നോട്ട്. കങ്കണയുമായുള്ള പ്രശ്‌നങ്ങളിൽ ശിവസേനയെ വിമർശിച്ചു കൊണ്ട് എൻസിപി അധ്യക്ഷൻ ശരദ് പവാർ അടക്കമുള്ളവർ രംഗത്തെത്തിയതോടെയാണ് വിഷയം തണുപ്പിക്കാൻ ശിവസേന രംഗത്തിറങ്ങിയത്. കങ്കണ റണൗത്തും ശിവസേന സർക്കാറും തമ്മിലുള്ള തർക്കം നിലനിൽക്കെ താരത്തോട് വ്യക്തിപരമായ ഒരു ശത്രുതയുമില്ലെന്ന നിലപാട് വ്യക്തമാക്കി എംപി സഞ് ജയ് റാവുത്ത് അറിയിച്ചു.

അനിധൃത നിർമ്മാണങ്ങൾ തടയുന്നതിന്റെ ഭാഗമായി ബ്രിഹാൻ മുംബൈ കോർപറേഷൻ കങ്കണയുടെ ഉടമസഥതയിലുള്ള കെട്ടിടം തകർത്തതിൽ സർക്കാറിന് പങ്കില്ല. തന്നെ സംബന്ധിച്ചോളം കങ്കണ വിഷയം ഇവിടെ അവസാനിച്ചു. അവർക്ക് സ്വസ്ഥമായി മുംബൈയിൽ ജീവിക്കാമെന്നും ശിവസേന എംപി സഞ്ജയ് റാവുത്ത് പറഞ്ഞു. കങ്കണയുമായി തനിക്ക് ഒരു പ്രശ്‌നവുമില്ല. മുംബൈയെ പാക് അധിനിവേശ കശ്മീരിനോട് ഉപമിച്ചതിൽ മാത്രമാണ് താൻ ദേഷ്യം പ്രകടിപ്പിച്ചത്. ബി.എം.സി എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്നതിൽ തനിക്കോ പാർട്ടിക്കോ ഉത്തരവാദിത്തമില്ല. മുംബൈയിൽ താമസിക്കാൻ കങ്കണയെ സ്വാഗതം ചെയ്യുന്നുവെന്നും സഞ്ജയ് പറഞ്ഞു.

ഇതിന് മുമ്പ് കങ്കണക്ക് മുംബൈയിൽ നിന്നും ഒരുതരത്തിലുള്ള ഭീഷണിയും നേരിടേണ്ടിവന്നിട്ടില്ല. മുംബൈ പാക്കിസ്ഥാനെപ്പോലെയാണ് തോന്നുന്നതെങ്കിൽ താരം എന്തിനാണ് ഇവിടെ താമസിച്ചിരുന്നത് എന്ന് മാത്രമേ താൻ പറഞ്ഞിട്ടുള്ളൂ. തന്റെയോ പാർട്ടിയുടെയോ ഭാഗത്തുനിന്ന് ഭീഷണികളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹാരാഷ്ട്രയുടെ അഭിമാനത്തോടെ ആരെങ്കിലും പരിഹസിക്കുകയാണെങ്കിൽ, ജനങ്ങൾ കോപാകുലരാകും. സംസ്ഥാനത്തിന്റെ ചരിത്രം അതാണ്. എന്നാൽ ഇത്തവണ ക്ഷമയോടെ ഇരിക്കാൻ തങ്ങൾ ജനങ്ങളോട് ആഹ്വാനം ചെയ്യുകയാണുണ്ടായത്- സഞ്ജയ് വിശദീകരിച്ചു.

ബി.എം.സിയുടെ പൊളിച്ചുനീക്കൽ നടപടിക്ക് ശേഷവും കങ്കണ ശിവസേനക്കെതിരെ രൂക്ഷ വിമർശനം നടത്തിയിരുന്നു. എംപി സഞ്ജയ് റാവുത്തിനെയും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും വ്യക്തിപരമായി വിമർശിക്കുകയും ചെയ്തിരുന്നു. നിലവിൽ കങ്കണയുടെ ഓഫീസിനും താമസസ്ഥലത്തിനും മുംബൈ പൊലീസ് സുരക്ഷ നൽകിയിട്ടുണ്ട്. മുംബൈയെ പാക് അധിനിവേശ കശ്മീരുമായി ഉപമിക്കുകയും മുംബൈ പൊലീസിനെ നിരന്തരം വിമർശിക്കുകയും ചെയ്തതിനെ തുടർന്ന് പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ നടിക്ക് കേന്ദ്രം വൈ-പ്ലസ് കാറ്റഗറി സുരക്ഷാ നൽകിയിരിരുന്നു.

അതിനിടെ ബോളിവുഡ് താരം മഹാരാഷ്ട്രയിലെ സഖ്യസർക്കാറും തമ്മിലുള്ള പോര് തുടരുന്നതിനിടെ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് ട്വീറ്റുമായി താരം രംഗത്തുവന്നു. സോണിയ കൂടി ഭാഗമായ മഹാരാഷ്ട്ര സർക്കാർ തനിക്കെതിരെ നടത്തുന്ന ആക്രമണങ്ങളിൽ ഒട്ടും വ്യാകുലതയില്ലേയെന്ന് താരം ട്വിറ്ററിലൂടെ ചോദിച്ചു. 'പ്രിയപ്പെട്ട ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റ് സോണിയ ജി, ഒരു സ്ത്രീയെന്ന നിലയിൽ മഹാരാഷ്ട്രയിൽ നിങ്ങളുടെ സർക്കാർ എനിക്ക് നൽകിയ ഉപചാരത്തിൽ നിങ്ങൾ വ്യാകുലപ്പെടുന്നില്ലേ നിങ്ങളുടെ സർക്കാറിനോട് ഡോ. അംബേദ്കർ നമ്മുക്ക് നൽകിയ ഭരണഘടനയുടെ തത്വങ്ങൾ പാലിക്കണമെന്ന് അഭ്യർത്ഥിക്കാതിരുന്നതെന്ത്''- കങ്കണ ട്വീറ്റ് ചെയ്തു.

''പശ്ചാത്യ രാജ്യത്ത് വളർന്നു ഇന്ത്യയിൽ താമസിച്ച നിങ്ങൾക്ക് സ്ത്രീകളുടെ പോരാട്ടങ്ങളെക്കുറിച്ച് അറിവുണ്ടായിരിക്കാം. നിങ്ങളുടെ സ്വന്തം സർക്കാർ സ്ത്രീകളെ ഉപദ്രവിക്കുകയും നിയമത്തെയും ക്രമസമാധാന പാലത്തെയും പരിസഹിക്കുകയും ചെയ്യുമ്പോൾ ചരിത്രം നിങ്ങളുടെ നിശബ്ദതയെയും നിസ്സംഗതയെയും വിലയിരുത്തും''- കങ്കണ ട്വിറ്ററിൽ കുറിച്ചു. കഴിഞ്ഞ ദിവസം ശിവസേനക്കും മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കുമെതിരെ രംഗത്തെത്തിയ കങ്കണ ആശയങ്ങളിൽ വെള്ളംചേർത്ത് ശിവസേന സോണിയ സേനയായി മാറിയെന്ന് പരിഹസിച്ചിരുന്നു. മതെരഞ്ഞെടുപ്പിൽ തോറ്റതിന് പിന്നാലെ ശിവസേന നാണംകെട്ട കോൺഗ്രസുമായി ചേർന്ന് സോണിയാ സേനയി മാറിയെന്നായിരുന്നു കങ്കണയുടെ പരാമർശം.